ഓട്ടമൊബീൽ രംഗം ഉയിർത്തെഴുന്നേറ്റ വർഷമാണ് 2022. എന്നാൽ, ഒരുപിടി മോഡലുകളുടെ അവസാന വർഷം കൂടിയായിരുന്നു അത്. ജനമനസ്സിൽ ഇടം നേടിയ ഒരു ഡസൻ മോഡലുകൾ കഴിഞ്ഞ വർഷം വിപണിയോടു ബൈ ബൈ പറഞ്ഞു. പലതും സൂപ്പർ ഹിറ്റ് ആയവ. മാറുന്ന സാങ്കേതികവിദ്യയും പുതിയ മോഡലുകളുമായി മത്സരം കൂടിയതുമാണ് പലതും പിൻവലിക്കാൻ കാരണം. രാജ്യത്തെ മലിനീകരണ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയതുമൂലം പഴയ മോഡലുകൾ ഒഴിവാക്കാൻ നിർമാതാക്കൾ നിർബന്ധിതരായി.

ഡാറ്റ്സൺ ഗോ, ഗോ +, റെഡിഗോ
ചെറിയ കാർ കുറഞ്ഞ വിലയ്ക്ക് എന്ന ആകർഷക പരസ്യവാചകവുമായി വിപണിയിലെത്തിയ മോഡലുകളായിരുന്നു ഡാറ്റ്സൺ ഗോ, ഗോ +, റെഡി–ഗോ എന്നിവ. ഇതോടൊപ്പം ഡാറ്റ്സൺ എന്ന ബ്രാൻഡ് തന്നെ ഇന്ത്യൻ വിപണിയിൽ ഇല്ലാതെയായി. ഇവിടെ മാത്രമല്ല ലോകത്തൊട്ടാകെ ഡാറ്റ്സൺ എന്ന ബ്രാൻഡ് ഉണ്ടാകില്ല. ചെറുകാർ നിരയിൽ തുടക്കത്തിൽ നല്ല വിൽപന ഉണ്ടായിരുന്നെങ്കിലും പിന്നീട് പിറകോട്ടുപോയി. 2021 ൽ വെറും 4296 മോഡലുകളേ വിൽക്കാൻ കഴിഞ്ഞുള്ളൂ. 2014 ൽ ആണ് ഡാറ്റ്സൺ വിപണിയിലെത്തുന്നത്.

ഹ്യുണ്ടെയ് സാൻട്രോ
ഹ്യുണ്ടെയ് നിരയിലെ ടോൾബോയ് എന്ന വിശേഷണവുമായി വന്ന മോഡൽ. 1998 ൽ പുറത്തിറക്കിയ യഥാർഥ സാൻട്രോ, ഇന്ത്യയിൽ ഹ്യുണ്ടെയുടെ ഗെയിം ചേഞ്ചറായിരുന്നു. 20 വർഷത്തിനു ശേഷം വീണ്ടും വിപണിയിലെത്തി. പഴയ മോഡലിന്റെ പേരു മാത്രമേ രണ്ടാം ഘട്ടത്തിൽ കൂട്ടുണ്ടായിരുന്നുള്ളൂ. തുടക്കത്തിൽ മികച്ച വിൽപന ഉണ്ടായിരുന്നെങ്കിലും ഉയർന്ന വില കാരണം എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്‌മെന്റിലെ എതിരാളികളുമായി പൊരുത്തപ്പെടാൻ സാൻട്രോയ്ക്ക് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ രണ്ടാം തലമുറ മോഡലിന് വിപണിയുടെ ഹൃദയം കീഴടക്കാനായില്ല. സാൻട്രോയുടെ ഉയർന്ന വേരിയന്റുകൾക്ക് ഗ്രാൻഡ് i10-നെക്കാൾ വില കൂടുതലായിരുന്നു. ബിഎസ് 6 നിയമങ്ങൾ കർക്കശമാക്കിയതോടെ സാൻട്രോയുടെ നിർമാണം നഷ്ടത്തിലായതിനാൽ ഉൽപാദനം പൂർണമായും നിർത്തി.

