ആദ്യ ഇലക്ട്രിക് സ്കൂട്ടറിന്റെ പദ്ധതികൾ അവസാനഘട്ടത്തിലാണെന്ന് ഹോണ്ട 2 വീലേഴ്സ്. ഇന്ത്യയ്ക്കു വേണ്ടിയുള്ള ആദ്യ ഇലക്ട്രിക് സ്കൂട്ടറിന്റെ വിവരങ്ങൾ മാർച്ച് 29ന് പുറത്തുവിടുമെന്നാണ് അധികൃതർ അറിയിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ 100 സിസി പുതിയ കമ്മ്യൂട്ടർ ബൈക്ക് ഷൈനിന്റെ അവതരണത്തിനിടെ മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയവേയാണ് പുതിയ സ്കൂട്ടറിനെക്കുറിച്ചു സൂചനകൾ പുറത്തു വന്നത്.
ഇന്ത്യയ്ക്കായുള്ള ആദ്യ ഇലക്ട്രിക് സ്കൂട്ടറിനുവേണ്ടിയുള്ള പഠനങ്ങളും പദ്ധതി ആവിഷ്കരണങ്ങളും ആരംഭിച്ചിട്ട് ഏറെ നാളുകളായി എങ്കിലും വാഹനത്തിന്റെ സാങ്കേതിക വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. എന്നാൽ ഹോണ്ട നൽകിയ പേറ്റന്റുകളെ അടിസ്ഥാനപ്പെടുത്തി പരിശോധിച്ചതിൽ നിന്നു ആക്ടീവയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇ–സ്കൂട്ടറാണ് പുറത്തിറങ്ങാനിരിക്കുന്നതെന്ന ശക്തമായ സൂചനയാണ് ലഭിക്കുന്നത്.
വിപണിയിലെത്തുന്നതിനു മുൻപ് ഒരു പ്രോട്ടോടൈപ് മോഡൽ പുറത്തിറക്കാനുള്ള സൂചനകളും കാണാം. ആദ്യ ഇലക്ട്രിക് മോഡലിൽ ഫിക്സഡ് ബാറ്ററി പായ്ക്ക് എന്ന നിലയിലായിരിക്കും രൂപപ്പെടുത്തുന്നത്. പുനഃരുപയോഗിക്കാനാകുന്ന ബാറ്ററികൾ ഉൾപ്പെടെ ബാറ്ററി സ്വാപ്പിങ് നെറ്റ്‌വർക്കുമായി സഹകരിക്കുന്ന വിധത്തിലായിരിക്കും ഹോണ്ടയുടെ ഭാവിയെന്ന വിധത്തിലാണ് സൂചനകൾ.
മറ്റു പല വിപണികളിലും പിസിഎക്സ് ഇലക്ട്രിക് സ്കൂട്ടറുകൾ നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലെല്ലാം നീക്കം ചെയ്യാനാകുന്ന വിധത്തിലുള്ള മൊബൈൽ പവർ പാക്കുകളാണ് ഉപയോഗിക്കുന്നത്. ഇവിടെ ഹോണ്ട പവർ പാക്ക് എനർജി എന്ന പേരിൽ കമ്പനി പുതിയൊരു വിഭാഗം കൂടി ആരംഭിചിട്ടുണ്ട്. ബാറ്ററി സ്വാപ്പിങ് നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനുമാണ് ഈ കമ്പനിയുടെ പദ്ധതികൾ.
English Summary: Honda’s Upcoming Electric Scooter More Details On March 29th