വാഹനപ്രേമികള്‍ ഏറെ നാളുകളായി കാത്തിരുന്ന സുസുക്കി ജിംനിയുടെ വിപണി പ്രവേശം അടുത്തിരിക്കുകയാണ്. എന്നാല്‍ സുസുക്കിയുടെ വമ്പന്‍ വിപണിയിലെത്തുന്നതിനു മുൻപേ പുതിയ മത്സരത്തിനു കളം ഒരുക്കിയിരിക്കുകയാണ് മഹീന്ദ്ര. ഥാര്‍ 4x4 പുതിയ വിലക്കുറവുള്ള വകഭേദം ഉടന്‍ വിപണിയിലെത്തുമെന്നാണ് കമ്പനി നല്‍കുന്ന സൂചന. നിലവില്‍ ഥാര്‍ ശ്രേണിയില്‍ ഏറ്റവും വിലക്കുറവുള്ളത് 4x2 വകഭേദമാണ്. ഈ മോഡലിനെ അണിയിച്ചൊരുക്കിയത് 4x4 വകഭേദം ഉള്‍പ്പെടെയുള്ള ജിംനിക്ക് വെല്ലുവിളിയാകാനാണ് എന്നായിരുന്നു അണിയറ സംസാരം.
വിലക്കുറവുള്ള ഫോര്‍ വീല്‍ ഡ്രൈവ് ഥാറിന് വന്‍ സ്വീകാര്യത ലഭിക്കുമെന്ന തോന്നലില്‍ നിന്നാണ് പുതിയ വകഭേദം പിറവിയെടുക്കുന്നത് എന്നു വേണം കരുതാന്‍. വിലക്കുറവും 4x4 സംവിധാനവുമുള്ള ഥാര്‍ വലുപ്പത്തിലും റോഡിലെ മികവുകളിലും ഏറെ മുന്നിലാണെന്ന് തെളിയിച്ചിട്ടുമുണ്ട്. ഇതിനാല്‍ തന്നെ വിലക്കുറവുള്ള മോഡലിന് മികച്ച സ്വീകാര്യത ലഭിക്കുമെന്ന് വേണം കരുതാന്‍.
2.2 ലീറ്റര്‍ ഡീസലും 2.0 ലീറ്റര്‍ പെട്രോളും എന്‍ജിന്‍ സന്നാഹങ്ങളോടെയുള്ള പുതിയ താരോദയമാണ് അണിയറയിലുള്ളതെന്നാണ് സൂചന. മോഡല്‍ വിപണിയിലെത്തുന്നതിനെക്കുറിച്ച് ഉറപ്പൊന്നും ലഭിച്ചിട്ടില്ലെങ്കിലും എഎക്‌സ് എസി എന്ന പേരിലായിരിക്കും പുതിയ വകഭേദം വിപണിയിലെത്തുക. വില കുറയ്ക്കാനുള്ള എല്ലാ പ്രക്രിയകളും പൂര്‍ത്തിയാക്കിയാകും ഈ വാഹനം വിപണിയിലെത്തുക. അതിനാല്‍ തന്നെ ആഡംബരങ്ങളില്‍ വലിയ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ലൈഫ്‌സ്റ്റൈല്‍ ഓഫ്‌റോഡര്‍ എന്ന ടാഗില്‍ മാരുതി സുസുക്കിയുടെ വാഹനം എത്തുന്നതില്‍ മഹീന്ദ്രയ്ക്ക് തെല്ലു ഭയമുണ്ടെന്നു കരുതുന്നതിലും തെറ്റുണ്ടാകില്ല. കുറഞ്ഞ വിലയും വലുപ്പക്കുറവിന്റെ ആകര്‍ഷണീയതയുമെല്ലാം ജിംനിയുടെ പ്ലസ് പോയന്റുകളാണ്. നഷ്ടമാകാന്‍ സാധ്യതയുള്ള മാര്‍ക്കറ്റ് ഷെയര്‍ പരമാവധി കുറയ്ക്കാനാണ് മഹീന്ദ്ര പുതിയ വകഭേദത്തിലൂടെ ശ്രമിക്കുന്നത്.
അടിസ്ഥാന രൂപത്തില്‍ കുറഞ്ഞ ഥാര്‍ വകഭേദത്തിനും മാറ്റങ്ങളൊന്നും പ്രതീക്ഷിക്കാനില്ല. പുതിയ എന്‍ജിന്‍ ഉള്‍പ്പെടെ വിപണിയിലെത്തിയ റിയര്‍ വീല്‍ ഡ്രൈവ് മോഡലിന്റെ അതേ സന്നാഹങ്ങളാകും ഫോര്‍ വീല്‍ ഡ്രൈവ് വാഹനത്തിനും ലഭിക്കുന്നത്. 11 - 12 ലക്ഷം രൂപ മുതലാകും ഈ വാഹനത്തിന് വിപണിയില്‍ വില ആരംഭിക്കുന്നത്. 2.2 ലീറ്റര്‍ ഡീസല്‍ വകഭേദത്തിന് 130 എച്ച്പി - 300 എന്‍എം കരുത്തുകളാണ് സംയോജിപ്പിച്ചിട്ടുള്ളത്. 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 152 എച്ച്പിയും 300 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു.
English Summary: Mahindra Thar to be Offered with a new base Variant