ഹ്യുണ്ടെയ് ഗ്രാൻഡ് ഐ10 നിയോസ്/ ഓറ ഡീസൽ
ഡീസൽ എൻജിന്റെ മികവുകൊണ്ടു ശ്രദ്ധിക്കപ്പെട്ട മോഡലുകളായിരുന്നു ഗ്രാൻഡ് i10 നിയോസും ഓറയും. സെഗ്‌മെന്റുകളിലെ ഏറ്റവും കാര്യക്ഷമമായതും മികച്ച മൈലേജ് നൽകുന്നതുമായ എൻജിനുകളായിരുന്നു രണ്ടിനും. ആളുകളുടെ ചോയ്സ് ഡീസലിൽനിന്നു പെട്രോളിലേക്കു മാറിയതും വിൽപന കുറഞ്ഞതും ബിഎസ് 6 മലിനീകരണ മാനദണ്ഡങ്ങൾ കർക്കശമായതും ഡീസൽ എൻജിൻ പിൻവലിക്കാൻ കാരണമായി. രണ്ട് മോഡലുകളിലും പെട്രോൾ, ടർബോ-പെട്രോൾ, സിഎൻജി വേരിയന്റുകൾ ലഭ്യമാണ്.
ഹ്യുണ്ടെയ് എലാൻട്ര
ഹ്യുണ്ടെയുടെ പ്രീമിയം എക്‌സിക്യൂട്ടീവ് സെഡാൻ എലാൻട്രയും ഇനി നിരത്തിലില്ല. ഹ്യുണ്ടെയ് നിരയിലെ ഏറ്റവും വലിയ സെഡാൻ. 2019 ൽ ആണ് അവസാനമായി അപ്‌ഡേഷൻ ചെയ്തത്. എലാൻട്ര പോകുന്ന
തോടെ ആ സെഗ്‌മെന്റ്തന്നെ ഇല്ലാതായി. പകരം പുതിയ ജനറേഷൻ വെർണ ആ സ്ഥാനം പിടിക്കും. എലാൻട്രയുടെ വലുപ്പവും ഉൾക്കൊള്ളാൻ വെർണ പര്യാപ്തമാകുമെന്നാണ് ഹ്യുണ്ടെയ് പറയുന്നത്. അതുകൊണ്ടുതന്നെ എലാൻട്ര തിരികെ കൊണ്ടുവരാൻ സാധ്യതയില്ല.
മഹീന്ദ്ര ആൾടുറാസ് ജി4
നിശ്ശബ്ദനായാണ് ആൾടുറാസ് ജി വിടപറഞ്ഞത്. വിപണിയിലെത്തി നാലു വർഷത്തിനുശേഷമാണ് ആൾടുറാസ് പിൻവലിക്കുന്നത്. മഹീന്ദ്ര വെബ്‌സൈറ്റിൽനിന്ന് ആൾടുറാസ് എസ്‌യുവി നീക്കം ചെയ്തതോടെയാണ് എല്ലാവരും അറിഞ്ഞതുപോലും. പുതിയ അപ്‌ഡേറ്റുകൾ ഇല്ലാതിരുന്നത് ആൾടുറാസിനെ വിപണിയിൽ പുറകോട്ടടിപ്പിച്ചു. പുതിയ കാർ വാങ്ങുന്നവരെ ആകർഷിക്കുന്നതിൽ പരാജയമായി എന്നാണ് മഹീന്ദ്ര വിലയിരുത്തുന്നത്. മഹീന്ദ്ര ഈയിടെ സാങ്‌യോങ് ബ്രാൻഡ് വിറ്റതിനാൽ, സികെഡി (completely knocked down) കിറ്റുകളുടെ അഭാവവും എസ്‌യുവിയുടെ ഉൽപാദനം നിർത്തുന്നതിനു കാരണമായി. മാത്രമല്ല, വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങൾക്കനുസരിച്ച് എൻജിനിൽ മാറ്റം വരുത്തുന്നത് ചെലവേറിയതായിരിക്കും.

മാരുതി സുസുക്കി എസ്–ക്രോസ്
2015 ൽ അവതരിപ്പിച്ച മാരുതിയുടെ ഹിറ്റ് എസ്‌യുവി. നെക്സ എന്ന ഡീലർഷിപ്പിനു തുടക്കമിട്ട മോഡൽ. ഇതുവരെ 1.69 ലക്ഷം യൂണിറ്റുകൾ വിറ്റു. കുതിച്ചുയരുന്ന ഇടത്തരം എസ്‌യുവി സെഗ്‌മെന്റിൽ, റെനോ ഡസ്റ്ററിനും ഹ്യുണ്ടെയ് ക്രേറ്റയ്ക്കും എതിരാളിയായി. തുടക്കത്തിൽ, 89hp 1.3-ലീറ്റർ, 117hp 1.6-ലീറ്റർ എന്നിങ്ങനെ രണ്ടു ഡീസൽ എൻജിനുകളുണ്ടായിരുന്നു. 2020 ൽ, മാരുതി സുസുക്കി ഡീസൽ എൻജിനുകൾ നിർത്തലാക്കിയതോടെ 1.5 ലീറ്റർ പെട്രോൾ വേരിയന്റ് മാത്രമായി. പുതിയ ഗ്രാൻഡ് വിറ്റാരയ്ക്ക് വഴിയൊരുക്കുന്നതിനായി ഇന്ത്യയിലെ എസ് ക്രോസ് മാരുതി പിൻവലിച്ചു.

