ADVERTISEMENT

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ വാഹന മേഖലയെ സ്വാധീനിക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയത്. പൊതുവില്‍ വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് നയമെന്ന് നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തിനിടെ സൂചനകള്‍ നല്‍കിയിട്ടുണ്ട്. നാഷണല്‍ ഹൈഡ്രജന്‍ മിഷനും വിവിധ നികുതി നിര്‍ദേശങ്ങളും സ്‌ക്രാപ്പേജ് പോളിസിയുമെല്ലാം വാഹന വിപണിയെ നേരിട്ട് സ്വാധീനിക്കാന്‍ ശേഷിയുള്ള പ്രഖ്യാപനങ്ങളാണ്. 

 

വൈദ്യുതി വാഹനങ്ങള്‍

 

വൈദ്യുതി വാഹനങ്ങളുടെ പ്രധാന ഭാഗമായ ലിഥിയം അയണ്‍ ബാറ്ററികളുടെ നിര്‍മാണത്തിനായി ഇറക്കുമതി ചെയ്യുന്ന വസ്തുക്കളെ നികുതിയില്‍ നിന്നും ഒഴിവാക്കുകയെന്ന നിര്‍ണായക തീരുമാനം ബജറ്റിലുണ്ട്. ഇത് ഇന്ത്യയിലെ വൈദ്യുത വാഹനങ്ങളുടെ വിലയില്‍ പൊതുവേ കുറവു വരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന വൈദ്യുത വാഹനങ്ങള്‍ക്ക് മാത്രമേ ഈ ഇളവിന്റെ ആനുകൂല്യം ലഭിക്കൂ. ലിഥിയം ബാറ്ററി സെല്ലുകള്‍ക്കുള്ള പൊതുവായ നികുതിയിളവ് ഒരു വര്‍ഷത്തേക്ക് കൂടി തുടരുമെന്ന ബജറ്റിലെ പ്രഖ്യാപനവും വൈദ്യുതി വാഹന വിപണിക്ക് കരുത്ത് കൂട്ടുന്നതാണ്. 

 

നാഷണല്‍ ഹൈഡ്രജന്‍ മിഷന്‍

 

നാഷണല്‍ ഹൈഡ്രജന്‍ മിഷനായി 19,700 കോടി രൂപയാണ് ബജറ്റില്‍ നിര്‍മല സീതാരാമന്‍ വകയിരുത്തിയിരിക്കുന്നത്. 2030 ആകുമ്പോഴേക്കും 50 ലക്ഷം മെട്രിക് ടണ്ണായി ഉത്പാദനം വര്‍ധിപ്പിക്കുകയെന്നതാണ് ലക്ഷ്യം. 2070 ആകുമ്പോഴേക്കും കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാക്കുകയെന്ന ദീര്‍ഘകാല ലക്ഷ്യവും കേന്ദ്രമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ഹൈഡ്രജന്‍ ഇന്ധനമായുള്ള ഗതാഗതത്തിന് ഈ തീരുമാനം ഗുണമാകും. 

 

നികുതി നിര്‍ദേശങ്ങള്‍

 

ഇറക്കുമതി ചെയ്യുന്ന ആഡംബര കാറുകള്‍ക്കും വൈദ്യുത വാഹനങ്ങളുടേയും വില വര്‍ധിക്കും. ഇവയുടെ ഇറക്കുമതി ചുങ്കം 60 ശതമാനത്തില്‍ നിന്നും 70 ശതമാനമായാണ് ഉയര്‍ത്തിയത്. ഇത് ആഡംബര കാര്‍ വിപണിക്ക് തിരിച്ചടിയായേക്കും. ആദായ നികുതി പരിധി അഞ്ച് ലക്ഷത്തില്‍ നിന്നും ഏഴ് ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഈ തീരുമാനം വഴി ശമ്പളക്കാരായ ഒരു വിഭാഗത്തിന്റെ കൈവശം കൂടുതല്‍ പണം കൈകാര്യം ചെയ്യാന്‍ ലഭിക്കുമെന്നും ഇത് സ്വകാര്യ വാഹനങ്ങളുടെ വില്‍പനയെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് കരുതപ്പെടുന്നത്. 

 

വാഹനം പൊളിക്കല്‍ നയം

 

2021-22 ബജറ്റില്‍ പ്രഖ്യാപിച്ച പഴകിയ വാഹനങ്ങള്‍ പൊളിക്കുന്ന നയത്തിന് പ്രാധാന്യം നല്‍കുന്ന സൂചനകളുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കാനും പുതിയ വാഹനങ്ങള്‍ വാങ്ങാനും ബജറ്റില്‍ പണം വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള പഴകിയ വാഹനങ്ങളും ആംബുലന്‍സുകളും പൊളിക്കാനും പുതിയത് വാങ്ങാനും സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേന്ദ്ര ഗതാഗത മന്ത്രി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലെ ഒമ്പത് ലക്ഷത്തിലേറെ വാഹനങ്ങള്‍ പിന്‍വലിക്കുമെന്ന് അറിയിച്ചത്.

 

English Summary: Union Budget 2023 Highlights: Focus On Green Mobility, EVs & Common Man

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com