ADVERTISEMENT

വൈദ്യുതി ഇന്ധനമാക്കിക്കൊണ്ട് തിരകള്‍ക്ക് മുകളിലൂടെ 'പറന്നു നീങ്ങുന്ന' ആഡംബര ബോട്ട് അവതരിപ്പിച്ച് സ്വീഡിഷ് ബോട്ട് നിര്‍മാതാക്കളായ കാന്‍ഡെല. വേഗതയും ആഡംബരവും സൗകര്യങ്ങളുമെല്ലാം ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ബോട്ടിന് സി8 എന്നാണ് പേരിട്ടിരിക്കുന്നത്. ബോട്ടിനെ പൂര്‍ണമായും വെള്ളത്തിന് മുകളില്‍ നിര്‍ത്തുന്ന ഹൈഡ്രോഫോയിലുകളാണ് ഇവ സഞ്ചരിക്കുമ്പോള്‍ പറക്കുന്നുവെന്ന തോന്നലുണ്ടാക്കുന്നത്. 

 

candela-c-8-1

2019 സി 7 എന്ന പേരില്‍ കാന്‍ഡെല ആദ്യ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ടുകള്‍ നിര്‍മിച്ചിരുന്നു. പിന്നീട് വര്‍ഷങ്ങളെടുത്താണ് കാന്‍ഡെലയുടെ സംഘം ആധുനിക സൗകര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സി 8 നിര്‍മിച്ചിരിക്കുന്നത്. 55 കിലോവാട്ട് ഡയറക്ട് ഡ്രൈവ് ഇലക്ട്രിക് മോട്ടോറില്‍ പ്രവര്‍ത്തിക്കുന്ന സി 8ന് ആദ്യത്തെ രണ്ടായിരം മണിക്കൂറുകള്‍ അറ്റകുറ്റപണികളുടെ ആവശ്യം പോലുമുണ്ടാവില്ലെന്നാണ് കാന്‍ഡെല അറിയിക്കുന്നത്. 

 

എട്ടര മീറ്റര്‍ നീളവും രണ്ടര മീറ്റര്‍ വീതിയുമുള്ള സി 8ന് 30 നോട്‌സാണ്(മണിക്കൂറില്‍ 55 കിലോമീറ്റര്‍) പരമാവധി വേഗം. 20 നോട്‌സ് വേഗത്തില്‍ രണ്ട് മണിക്കൂര്‍ സഞ്ചരിക്കാനും സി 8ന് സാധിക്കും. പരമാവധി വേഗത്തിൽ 104 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ ബോട്ടിന് സാധിക്കും. പൂര്‍ണമായും കാര്‍ബണ്‍ ഫൈബറിലാണ് ബോട്ടിന്റെ പുറംഭാഗം നിര്‍മിച്ചിരിക്കുന്നത്. 

 

വെള്ളത്തില്‍ മുന്നോട്ടു പോവുമ്പോഴുണ്ടാവുന്ന ഘര്‍ഷണം മൂലമുണ്ടാവുന്ന പിന്നോട്ടു വലിയല്‍ 80 ശതമാനം വരെ കുറക്കാന്‍ ബോട്ടിന്റെ ഹൈഡ്രോഫോയില്‍ രൂപകല്‍പനക്ക് സാധിക്കും. വെള്ളത്തിലൂടെ നിശബ്ദമായി സഞ്ചരിക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും. വെള്ളത്തിന്റെ ഉപരിതലത്തില്‍ നിന്നും എത്ര ഉയരത്തില്‍ ബോട്ട് സഞ്ചരിക്കണമെന്ന് തീരുമാനിക്കാനും തിരകള്‍ക്കും ബോട്ടിലെ ഭാരത്തിനും കാറ്റിനും അനുസരിച്ച് സെന്‍സറുകളുടെ സഹായത്തില്‍ ഹൈഡ്രോഫോയില്‍സില്‍ വേണ്ട മാറ്റം വരുത്താനും സി 8ന് സാധിക്കും. 

 

ഡേ ക്രൂസര്‍, ഹാര്‍ഡ്‌ടോപ്, ടി ടോപ് എന്നിങ്ങനെ മൂന്നു വേരിയന്റുകളാണ് കാന്‍ഡെല സി 8നുണ്ടാവുക. മൂന്നു മോഡലുകളിലും എട്ടു പേര്‍ക്ക് സുഖമായി സഞ്ചരിക്കാന്‍ സാധിക്കുന്ന വലിപ്പമുള്ള കോക്പിറ്റ് ഉണ്ടായിരിക്കും. രണ്ട് മുതിര്‍ന്നവര്‍ക്കും രണ്ട് കുട്ടികള്‍ക്കും കിടക്കാനുള്ള സൗകര്യവും മുന്നിലെ കാബിനിലുണ്ടാവും. 

 

3.90 ലക്ഷം ഡോളറാണ് (ഏതാണ്ട് 3.20 കോടി രൂപ) കാന്‍ഡെല സി 8ന്റെ വില. സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ആസ്‌ട്രേലിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ന്യൂസീലാന്‍ഡ്, ഹംഗറി, സ്‌പെയിന്‍, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്ക് കാന്‍ഡെല സി 8 ടെസ്റ്റ് ഡ്രൈവ് ചെയ്യാനും അവസരമുണ്ടാവും. വലിയ തോതില്‍ ആവശ്യക്കാര്‍ രംഗത്തുള്ളതിനാല്‍ ബുക്കു ചെയ്ത സി 8കള്‍ വിതരണം ചെയ്യാന്‍ അടുത്തവര്‍ഷം പകുതി വരെയാവുമെന്നാണ് ഇപ്പോള്‍ കാന്‍ഡെല അറിയിക്കുന്നത്.

 

English Summary: An electric ‘flying’ boat that combines luxury with sustainability is now in production

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com