റെനോ ഡസ്റ്റർ
നിരത്തു കീഴടക്കിയ മോഡലാണ് ഡസ്റ്റർ. റെനോ എന്ന ഫ്രഞ്ച് ബ്രാൻഡിനെ ജനപ്രിയമാക്കിയതും ഡസ്റ്ററാണ്. 2012 ൽ ഇന്ത്യയിൽ അവതരിപ്പിച്ചു. ഉൽപാദനത്തിന്റെ ആദ്യ വർഷത്തിൽ ഏകദേശം 40,000 യൂണിറ്റുകൾ വിറ്റു. ഇന്ത്യയിലെ മോണോകോക്ക് മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിന് തുടക്കമിട്ട എസ്‌യുവി കൂടിയായിരുന്നു ഡസ്റ്റർ. 1.6 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകളിൽ ആദ്യം പുറത്തിറക്കി. പിന്നീട് ഡീസൽ നിർത്തലാക്കിയപ്പോൾ 1.5 ലീറ്റർ പെട്രോളും 1.3 ലീറ്റർ ടർബോ-പെട്രോൾ എൻജിനും ഡസ്റ്ററിനു ലഭിച്ചു. എസ്‌യുവി പ്രേമികൾക്കിടയിൽ ജനപ്രിയമായ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ഡസ്റ്ററിനുണ്ടായിരുന്നു. എന്നാൽ, വളരെ കുറച്ച് അപ്‌ഡേറ്റുകൾ മാത്രമേ ഇതിനുണ്ടായിരുന്നുള്ളൂ. എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കാലഹരണപ്പെട്ടുപോയി.
സ്കോഡ റാപിഡ്
സ്കോഡയുടെ പെർഫോമൻസ് സെഡാനായിരുന്നു റാപിഡ്. സ്ലാവിയയുടെ വരവോടെ റാപിഡ് വിസ്മൃതിയിലായി. വിപണിയിലെത്തി 10 വർഷത്തിനുശേഷമാണ് റാപിഡ് പിൻവലിക്കപ്പെടുന്നത്. 2011 ൽ ഹോണ്ട സിറ്റി, മാരുതി സിയാസ്, ഹ്യുണ്ടെയ് വെർണ, ഫോക്സ്‌വാഗൻ വെന്റൊ നിരയിലേക്കാണ് റാപിഡ് എത്തിയത്. ആദ്യമുണ്ടായിരുന്ന 1.6 ലീറ്റർ പെട്രോൾ, ഡീസൽ വേരിയന്റുകൾ ജനപ്രിയമായിരുന്നു. ബിഎസ്6 മാനദണ്ഡങ്ങൾ നടപ്പാക്കിയപ്പോൾ ഡീസൽ മോഡൽ പിൻവലിച്ചിരുന്നു. 2020 ൽ 1.0 ലീറ്റർ ടിഎസ്ഐ പെട്രോൾ എൻജിൻ അവതരിപ്പിച്ചു.
ടൊയോട്ട അർബൻ ക്രൂസർ
വിറ്റാര ബ്രെസ്സയുടെ അപരനാണ് അർബൻ ക്രൂസർ. ബ്രെസ്സയുടെ റീബാഡ്ജ് ചെയ്ത പതിപ്പ്. വെറും രണ്ടു വർഷക്കാലം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. പ്രതിമാസം ശരാശരി 2,200 യൂണിറ്റ് വിൽപനയേ ഉണ്ടായിരുന്നുള്ളൂ. പുതിയ ബ്രെസ്സയെക്കാൾ പ്രീമിയം ഫീച്ചറുകൾ ടൊയോട്ടയിൽനിന്നു പ്രതീക്ഷിക്കുന്നതും അങ്ങനെയായാൽ വില വർധിപ്പിക്കേണ്ടി വരുമെന്നതും അർബൻ ക്രൂസറിനെ പ്രതികൂലമായി ബാധിച്ചു. കൂടാതെ, അർബൻ ക്രൂസർ ഹൈറൈഡറിന്റെ വരവും പ്രധാന കാരണമായി.
ഫോക്സ്‌വാഗൻ പോളോ
പ്രീമിയം ഹാച്ചുകളിലെ ഹോട്ട് മോഡലായിരുന്നു പോളോ. ഒരു വ്യാഴവട്ടക്കാലം നിരത്തുകളിൽ സജീവമായിരുന്ന മോഡൽ. ഇതിനകം 2.5 ദശലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. ഫോക്സ്‌വാഗനിന്റെ ഏറ്റവും ജനപ്രിയ മോഡൽ കൂടിയായിരുന്നു പോളോ. ഡിസൈനിലും സാങ്കേതികവിദ്യയിലും പലതവണ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൂടാതെ മികച്ച പെർഫോമൻസുള്ള പോളോ ജിടിഐയും ലഭ്യമായിരുന്നു. വിൽപനയിൽ കുറവ് വന്നതോടെ പോളോയും വിടപറഞ്ഞു. വലിയ പദ്ധതികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഫോക്സ്‌വാഗൻ പോളോ നിർത്തിയത് .
English Summary: Cars, SUVs discontinued in 2022