ADVERTISEMENT

ഓട്ടോറിക്ഷയിലും സീറ്റ് ബെല്‍റ്റ് അവതരിപ്പിച്ച് ഓണ്‍ലൈന്‍ ഓട്ടോ സേവന ദാതാക്കളായ റാപിഡോ. രാജ്യത്താകെ റാപിഡോ നടത്തുന്ന വിപുലമായ സുരക്ഷാ ബോധവല്‍കരണ പദ്ധതിയുടെ ഭാഗമായാണ് സീറ്റ് ബെല്‍റ്റ് സൗകര്യം ഓട്ടോറിക്ഷയിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ യാത്രികരുടേയും സുരക്ഷക്ക് പരമപ്രാധാന്യം നല്‍കുന്നതിനാലാണ് ഇങ്ങനെയൊരു നടപടിയെന്നാണ് റാപിഡോ അറിയിക്കുന്നത്. ബെംഗളൂരുവിലാണ് ഓട്ടോയിലെ സീറ്റ് ബെല്‍റ്റ് പദ്ധതി ആദ്യം അവതരിപ്പിക്കുന്നത്. പിന്നീട് ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.

 

'ഉത്തരവാദിത്വമുള്ള സേവന ദാതാക്കളെന്ന നിലയില്‍ റോഡ് സുരക്ഷക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. ഞങ്ങളുടെ ക്യാപ്റ്റന്മാര്‍ക്കു(ഡ്രൈവര്‍മാര്‍)വേണ്ടി ബോധവല്‍ക്കരണ, പരിശീലന പരിപാടികള്‍ നടത്തുകയെന്നത് ആദ്യം മുതലുള്ള ഞങ്ങളുടെ നയമാണ്. ഇന്ത്യയില്‍ റോഡപകടങ്ങള്‍ വര്‍ധിച്ചുവരുകയാണെന്ന് കണക്കുകള്‍ കാണിക്കുന്നുണ്ട്. സീറ്റ്‌ബെല്‍റ്റ് ഉപയോഗിക്കുന്നതോടെ റാപിഡോ യാത്രികര്‍ക്ക് അപകടങ്ങള്‍ സംഭവിച്ചാല്‍ പോലും ഗുരുതര പരുക്കുകളില്‍ നിന്നു രക്ഷനേടാനാവും' – റാപിഡോ ഓട്ടോ സഹസ്ഥാപകന്‍ പവന്‍ ഗുണ്ടുപള്ളി മാധ്യമങ്ങളുമായി സംസാരിക്കവേ പറഞ്ഞു.

 

റാപിഡോ യാത്രികരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രൈവര്‍മാര്‍ക്ക് നാലു ഘട്ട വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്തും. വനിതാ യാത്രികരുടെ സുരക്ഷ വര്‍ധിപ്പിക്കാനായി അവരുടെ വിവരങ്ങള്‍ പരമാവധി രഹസ്യമാക്കി വയ്ക്കും. തല്‍സമയം റൈഡ് ട്രാക്ലിങ് സംവിധാനവും തങ്ങളുടെ യാത്രികര്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നും ഷെയേഡ് റൈഡര്‍മാര്‍ക്കായി 24x7 ഓണ്‍ ഗ്രൗണ്ട് സപ്പോര്‍ട്ടും റാപിഡോ വാഗ്ദാനം ചെയ്യുന്നു.

 

ഡൽഹിയൽ നിരോധനം

 

ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഡല്‍ഹിയില്‍ ബൈക്ക് ടാക്‌സികള്‍ നിരോധിച്ചത് അടുത്തിടെയാണ്. റാപിഡോ, ഒല, ഊബര്‍ തുടങ്ങിയ കമ്പനികള്‍ക്ക് ഈ നടപടി തിരിച്ചടിയായിരുന്നു. നിരോധനം ലംഘിക്കുന്നവര്‍ക്ക് ആദ്യ തവണ അയ്യായിരം രൂപയും പിന്നെയും തെറ്റ് ആവര്‍ത്തിച്ചാല്‍ പതിനായിരം രൂപയും പിഴ നല്‍കേണ്ടി വരുമെന്നും ഡല്‍ഹി ഗതാഗതവകുപ്പ് അറിയിച്ചിരുന്നു. 

 

ഇരുചക്രവാഹനങ്ങള്‍ സ്വകാര്യവാഹനങ്ങളായാണ് റജിസ്റ്റര്‍ ചെയ്യുന്നതെന്നും അതില്‍ യാത്രികരെ കൊണ്ടുപോകാനാവില്ലെന്നുമാണ് ഡല്‍ഹി ഗതാഗത വകുപ്പ് നിരോധനത്തില്‍ നിലപാട് വ്യക്തമാക്കിയത്. ഇരുചക്രവാഹനങ്ങളില്‍ യാത്രികരെ പണം ഈടാക്കി കൊണ്ടുപോകുന്നത് 1988ലെ മോട്ടോര്‍ വാഹന വകുപ്പിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇങ്ങനെ ചെയ്യുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് കുറഞ്ഞത് മൂന്നു വര്‍ഷത്തേക്ക് റദ്ദാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്നും ലൈസന്‍സ് ലഭിക്കാത്തതിനാല്‍ റാപിഡോ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.

 

English Summary: Rapido to make seatbelts mandatory in auto rickshaws

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com