ADVERTISEMENT

എസ്‌യുവികളായ ഇന്നോവ ഹൈക്രോസും ഹൈറൈഡറും അടുത്തിടെയാണ് ടൊയോട്ട ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. അടുത്ത രണ്ടു മൂന്നു വര്‍ഷങ്ങളില്‍ ഇന്ത്യയിലെ എസ്‌യുവി വിഭാഗം വിപുലപ്പെടുത്താന്‍ തന്നെയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ തീരുമാനം. ഈ വര്‍ഷം തന്നെ മാരുതി സുസുക്കി ഫ്രോങ്ക്‌സിനെ അടിസ്ഥാനമാക്കിയുള്ള എസ്‌യുവി കൂപ്പെ ടൊയോട്ട പുറത്തിറക്കും. 2025ല്‍ പുറത്തിറങ്ങാനിരിക്കുന്ന അടിമുടി മാറിയ പുതുതലമുറ ഫോര്‍ച്യൂണറാണ് എസ്‌യുവി പട്ടികയില്‍ മറ്റൊരു പ്രധാന താരം. 

ഇന്ത്യന്‍ വിപണിക്കുവേണ്ടി മൂന്നു നിര സീറ്റുകളുള്ള പുതിയൊരു എസ്‌യുവി ടൊയോട്ട നിര്‍മിക്കുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യാന്തര വിപണിയിലെ കൊറോള ക്രോസിനെ അടിസ്ഥാനപ്പെടുത്തി ടിഎന്‍ജിഎ-സി പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ എസ്‌യുവി നിര്‍മിക്കുക. ഇന്നോവ ഹൈക്രോസിന്റെ പ്ലാറ്റ്‌ഫോമാണിത്. ഇന്ത്യയില്‍ കൊറോള ക്രോസിന്റെ മത്സരം ഹ്യുണ്ടേയ് അൽകസര്‍, മഹീന്ദ്ര എക്‌സ്‌യുവി 700, ജീപ്പ് മെറിഡിയന്‍ എന്നിവരോടെല്ലാമാണ്. 

കൊറോള ക്രോസ് 5 സീറ്റര്‍(2,640 എം.എം) മോഡലിനേക്കാള്‍ വലിയ വീല്‍ ബേസാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിനുള്ളത്(2,850 എം.എം). കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കാന്‍ ഏതാണ്ട് 150 എം.എം വീല്‍ബേസില്‍ വര്‍ധന വരുത്തുകയാണ് ടൊയോട്ട ചെയ്തത്. പുതിയ മൂന്നു നിര സീറ്റ് എസ്‌യുവിക്കും ഹൈക്രോസിന് സമാനമായ എൻജിനായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹൈക്രോസിന് 172 ബിഎച്ച്പി, 2.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എൻജിനും ടൊയോട്ടയുടെ ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 186 ബിഎച്ച്പി, 2.0 ലീറ്റര്‍ പെട്രോള്‍ എൻജിനുമാണുള്ളത്. 

രൂപകല്‍പനയിലും കാബിനിലും എൻജിന്‍ ഓപ്ഷനുകളിലുമെല്ലാം മാറ്റങ്ങളോടെയാണ് പുതുതലമുറ ഫോര്‍ച്യൂണര്‍ 2024ല്‍ അന്താരാഷ്ട്ര വിപണിയില്‍ പുറത്തിറങ്ങുക. ലാന്‍ഡ് ക്രൂസര്‍ എസ്‌യുവികളുടെ ടിഎന്‍ജിഎ-എഫ് പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ ഫോര്‍ച്യൂണറും പുറത്തിറങ്ങുക. 2,850 എം.എം മുതല്‍ 4,180 എം.എം വരെയുള്ള വീല്‍ ബേസുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന പ്ലാറ്റ്‌ഫോമാണ് ടൊയോട്ട ന്യു ഗ്ലോബല്‍ ആര്‍കിടെക്ചര്‍. ഡീസല്‍ എൻജിന്‍ ഓപ്ഷനോടെയായിരിക്കും പുതിയ ഫോര്‍ച്യൂണര്‍ വില്‍പനക്കെത്തുക. 

എ15 എന്ന കോഡ് നെയിമില്‍ ടൊയോട്ട പുറത്തിറക്കുന്ന എസ്‌യുവി കൂപ്പെയാണ് ഫ്രോങ്ക്‌സ് ക്രോസ്ഓവറിനെ അടിസ്ഥാനമാക്കുക. യാരിസ് ക്രോസിന്റെ സവിശേഷതകളില്‍ പലതും ഈ വാഹനത്തിനുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. 100bhp, 1.0 ലീറ്റര്‍ 3 സിലിണ്ടര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ, 89 എച്ച്പി, 1.2 ലീറ്റര്‍ ഡ്യുവല്‍ജെറ്റ് 4 സിലിണ്ടര്‍ പെട്രോള്‍ എൻജിൻ എന്നിങ്ങനെ രണ്ട് എൻജിന്‍ ഓപ്ഷനുകള്‍ ഈ മോഡലിനുണ്ടാവും. സുസുകിയുടെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഈ വാഹനത്തില്‍ ടൊയോട്ട പ്രയോജനപ്പെടുത്തും. 

English Summary: Toyota to launch 3 new SUVs in India, including next-gen Fortuner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com