ADVERTISEMENT

വായു നിറച്ച ടയർ കണ്ടുപിടിക്കാൻ കാരണമായത് യാത്രാസുഖത്തിനു വേണ്ടിയായിരുന്നു. പിന്നീട് വാഹനങ്ങളുടെ പ്രവർത്തനത്തിലെ നിർണായക ഘടകമായി ടയറുകൾ. വിവിധയിനം ടയറുകളെക്കുറിച്ചൊക്കെ നാം കേട്ടിട്ടുണ്ട്. കാറോട്ട മത്സര ആരാധകർക്ക് ഏറെ കൗതുകമുള്ള ഒന്നാണ് ടയറുകൾ. സാധാരണ ടയറുകളിലേതുപോലെ ഗ്രിപ്പുകൾ ഇല്ലാത്ത വലുപ്പമേറിയ ടയറുകളിലാണ് മത്സരത്തിനിടെ പലപ്പോഴും കണ്ണുടക്കുന്നത്. ഫോർമുല വണ്‍ കാറോട്ട മത്സരങ്ങൾ ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവർക്ക് തോന്നിയിട്ടുള്ള ചോദ്യമാകും ഗ്രാൻ–പ്രീ മത്സരങ്ങൾക്കു ശേഷം എഫ്1 ടയറുകൾ എന്തു ചെയ്യുമെന്നുള്ളത്. കൗതുകം നിറഞ്ഞ ആ ഭാഗം ഒന്നു നോക്കാം. 

 

 the_guitar_mann | iStock
the_guitar_mann | iStock

എഫ്–1 ടയറുകളെക്കുറിച്ച് പറയുമ്പോൾ ആദ്യം പിരെലി എന്ന ടയർ നിർമാതാക്കളെ കുറിച്ച് പറയണം. ആദ്യ ലോക ചാംപ്യൻഷിപ് മത്സരം മുതൽ പിരെലി എന്ന നിർമാതാക്കൾ ഫോർമുല–വൺ മത്സരങ്ങളുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് 2011ൽ കമ്പനി ലോക ചാംപ്യൻഷിപ്പിന്റെ എക്സ്ക്ലൂസിവ് ടയർ പാർട്നറായി മാറി. നിലവിലെ കരാറുകൾ പ്രകാരം 2024 വരെ ഔദ്യോഗിക ടയർ സപ്ലയർ എന്ന നില തുടരുമെന്നാണ് വാർത്തകൾ. ഓരോ മത്സരങ്ങളിലെ ടീം/കൺസ്ട്രക്ടർക്കും പിരെലി 13 സെറ്റ് ഡ്രൈ ടയറുകൾ നൽകുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

AlessioDeMarco | Shutterstock
AlessioDeMarco | Shutterstock

 

ഓരോ മത്സരങ്ങൾക്ക് ശേഷവും ഈ ടയറുകൾ തിരികെ പിരെലിയുടെ അടുക്കലേക്ക് തന്നെയാണ് എത്തുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പിരെലി നടപ്പിലാക്കുന്ന ഗ്രീൻ ടെക്നോളജിയുടെ ഭാഗമായി ടയറുകൾ പാരിസ്ഥിതികമായി വിനിയോഗിക്കപ്പെടുന്നു അഥവാ അവ പുനഃരുപയോഗത്തിനായി മാറ്റപ്പെടുന്നു എന്നതാണ് വാസ്തവം. മത്സരങ്ങൾക്ക് ശേഷം തിരികെ എത്തുന്ന ടയറുകൾ തകരാറും തേയ്മാനവും പരിശോധിക്കും. തുടർന്ന് ശേഷി പഠനവിധേയമാക്കുന്നതിന്റെ ഭാഗമായി റീഡിങ്ങുകൾ ചിത്രമെടുത്തും എഴുതിയും മാറ്റും. പിന്നീട് പ്രത്യേത മിശ്രിതത്തിൽ കഴുകി വൃത്തിയാക്കി അവ പിരെലിക്ക് തിരികെ കൈമാറും. കമ്പനിയിൽ ചെറിയ കഷണങ്ങളായി മുറിച്ച ടയറുകളുടെ ഭാഗങ്ങൾ മറ്റു ടയറുകളുടെ അവശിഷ്ടങ്ങളുമായി ചേർത്ത് ഓക്സ്ഫോഡ്ഷെയറിലെ സിമന്റ് കമ്പനിയിലേക്കാണ് അയയ്ക്കുന്നത്. 

 

അവിടെ സിമന്റ് നിർമാണത്തിന് ആവശ്യമായ തീവ്ര ഊഷ്മാവിനുള്ള ഇന്ധനമായാണ് പിന്നീട് ഈ അവശിഷ്ടങ്ങൾ ഉപയോഗിക്കുക. ഇതിനു ശേഷം മിച്ചമാകുന്നത് കാർബൺ അവശിഷ്ടങ്ങൾ മാത്രമാകും. ഇവ പ്രകൃതിക്ക് ദോഷമാകാത്ത രീതിയിലാണ് നശിപ്പിക്കുന്നത്. 

 

വാൽകഷണം– ഒരു എഫ്–1 വാഹനത്തിന്റെ റിമ്മിൽ ഘടിപ്പിച്ചാൽ ടയർ ഉപയോഗിച്ചതായാണ് കണക്കാക്കുന്നത്. റിമ്മുകളിൽ നിന്നു നീക്കം ചെയ്യാൻ ശ്രമിക്കുന്നത് ടയറുകൾക്ക് കേടുപാടുണ്ടാക്കും എന്നതിനാൽ ഒരിക്കൽ ഘടിപ്പിച്ച ടയർ, ഇനി അത് ഉപയോഗിച്ചില്ലെങ്കിൽ പോലും അത് മത്സരത്തിന് പുനഃരുപയോഗിക്കില്ല. 

 

English Summary: What happens to F1 tyres after a Grand Prix race weekend?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com