ADVERTISEMENT

ഒറ്റ ചാര്‍ജില്‍ 1,000 കിലോമീറ്റര്‍ സഞ്ചരിക്കാനാവുന്ന ഇവി ബാറ്ററിയുമായി ചൈനീസ് കമ്പനി. ഇവി ബാറ്ററി നിര്‍മാണ രംഗത്തെ ചൈനീസ് അതികായരായ ആംപെരെക്‌സ് ടെക്‌നോളജി കോ ലിമിറ്റഡ് അഥവാ സിഎടിഎല്‍ ആണ് ഈ ബാറ്ററി അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം ബാറ്ററികള്‍ ചെറു വിമാനങ്ങളില്‍ വരെ ഉപയോഗിക്കാനാവുമെന്ന് ഷാങ്ഹായ് ഓട്ടോ ഷോയില്‍ ബാറ്ററി അവതരിപ്പിച്ചുകൊണ്ട് സിഎടിഎല്‍ ചീഫ് സയന്റിസ്റ്റ് വു കെയ് പറഞ്ഞു. 

 

നിലവിലുള്ള പല വൈദ്യുത ബാറ്ററികള്‍ക്കും ഭാരം കൂടുതലോ സുരക്ഷയുടെ കാര്യത്തില്‍ ഉറപ്പില്ലാത്തവയോ ആണ്. ഈ കുറവുകള്‍ പരിഹരിക്കുന്നതാണ് തങ്ങളുടെ പുതിയ ബാറ്ററിയെന്നാണ് സിഎടിഎല്‍ അവകാശവാദം. ക്വിലിന്‍ എന്നു പേരിട്ടിരിക്കുന്ന ബാറ്ററിക്ക് 255Wh/kg എനര്‍ജി ഡെന്‍സിറ്റിയുണ്ട്. സിഎടിഎല്‍ വിപണിയിലേക്ക് അവതരിപ്പിച്ച ഏറ്റവും പുതിയ ബാറ്ററിയാണ് ക്വിലിന്‍. കണ്ടെന്‍സ്ഡ് സ്റ്റേറ്റ് ബാറ്ററി എന്നു പേരിട്ടിരിക്കുന്ന സാങ്കേതികവിദ്യയാണ് സിഎടിഎല്‍ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

 

ലോകത്തെ തന്നെ ഏറ്റവും വലിയ ഇവി ബാറ്ററി നിര്‍മാതാക്കളായ സിഎടിഎല്ലിന് ക്വിലിന്‍ ബാറ്ററികള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍ പദ്ധതിയുണ്ട്. ബാറ്ററിക്ക് യോജിച്ച സിവിലിയന്‍ ഇലക്ട്രിക് വിമാനം ഈ വര്‍ഷം തന്നെ നിര്‍മിക്കാനാവുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. എന്നാല്‍ വിമാനം നിര്‍മിക്കാനായി ഏതു കമ്പനിയുമായാണ് സഹകരിക്കുന്നത് എന്ന കാര്യം സിഎടിഎല്‍ പുറത്തുവിട്ടിട്ടില്ല.

 

കണ്ടെന്‍സ്ഡ് സ്റ്റേറ്റ് ബാറ്ററികള്‍ സുരക്ഷയില്‍ കുറവു വരുത്താതെയാണ് കാര്യക്ഷമത വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് വു കെയ് പറഞ്ഞു. പുതുതായി കണ്ടെത്തിയ ആനോഡുകളും സെപ്പറേറ്ററുകളും ഉയര്‍ന്ന ഊര്‍ജമുള്ള കാഥോഡുകളുമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്നും പരിഹരിക്കാത്ത സാങ്കേതിക പ്രശ്‌നങ്ങളുള്ള സോളിഡ് സ്‌റ്റേറ്റ്, സെമി സോളിഡ് സ്‌റ്റേറ്റ് ബാറ്ററികളെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതമാണ് കണ്ടെന്‍സ്ഡ് സ്റ്റേറ്റ് ബാറ്ററി സാങ്കേതികവിദ്യയെന്നാണ് കരുതപ്പെടുന്നത്.

 

English Summary: EV battery with range of 1,000 km in single charge, New Battery Unveiled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com