ADVERTISEMENT

ഇന്ത്യന്‍ കാര്‍ പ്രേമികളുടെ മനസറിഞ്ഞ പോലെയാണ് കാര്‍ നിര്‍മാതാക്കളും. ഏതാണ്ട് എല്ലാ വിഭാഗങ്ങളിലും എസ്‌യുവികളെ അവതരിപ്പിക്കുകയാണ് പ്രമുഖ കാര്‍ നിര്‍മാതാക്കള്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ വാഹന വിപണിയില്‍ ആരംഭിച്ച ഈ എസ്‌യുവി ഭ്രമം കൂടിക്കൊണ്ടിരിക്കുകയാണെന്ന് വരും ദിവസങ്ങളില്‍ പുറത്തിറങ്ങാനിരിക്കുന്ന വാഹനങ്ങളും തെളിയിക്കുന്നു. നിങ്ങളൊരു എസ്‌യുവി പ്രേമിയാണെങ്കില്‍ അടുത്ത മൂന്നു മാസങ്ങളില്‍ പുറത്തിറങ്ങാനിരിക്കുന്ന അഞ്ച് പ്രധാന എസ്‌യുവികളെക്കുറിച്ചാണ് ഇനി പറയുന്നത്. 

maruti-suzuki-fronx-3

 

മാരുതി സുസുകി ഫ്രോങ്‌സ്

tata-harrier

 

രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുകിയാണ് വരും ദിവസങ്ങളില്‍ എസ്‌യുവിയുമായി എത്തുന്ന പ്രധാന കമ്പനികളിലൊന്ന്. ഫ്രോങ്‌സ് ക്രോസ് ഓവറാണ് മാരുതി സുസുകിയുടെ ഉത്പന്നം. മാര്‍ച്ച് പകുതിയോടെ ഫ്രോങ്‌സ് ഇന്ത്യയില്‍ അവതരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2023 ഓട്ടോ എക്‌സ്‌പോയിലാണ് കമ്പനി ഫ്രോങ്‌സ് എന്ന ക്രോസ്ഓവര്‍ എസ്‌യുവിയെ ആദ്മായി അവതരിപ്പിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് ബലേനോയുടെ പ്ലാറ്റ്‌ഫോമില്‍ ഗ്രാന്‍ഡ് വിറ്റാറയുടെ സ്റ്റൈലന്‍ രൂപമായിട്ടാണ് ഫ്രോങ്‌സിന്റെ വരവ്. രണ്ടു പെട്രോള്‍ എൻജിനുകളിലായി സിഗ്മ, ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ്, സീറ്റ, ആല്‍ഫ എന്നിങ്ങനെ അഞ്ച് വകഭേദങ്ങളില്‍ ഫ്രോങ്‌സ് പുറത്തിറങ്ങും. 

tata-safari

 

ടാറ്റ ഹാരിയര്‍ അഡാസ്

citroen-c3-ev

 

ഓട്ടോ എക്‌സ്‌പോ 2023ലാണ് ടാറ്റ മോട്ടോഴ്‌സും ഹാരിയറിന്റെ പുതിയ മോഡല്‍ അവതരിപ്പിച്ചത്. ഏറെക്കാലമായി കാത്തിരിക്കുന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം അഥവാ ADAS ഫീച്ചര്‍ ഈ എസ്‌യുവിയില്‍ ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിക്കും. മാര്‍ച്ചില്‍ തന്നെയാണ് ഹാരിയര്‍ അഡാസും പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്. ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്, ഫ്രണ്ട് കൊളീഷന്‍ ഡിറ്റക്ഷന്‍, ലൈന്‍ അസിസ്റ്റ് എന്നു തുടങ്ങി ട്രാഫിക് സൈന്‍ റെക്കഗ്നിഷന്‍ വരെ അഡാസിന്റെ ഭാഗമായുള്ള സൗകര്യങ്ങളിലുണ്ടാവും. ആറ് എയര്‍ബാഗുകളും ഹാരിയറിന്റെ പുതിയ മോഡലിലെ യാത്രികരുടെ ജീവന്‍ രക്ഷിക്കാനായി ഉണ്ടാവും. 

