ADVERTISEMENT

കൊച്ചി ∙ ടോൾ പ്ലാസയിലെ ഏതെങ്കിലും ലെയിനിൽ വാഹനങ്ങളുടെ ക്യൂ 100 മീറ്ററിലേറെയായാൽ ആ ലെയിനിലെ വാഹനങ്ങൾ ടോൾ വാങ്ങാതെ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതു കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. തൃശൂരിലെ പാലിയേക്കര ടോൾ പ്ലാസയിൽ തിരക്കേറിയ സമയങ്ങളിൽ ഗതാഗത തടസ്സവും വാഹനങ്ങളുടെ ക്യൂ നീക്കം ചെയ്യാനെടുക്കുന്ന താമസവും ചൂണ്ടിക്കാട്ടിയ അപ്പീലിലാണു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. 

 

ടോൾ പ്ലാസകളിലെ സർവീസ് ടൈം സംബന്ധിച്ച് ഉൾപ്പെടെ 2021 മേയ് 24നു ദേശീയപാത അതോറിറ്റി ഇറക്കിയ പോളിസി സർക്കുലറിലെ മാർഗനിർദേശങ്ങൾ നടപ്പാക്കാൻ നിർദേശം നൽകണമെന്നു പാലക്കാട് സ്വദേശി നിതിൻ രാമകൃഷ്ണൻ നൽകിയ അപ്പീലിൽ ആവശ്യപ്പെട്ടിരുന്നു. തടസ്സമില്ലാതെയും താമസമില്ലാതെയും ടോൾ പ്ലാസയിലൂടെ വാഹനങ്ങൾ എങ്ങനെ കടത്തിവിടാമെന്നതിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം അറിയിക്കുമെന്നു കേന്ദ്ര സർക്കാർ അഭിഭാഷകൻ അറിയിച്ചു.

 

ഏറ്റവും തിരക്കുള്ള സമയങ്ങളിൽപോലും ടോൾ പ്ലാസകളിലെ സർവീസ് സമയം 10 സെക്കൻഡിൽ കൂടുതൽ എടുക്കാതിരിക്കാൻ ടോൾ ബൂത്തുകളുടെയും ലെയിനുകളുടെയും എണ്ണം ഉറപ്പാക്കണമെന്നു ദേശീയ പാത അതോറിറ്റിയുടെ സർക്കുലറിലുണ്ട്. ക്യൂ 100 മീറ്ററിലേറെ ആയാൽ ടോൾ ഇല്ലാതെ വാഹനങ്ങൾ കടത്തിവിടണം. 100 മീറ്ററിനുള്ളിൽ ക്യൂ എത്തുന്നതുവരെ ഇത് ചെയ്യണം. ഇതിനായി എല്ലാ ടോൾ ലെയിനിലും ടോൾ ബൂത്തിൽനിന്ന് 100 മീറ്റർ അകലെ മഞ്ഞ വര അടയാളപ്പെടുത്തണം. വ്യവസ്ഥകൾ നന്നായി കാണത്തക്ക രീതിയിൽ പ്രദർശിപ്പിക്കണം.

 

English Summary:  No toll fee if the queue extends beyond 100 Metres

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com