ADVERTISEMENT

ടെസ്‌ല വെറുമൊരു വൈദ്യുത കാറല്ല. കൂടുതല്‍ അടുപ്പം തോന്നിപ്പിക്കുന്ന നിരവധി ഫീച്ചറുകള്‍ ഉടമകള്‍ക്കായി ടെസ്‌ലയില്‍ ഒരുക്കിയിട്ടുണ്ട്. കരോക്കെ മോഡും ഡോഗ് മോഡും മുതല്‍ ചൊവ്വയില്‍ കാറോടിക്കുന്ന അനുഭവം നല്‍കുന്ന ഫീച്ചര്‍ വരെ ടെസ്‌ലയിലുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ ഉടമകള്‍ പോലും അറിയാതെ പോകാന്‍ സാധ്യതയുള്ളത്രയും വിപുലമാണ് ടെസ്‌ലയിലെ ഇത്തരം അസാധാരണ സൗകര്യങ്ങള്‍. സാധാരണ കാറുകളില്‍ ഇല്ലാത്ത ടെസ്‌ലയുടെ സ്വന്തം 9 ഫീച്ചറുകള്‍ പരിചയപ്പെടാം.

Tesla-Model03

 

1. ഓട്ടോപൈലറ്റ്  

 

tesla-model

ടെസ്‌ലയുടെ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചതും വിവാദമായതുമായ ഫീച്ചറാണ് ഓട്ടോ പൈലറ്റ്. എല്ലാ പുതിയ ടെസ്‌ല മോഡലുകളിലും ഡ്രൈവറുടെ സഹായമില്ലാതെ വാഹനം ഓടിക്കാനാവും. കാറില്‍ നിന്നു ഇറങ്ങിയ ശേഷം പാര്‍ക്കു ചെയ്യാനോ പാര്‍ക്കു ചെയ്തിരിക്കുന്ന കാര്‍ തിരിച്ചു കൊണ്ടുവരാനോ ഒക്കെ ഈ സംവിധാനം കൊണ്ട് സാധിക്കും.

 

ഓട്ടോ പൈലറ്റില്‍ ഇട്ടുകൊണ്ട് ഡ്രൈവര്‍മാര്‍ ഉറങ്ങി പോവുന്നതും വാഹനം അപകടത്തില്‍ പെടുന്നതുമായ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ചുറ്റുമുള്ള കാഴ്ചകള്‍ നല്‍കുന്ന ക്യാമറകളും മറ്റു സെന്‍സറുകളുമൊക്കെയാണ് ടെസ്‌ലയുടെ സങ്കീര്‍ണമായ ഓട്ടോപൈലറ്റ് സംവിധാനത്തെ സാധ്യമാക്കുന്നത്.

Tesla Model Y
Tesla Model Y

 

2. അതിവേഗത്തിന് ലൂഡിക്രസ് പ്ലസ് മോഡ്

 

സ്പീഡ് പോരെന്ന് തോന്നിയാല്‍ നിങ്ങള്‍ക്ക് ലൂഡിക്രസ് പ്ലസ് മോഡ് ഓണാക്കാം. ഇതോടെ ടെസ്‌ലയുടെ ശൗര്യം പതിന്മടങ്ങാവും. വെറും 2.4 സെക്കൻഡിൽ  60 മൈല്‍(96.56 കിലോമീറ്റര്‍) വേഗത്തിലേക്കെത്താന്‍ കഴിയുന്ന കാറായി ടെസ്‌ല മാറും. ഒറ്റയടിക്ക് 60 ശതമാനമാണ് ടോര്‍ക്കില്‍ വര്‍ധനവുണ്ടാവുക. ഈ മോഡിലേക്കെത്തിയാല്‍ ബാറ്ററി അതിവേഗം ചൂടാവുമെന്നതു മാത്രമാണ് കുറവ്.

Photo Credit : Tesla Model 3 / Official Site
Photo Credit : Tesla Model 3 / Official Site

 

3. ഡോഗ് മോഡ്

 

വളര്‍ത്തു മൃഗങ്ങളെ വാഹനങ്ങളില്‍ പാര്‍ക്കിങ്ങിൽ വച്ചു പോകുന്നത് പലപ്പോഴും ദുരന്തങ്ങളില്‍ കലാശിക്കാറുണ്ട്. ടെസ്‌ലയില്‍ അങ്ങനെയൊന്ന് സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് ഡോഗ് മോഡ്. അരുമ മൃഗങ്ങളെ വച്ച് പോകുമ്പോള്‍ ഡോഗ് മോഡ് ഓണാക്കിയാല്‍ അനുയോജ്യമായ താപനില കാറിനുള്ളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്താനാവും. ഇതിന് പുറമേ കാറിനുള്ളിലെ ക്യാമറ വഴി എവിടെ നിന്നു നിങ്ങള്‍ക്ക് വളര്‍ത്തു മൃഗങ്ങളെ നിരീക്ഷിക്കാനും സാധിക്കും.     

 

4. കാബിന്‍ ചൂടാകാതെ സംരക്ഷണം

 

ടെസ്‌ലയുടെ മറ്റൊരു സേഫ്റ്റി ഫീച്ചറാണിത്. കാബിന്‍ അമിതമായി ചൂടാകുന്നത് തടയാന്‍ ഇതുവഴി സാധിക്കും. കാറിന്റെ ഇന്റീരിയറിന് ചൂടു കൂടിയതുകൊണ്ടുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഈ സൗകര്യത്തിനാവും. നിശ്ചിത താപനിലയേക്കാളും കൂടുതല്‍ കാറിനുള്ളിലായാല്‍ ഈ ഫീച്ചര്‍ താനേ പ്രവര്‍ത്തിച്ചു തുടങ്ങും. 