Jimny
Jimny

 

ടാറ്റ സഫാരി അഡാസ്

 

ഹാരിയറിനൊപ്പം ഓട്ടോ എക്‌സ്‌പോ 2023ല്‍ ടാറ്റ അവതരിപ്പിച്ച മറ്റൊരു മോഡലാണ് ടാറ്റ സഫാരി അഡാസ്. മാര്‍ച്ചില്‍ തന്നെയാണ് ടാറ്റ സഫാരിയും പുറത്തിറങ്ങുക. ADAS ഫീച്ചറുമായെത്തുന്ന പുത്തന്‍ എസ്‌യുവിയുടെ ചുവപ്പും കറുപ്പിലുമുള്ള നിറവും ആകര്‍ഷണീയമാണ്. ഹാരിയറിനും സഫാരിക്കും 10.25 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും 360 ഡിഗ്രി ക്യാമറകളും ഉണ്ടായിരിക്കും. 

 

സിട്രോണ്‍ ഇസി3

 

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണാണ് അടുത്ത എസ്‌യുവിയുമായി ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത്. 25,000 രൂപക്ക് ഇസി3യുടെ ബുക്കിങ് ജനുവരി 25 മുതല്‍ ആരംഭിച്ചിട്ടുണ്ട്. ഈ മാസം തന്നെ സിട്രോണ്‍ ഇസി3 അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടച്ച്‌സ്‌ക്രീന്‍, 4 സ്പീക്കര്‍ സ്റ്റീരിയോ സിസ്റ്റം, ഹൈറ്റ് അഡ്ജസ്റ്റ്‌മെന്റ് ഡ്രൈവര്‍ സീറ്റ് എന്നിവയും സിട്രോണ്‍ ഇസി3യിലുണ്ടാവും. 29.2 കിലോവാട്ടിന്റെ ബാറ്ററി പാക്കുമായാണ് സിട്രോണ്‍ സി3യുടെ വൈദ്യുതി മോഡലിന്റെ വരവ്. മണിക്കൂറില്‍ പരമാവധി 107 കിലോമീറ്റര്‍ വേഗമുള്ള ഈ മോഡലിന് പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 6.8 സെക്കൻഡ് മതിയാകും. ഒറ്റ ചാര്‍ജില്‍ 320 കിലോമീറ്റര്‍ സഞ്ചരിക്കാനാവുമെന്നാണ് കമ്പനി നല്‍കുന്ന വാഗ്ദാനം. 

 

മാരുതി സുസുകി ജിംനി

 

കാത്തു കാത്തിരുന്ന മാരുതി സുസുകിയുടെ ജിംനിയാണ് എസ്‌യുവികളുടെ പട്ടികയില്‍ അവസാനത്തേത്. മെയ് 24ന് ഔദ്യോഗികമായി കമ്പനി 5 ഡോര്‍ ജിംനിയെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓട്ടോ എക്‌സ്‌പോ 2023ല്‍ അവതരിപ്പിച്ച ജിംനിക്ക് വലിയ തോതില്‍ തരംഗമുണ്ടാക്കാന്‍ സാധിച്ചിരുന്നു. ഇതുവരെ ഈ എസ്‌യുവിക്ക് 25000ത്തിലേറെ ബുക്കിങുകള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതി സുസുകി ഇന്ത്യയില്‍ ലാഡര്‍ ഓണ്‍ ഫ്രയിമില്‍ പുറത്തിറക്കുന്ന ഏക എസ്‌യുവിയാണിത്. 

 

ഓഫ് റോഡിങിന് പറ്റിയ തരത്തിലാണ് ജിംനിയെ മാരുതി രൂപകല്‍പന ചെയ്തിരിക്കുന്നത്. 2H, 4H, 4L ലോ റേഞ്ച് ട്രാന്‍സ്ഫര്‍ ഗിയര്‍ എന്നി ഉള്‍പ്പെടുന്ന ഓള്‍ഗ്രിപ്പ് പ്രോ സിസ്റ്റം ജിംനിയിലുണ്ട്. കൂടിയ ആല്‍ഫ വേരിയന്റില്‍ ടച്ച് സ്‌ക്രീന്‍ പോലുള്ള സൗകര്യങ്ങളുണ്ട്. 6 എയര്‍ബാഗുകളും ബ്രേക്ക് ലിമിറ്റഡ് സ്ലിപ് ഡിഫറന്‍ഷ്യല്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റുള്ള ഇഎസ്പി, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, റിയര്‍വ്യു ക്യാമറ എന്നിങ്ങനെ നിരവധി സുരക്ഷാ സൗകര്യങ്ങളും ജിംനിയിലുണ്ട്.

 

English Summary: 5 new SUVs launching in the next 3 Months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com