ക്രിക്കറ്റ് കളിയെക്കുറിച്ചാണെങ്കിലും അല്ലെങ്കിലും തന്റേതായ വ്യത്യസ്തമായ അഭിപ്രായം ഉള്ളയാളാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോണി. മറ്റാരും കാണാത്ത രീതിയില്‍ കാര്യങ്ങളെ കാണുന്ന ധോണിയുടെ മിടുക്കു തന്നെയാണ് അദ്ദേഹത്തെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരിലൊരാളാക്കി മാറ്റിയതും. വൈദ്യുത വാഹനങ്ങളെക്കുറിച്ച് ഒരു വേദിയില്‍ വെച്ച് ധോണി പറഞ്ഞ അഭിപ്രായവും വ്യത്യസ്തവും ശ്രദ്ധേയവുമാണ്.
സ്വന്തം ഗരിജില്‍ സൂപ്പര്‍ബൈക്കുകള്‍ നിറച്ചുകൊണ്ട് വാഹനങ്ങളോടുള്ള ഇഷ്ടം പ്രഖ്യാപിച്ചിട്ടുള്ളയാളാണ് ധോണി. അദ്ദേഹത്തിന്റെ വിന്റേജ് കാറുകള്‍ അടങ്ങുന്ന വാഹന ശേഖരവും വിപുലമാണ്. എല്ലാവരും മാലിന്യം പുറത്തുവിടാത്ത വൈദ്യുതി വാഹനങ്ങളെക്കുറിച്ച് പറയുമ്പോള്‍ വ്യത്യസ്തമായാണ് ധോണി വൈദ്യുത വാഹനങ്ങളെ കാണുന്നത്. സമൂഹമാധ്യമങ്ങളിൽ ധോണിയുടെ അഭിപ്രായ പ്രകടനം വൈറലാണ്.
വൈദ്യുത വാഹനങ്ങളാണ് വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണത്തിനുള്ള പരിഹാരമെന്ന് ലോകം പറയുമ്പോള്‍ അങ്ങനെയല്ലെന്നാണ് ധോണി പറയുന്നത്. ഒറ്റനോട്ടത്തില്‍ ആരുടേയും നെറ്റി ചുളിക്കുന്നതാണ് ധോണിയുടെ പരാമര്‍ശങ്ങള്‍. ആശയക്കുഴപ്പമുണ്ടാക്കിയേക്കാം എന്നതുകൊണ്ടുതന്നെ തന്റെ നിലപാട് കൂടുതല്‍ വിശദീകരിക്കുന്നുണ്ട് ധോണി.
'വൈദ്യുത വാഹനങ്ങളല്ല പരിഹാരം. എങ്ങനെയാണ് വൈദ്യുതി നിര്‍മിക്കപ്പെടുന്നത് എന്നതാണ് പരിഹാരം. താപ വൈദ്യുതി നിലയത്തില്‍ നിന്നും നിര്‍മിക്കുന്ന വൈദ്യുതിയാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ആ വൈദ്യുതി ഹരിത ഇന്ധനമാണെന്ന് പറയാനാവില്ല. വൈദ്യുതി നിര്‍മിക്കുന്നത് കൂടുതല്‍ പരിസ്ഥിതിക്ക് അനുയോജ്യമായ രീതികളിലൂടെയാവുകയെന്നതും പ്രധാനമാണ്. എങ്കില്‍ മാത്രമേ സുസ്ഥിര വികസനം സാധ്യമാവൂ' എന്നാണ് എം.എസ് വിശദീകരിക്കുന്നത്.
പെട്രോളിയം വാഹനങ്ങളില്‍ നിന്നും പുക പുറത്തേക്ക് വരുന്നതു പോലെ വൈദ്യുത വാഹനങ്ങളില്‍ നിന്നും ഉണ്ടാവാറില്ല. അതുകൊണ്ടുതന്നെ ഒറ്റ നോട്ടത്തില്‍ വൈദ്യുത വാഹനങ്ങള്‍ മാലിന്യമില്ലാത്തവയാണ് എന്ന ചിന്തയെയാണ് ധോണി തിരുത്തുന്നത്. നേരത്തെയും പല വിദഗ്ധരും സമാനമായ നിലപാടുകള്‍ പങ്കുവെച്ചിട്ടുണ്ട്. വാഹനം വൈദ്യുതിയാണോ എന്നതു മാത്രമല്ല വൈദ്യുതി പ്രകൃതിക്ക് യോജിച്ച രീതിയിലാണോ നിര്‍മിക്കപ്പെടുന്നത് എന്നു കൂടി ചിന്തിക്കണമെന്ന് ഓര്‍മിപ്പിക്കുകയാണ് ധോണി.
English Summary: MS Dhoni Explains EVs Are Not The Solution