ADVERTISEMENT

ഇന്ത്യന്‍ നിരത്തുകളില്‍ വൈദ്യുതി കാറുകള്‍ മേല്‍ക്കൈ നേടുമ്പോഴേക്കും വൈദ്യുത കാര്‍ വിപണിയില്‍ തങ്ങളുടെ പങ്കുനേടിയെടുക്കാന്‍ തന്നെയാണ് മാരുതി സുസുക്കിയുടെ തീരുമാനം. 2030 ആകുമ്പോഴേക്കും ആറ് ബാറ്ററി വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. സുസുകി മോട്ടോര്‍ കോര്‍പറേഷന്‍ തയ്യാറാക്കിയ ഭാവി പദ്ധതികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. 

 

എസ്‌യുവികള്‍ക്ക് ശേഷം ഉപഭോക്താക്കളുടേയും വാഹന വിപണിയുടേയും പോക്ക് മനസിലാക്കിക്കൊണ്ട് വൈദ്യുത വാഹനങ്ങളിലേക്കാണ് മാരുതി സുസുക്കി തിരിയുന്നതെന്ന വ്യക്തമായ സൂചനയാണ് കമ്പനി നല്‍കുന്നത്. 2030 വരെയുള്ള ജാപ്പനീസ് കമ്പനിയുടെ പ്രധാന ലക്ഷ്യങ്ങള്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. ആദ്യത്തെ വൈദ്യുതി കാര്‍ 2024 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ നിരത്തിലിറങ്ങും. ഇക്കഴിഞ്ഞ ഓട്ടോ എക്‌സ്‌പോ 2023ല്‍ അവതരിപ്പിച്ച eVX എന്ന ആശയമാണ് കാറായി ഉപഭോക്താക്കള്‍ക്ക് മുന്നിലേക്കെത്തുക. 

 

2030 ഓടെ ഇന്ത്യന്‍ വാഹന വിപണിയില്‍ നാലിലൊന്നും ഹൈബ്രിഡ് വാഹനങ്ങളും 15 ശതമാനം വൈദ്യുത വാഹനങ്ങളും കയ്യടക്കുമെന്നാണ് സുസുക്കി കണക്കുകൂട്ടുന്നത്. അതിനുള്ളില്‍ ആറ് വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കി വിപണി പിടിക്കാനാകുമെന്നാണ് സുസുക്കിയുടെ പ്രതീക്ഷ. ബാറ്ററി വാഹനങ്ങള്‍ക്കൊപ്പം കാര്‍ബണ്‍ ന്യൂട്രല്‍ ഐസിഇ വാഹനങ്ങളും സുസുക്കി പുറത്തിറക്കും. സിഎന്‍ജി, ബയോഗ്യാസ്, എഥനോള്‍ മിശ്രിതം എന്നിവയായിരിക്കും ഈ വാഹനത്തിന്റെ ഇന്ധനങ്ങള്‍. 2050 ആകുമ്പോഴേക്കും യൂറോപിലും ജപ്പാനിലും കാര്‍ബണ്‍ ന്യൂട്രാലിറ്റി നേടാന്‍ വേണ്ട പദ്ധതികളും സുസുക്കി ആവിഷ്‌കരിക്കുന്നുണ്ട്. 

 

വൈദ്യുതി കാര്‍ രംഗത്ത് മുന്‍ നിര കമ്പനികള്‍ വലിയ മോഡലുകള്‍ക്ക് പിന്നാലെ പോവുമ്പോള്‍ സ്വന്തം ശക്തി തിരിച്ചറിഞ്ഞ ചെറിയ ഇവികള്‍ നിരത്തിലിറക്കാനാണ് മാരുതി സുസുക്കിയുടെ പദ്ധതി. കൂടുതല്‍ വാഹനങ്ങള്‍ വിറ്റ് ലാഭം നേടുകയെന്ന തന്ത്രം തന്നെയാവും സുസുക്കി ഇവിയിലും പയറ്റുക. ഇന്ത്യ പോലെയുള്ള വലിയ രാജ്യത്ത് വിപുലമായ തങ്ങളുടെ ഉത്പാദന വിതരണ സര്‍വീസ് സൗകര്യങ്ങളും ഇതിന് മാരുതി സുസുക്കിയെ സഹായിക്കും. മാരുതി സുസുകി കൂടി സജീവമാവുന്നതോടെ ഇന്ത്യന്‍ വൈദ്യുതി കാര്‍ വിപണിയിലെ മത്സരം അതിശക്തമാവുമെന്ന് ഉറപ്പിക്കാം.

 

English Summary: Maruti Suzuki unveils ambitious plan to launch 6 electric Vehicles by 2030

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com