 

5. സെന്‍ട്രി മോഡ്  

 

ഈ മോഡ് ഓണാക്കിയാല്‍ എന്തെങ്കിലും സംശയകരമായ പ്രവര്‍ത്തികള്‍ കാറിന് സമീപം നടക്കുന്നുണ്ടെങ്കില്‍ അത് നിരീക്ഷിക്കാനും റെക്കോർഡ് ചെയ്യാനും സാധിക്കും. എന്തെങ്കിലും പ്രശ്‌നം തോന്നിയാല്‍ ഹെഡ്‌ലൈറ്റ് കത്താനും അലാം അടിക്കാനും തുടങ്ങും. നിങ്ങളെ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന സന്ദേശം കാറിന്റെ ടച്ച് സ്‌ക്രീനില്‍ തെളിഞ്ഞു വരികയും ചെയ്യും. കാറുടമയുടെ ഫോണിലേക്ക് ആപ്ലിക്കേഷന്‍ വഴി നോട്ടിഫിക്കേഷനും ദൃശ്യങ്ങളും ലഭിക്കുകയും ചെയ്യും.

 

6. നെറ്റ്ഫ്‌ളിക്‌സ്, ടിവി സ്ട്രീമിങ്, ഗെയിം...

 

ഇന്‍ഫോടെയിന്‍മെന്റിന്റെ കാര്യത്തില്‍ ഒരു പടി മുന്നിലാണ് ടെസ്‌ല. തുടര്‍ച്ചയായി ആപ്പുകള്‍ അപ്‌ഡേറ്റു ചെയ്യപ്പെടുകയും ചെയ്യും. കാര്‍ പാര്‍ക്ക് ചെയ്തിരിക്കുമ്പോഴോ വിരസമായ ബ്ലോക്കില്‍ പെട്ടിരിക്കുമ്പോഴോ ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുമ്പോഴോ സമയം കൊല്ലാന്‍ വേണ്ടതെല്ലാം ടെസ്‌ലയിലുണ്ട്. 

 

7. കരോക്കെ 

 

കൂട്ടുകാര്‍ക്കോ കുടുംബക്കാര്‍ക്കോ ഒപ്പമുള്ള യാത്രക്കിടെ പാട്ടു പാടാന്‍ തോന്നിയാല്‍ കരോക്കെ നല്‍കും ടെസ്‌ലയിലെ കരോക്കെ ഫീച്ചര്‍. പാട്ടുകളുടെ വരികള്‍ യാത്രക്കാര്‍ക്ക് മാത്രമാണ് കാണാനാകുക. ഡ്രൈവര്‍ക്ക് വേണ്ട വിവരങ്ങള്‍ അപ്പോള്‍ കാണാനാകുകയും ചെയ്യും.

 

8. മൂന്നു താക്കോലുകള്‍ 

 

മൂന്നു രീതിയില്‍ ടെസ്‌ല കാര്‍ നിങ്ങള്‍ക്ക് തുറക്കാനാകും. ഫോണ്‍ കീ, കീ കാര്‍ഡ്, കീ എന്നിവയാണത്. ഫോണിന്റെ ബ്ലൂടൂത്ത് ഉപയോഗിച്ചാണ് ഫോണ്‍ കീയില്‍ കാര്‍ തുറക്കാനാകുക. നിങ്ങള്‍ ബ്ലൂടൂത്ത് പരിധിക്കും അപ്പുറത്തേക്ക് പോയാല്‍ കാര്‍ താനേ ലോക്കാവുകയും ചെയ്യും. എടിഎം കാര്‍ഡു രൂപത്തില്‍ പേഴ്‌സില്‍ സൂക്ഷിക്കാവുന്ന കാര്‍ഡാണ് കീ കാര്‍ഡ്. ടെസ്‌ലയിലെ കാര്‍ഡ് റീഡറില്‍ സ്വൈപ്പ് ചെയ്താണ് കാര്‍ തുറക്കുക. ടെസ്‌ലയുടെ ചെറുരൂപമാണ് കീ ഫോബ്. ഇതില്‍ മൂന്നു ബട്ടണുകളാണുള്ളത്.

 

9. ചൊവ്വയിലെത്താം

 

ചൊവ്വയിൽ കാറോടിക്കുന്ന അനുഭവം നല്‍കാനും ടെസ്‌ലക്ക് സാധിക്കും. സാധാരണ ജി.പി.എസ് ഒറ്റ ക്ലിക്കില്‍ ചൊവ്വയിലെ പ്രതലത്തില്‍ ഓടുന്നതിന് സമാനമായ രീതിയിലേക്ക് മാറും. നിങ്ങളുടെ വാഹനം ചൊവ്വയിലോടുന്ന പേടകത്തിന്റെ രൂപത്തിലേക്ക് മാറും. അപ്പോഴും ഫലത്തില്‍ ജി.പി.എസിലെ വിവരങ്ങള്‍ തന്നെയാവും നമ്മുടെ മുന്നിലേക്കെത്തുക. സ്‌ക്രീനിലെ കാഴ്ചകള്‍ മാത്രമാണ് മാറുക.

 

English Summary: Top 5 Craziest Hidden Features of The Tesla OS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com