2023 ആരംഭിച്ച് മൂന്നാം മാസത്തിലേക്കെത്തിയപ്പോഴേക്കും മുഖം മിനുക്കിയെത്തിയ ഹോണ്ട സിറ്റി അടക്കമുള്ള കാറുകള്‍ വിപണിയിലേക്കെത്തിക്കഴിഞ്ഞു. ഈ മാര്‍ച്ചില്‍ അടക്കം നിരവധി മോഡല്‍ കാറുകള്‍ പുറത്തിറങ്ങാനിരിക്കുകയാണ്. പുത്തന്‍ വെര്‍ന, ഇന്നോവ ക്രിസ്റ്റ ഡീസല്‍, ബ്രെസ സി.എന്‍.ജി, ഫ്രോങ്ക്‌സ് എന്നിങ്ങനെ നിരവധി മോഡലുകള്‍ വിപണിയിലേക്കുള്ള വരിയിലാണ്.

ഹ്യുണ്ടെയ് വെര്‍ന
മാര്‍ച്ച് 21നാണ് പുത്തന്‍ വെര്‍നയെ രാജ്യാന്തര തലത്തില്‍ പുറത്തിറക്കുകയെന്ന് ഹ്യുണ്ടെയ് അറിയിച്ചിട്ടുണ്ട്. 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിനുള്ള വാഹനത്തിന് 115 എച്ച്പി കരുത്തുണ്ട്. പുതിയ വെര്‍ന മോഡലില്‍ ഡീസല്‍ എൻജിന്‍ ലഭ്യമായിരിക്കില്ല. വെര്‍നയുടെ ബുക്കിങ്ങ് ഹ്യുണ്ടെയ് ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 21ന് തന്നെ വാഹനത്തിന്റെ വിലയും പുറത്തുവിടും.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഡീസല്‍
ഇടവേളക്കു ശേഷം വീണ്ടും ടൊയോട്ട തങ്ങളുടെ ഇന്നോവ ക്രിസ്റ്റയുടെ ഡീസല്‍ മോഡല്‍ അവതരിപ്പിക്കുകയാണ്. നേരത്തെ 2.7 ലീറ്റര്‍ പെട്രോള്‍ എൻജിന്‍ മാത്രമാണ് ഇന്നോവ ക്രിസ്റ്റയില്‍ ലഭ്യമായിരുന്നതെങ്കില്‍ ഇനിയത് 2.4 ലീറ്റര്‍ ഡീസല്‍ എൻജിന്‍ മാത്രമായി മാറും. മുന്നിലെ ബംപറിലും ഗ്രില്ലിലും ഫോഗ് ലാംപിലുമെല്ലാം പുതിയ മോഡലില്‍ മാറ്റങ്ങളുണ്ടാകും.

ലെക്‌സസ് ആര്‍എക്‌സ് എസ്‌യുവി
അഞ്ചാം തലമുറയിലെ ആര്‍എക്‌സ് എസ്‌യുവിയെ ലെക്‌സസ് 2023 ഓട്ടോ എക്‌സ്‌പോയിലാണ് അവതരിപ്പിച്ചത്. ഇത് വരും ദിവസങ്ങളില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആര്‍എക്‌സ് 350 എച്ച് ലക്ഷ്വറി, ആര്‍എക്‌സ് 500എച്ച് എഫ് സ്‌പോര്‍ട്ട് പെര്‍ഫോമെന്‍സ് എന്നിങ്ങനെ രണ്ടു രൂപത്തിലായിരിക്കും വാഹനം ഉപഭോക്താക്കളിലേക്കെത്തുക. ഉപഭോക്താക്കള്‍ക്ക് 2.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിനോ 2.4 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിനോ തെരഞ്ഞെടുക്കാം. ആദ്യ എൻജിനില്‍ സിവിടിയാണെങ്കില്‍ രണ്ടാം എൻജിനില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാണ് ലഭ്യമാവുക.

മാരുതി സുസുകി ബ്രെസ സിഎന്‍ജി
ഇന്ത്യയിലെ ആദ്യത്തെ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുള്ള സിഎന്‍ജി വാഹനം എന്ന പെരുമയോടെയാണ് ബ്രെസ സിഎന്‍ജി പുറത്തിറങ്ങുന്നത്. എര്‍ട്ടിഗയിലും എക്‌സ്എല്‍ 6ലുമുള്ള 1.5 ലീറ്റര്‍ കെ15സി ഡ്യുല്‍ ജെറ്റ് എൻജിനായിരിക്കും വാഹനത്തിലുണ്ടാവുക. പെട്രോള്‍ ഇന്ധനമാവുമ്പോള്‍ 100 എച്ച്പി കരുത്തും 136 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഈ എൻജിന്. സിഎന്‍ജിയിലേക്ക് മാറുമ്പോള്‍ ഈ കണക്കുകള്‍ യഥാക്രമം 88 എച്ച്പിയും 121.5 എൻഎം ആയി മാറും. എര്‍ട്ടിഗക്കും എക്‌സ്എല്‍ 6നും 5സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണെങ്കില്‍ ബ്രെസ്സക്ക് 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണുണ്ടാവുക.

മാരുതി സുസുകി ഫ്രോങ്ക്‌സ്
ബലേനോ ബേസ്ഡ് ഫ്രോങ്ക്‌സ് എസ്‌യുവി കൂപ്പെയാണ് മാരുതിയുടെ ഏറ്റവും പുതിയ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍. 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എൻജിന്‍ ഓപ്ഷനുകളാണ് ഫ്രോങ്ക്‌സിനുണ്ടാവുക. ടര്‍ബോ പെട്രോള്‍ എൻജിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സോ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സോ ആണ് ലഭ്യമാവുക. പെട്രോള്‍ എൻജിനില്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സുമാണുണ്ടാവുക. സിട്രോണ്‍ സി 3, ടാറ്റ പഞ്ച്, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍ എന്നിവയാണ് ഫ്രോങ്ക്‌സിന്റെ വിപണിയിലെ എതിരാളികള്‍.
English Summary: New Cars And SUV Launching in The Coming Month