ADVERTISEMENT

കോട്ടയം കുമാരനല്ലൂരിൽ ബൈക്ക് ടോറസിലേക്ക് ഇടിച്ചു കയറി മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടത് ഇന്നത്തെ പ്രധാന വാർത്തയാണ്. അപകടത്തിൽപെട്ട വാഹനമാകട്ടെ ഇരുചക്ര വാഹനപ്രേമികളുടെ പ്രിയപ്പെട്ട ബൈക്കും!. ഹെൽമെറ്റില്ലാതെ അമിതവേഗത്തിൽ പാഞ്ഞതാണ് അപകട കാരണം എന്ന് ദൃക്സാക്ഷികൾ പറയുന്നുണ്ടെങ്കിലും. കൊലയാളി ബൈക്ക്, കാലൻബൈക്ക് തുടങ്ങിയ വിളിപ്പേരുകളിട്ട് സോഷ്യൽമീഡിയകളിൽ പോസ്റ്റുകൾ ഉടൻ പ്രത്യക്ഷപ്പെട്ടു തുടങ്ങും ഈ ബൈക്ക്. യഥാർഥത്തിൽ ബൈക്കുകളാണോ ഇവിടെ വില്ലൻമാർ?  

 

അല്ല എന്നു വ്യക്തമായും കൃത്യമായും പറയാം. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ മോട്ടോർസൈക്കിൾ ഉപയോക്താക്കൾ ഉള്ള രാജ്യങ്ങളിൽ പ്രധാനപ്പെട്ട സ്ഥാനം ആണ് ഇന്ത്യയ്ക്ക്.  ബൈക്കില്‍ പായുമ്പോൾ ഹെൽമറ്റ് ധരിക്കാൻ പോലും കൂട്ടാക്കാത്ത ആളുകളുണ്ട് നമ്മുടെ നാട്ടിൽ. അപകടത്തിന് ശേഷം മോട്ടർസൈക്കിളുകൾക്ക് നേരേ വിരൽ ചൂണ്ടുന്നതിനു മുൻപ് ഇവിടെ ആവശ്യം അടിസ്ഥാന ബൈക്ക് റൈഡിങ് കൾചറാണ്! 

 

ഉയർന്ന കരുത്തും കുറഞ്ഞ ഭാരവും ഞൊടിയിടയിൽ വേഗത കൈവരിക്കുന്ന സ്വാഭാവവുമുള്ള വാഹനത്തെക്കുറിച്ച് കാര്യമായ ധാരണയില്ലാത്തവരും അമിതവേഗക്കാരും അപകടത്തിൽപെടുന്നതുകൊണ്ട് ധാരാളം ചീത്തപ്പേര് ഏറ്റുവാങ്ങേണ്ടി വന്ന ബൈക്ക് മോഡലുകൾ ഇവിടെ ഉണ്ട്. 2 വീലുകളുടെ പത്തോ പതിനഞ്ചോ സെന്റീമീറ്റർ മാത്രം നിലത്തുമുട്ടിച്ചുള്ള യാത്രയാണ് ഇരുചക്ര വാഹനത്തിലേത്. അത് 5000 രൂപ വിലയുള്ള സൈക്കിൾ മുതൽ ലക്ഷങ്ങൾ വിലയുള്ള ഹൈപ്പർ സ്പോർട് മോട്ടോർസൈക്കിൾ വരെ അങ്ങനെ തന്നെ.

bike-1

 

അപകടങ്ങളിൽ പലപ്പോഴും അടിസ്ഥാനമായ കാരണങ്ങൾ അമിതവേഗത, വാഹനത്തെ മനസ്സിലാക്കാതെയുള്ള റൈഡിങ്, നിയന്ത്രണത്തിലെ പാളിച്ചകൾ, റോഡ് സാഹചര്യങ്ങൾ മനസിലാക്കായ്ക എന്നിവയെല്ലാമാണ്. റോഡുകളിൽ അനുവദിച്ചിട്ടുള്ള വേഗതയിൽ മാത്രം വാഹനം ഓടിക്കുക എന്നതാണ് പ്രധാനമായി അപകടം ഒഴിവാക്കാനുള്ള മാർഗം.

 

bike

ലളിതമായി പറഞ്ഞാൽ ഇരുചക്ര വാഹനം വെറും യന്ത്രം മാത്രമാണ്. അതിനു ജീവനില്ല, ചിന്തിക്കാനും സ്വയം നിയന്ത്രിക്കാനുമുള്ള ശേഷിയില്ല. അതിന്റെ ത്രോട്ട്ലിൽ (ആക്സിലറേറ്റർ) ആരു തിരിച്ചാലും വേഗം കൂടും. അപകടം ഉണ്ടായ ശേഷം ടേപ്പും പേനയുമായി സ്ഥലത്തെത്തി മൂലകാരണം കണ്ടെത്തി ഫയൽ മടക്കുകയാണ് റോഡും വാഹനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളെല്ലാം ചെയ്യുന്നത്. അങ്ങനെ റോഡിൽ പെട്ടു മരണത്തിൽ അവസാനിക്കേണ്ടതാണോ നമ്മുടെ യുവത്വം?

 

പരിഹാരം! 

 

ഒട്ടുമിക്ക വികസിത വിദേശ രാജ്യങ്ങളിലും ലൈസൻസിങ് ക്രമാനുഗതമാണ്. തുടക്കക്കാർ 50 സിസി വിഭാഗത്തിൽ നിന്ന് 150 സിസി വിഭാഗത്തിലേക്കും തുടർന്ന് 200 – 250 സിസി വിഭാഗത്തിലേക്കും പിന്നീട് അടുത്തതിലേക്കും ലൈസൻസ് നേടും. ഇതേസമയം ഇവിടത്തെ രീതി ഒരു ഗിയർലെസ് അല്ലെങ്കിൽ മോട്ടോർസൈക്കിൾ വിത്ത് ഗിയർ ലൈസൻസ് 18–ാം വയസ്സിൽ നേടിയ ശേഷം നേരിട്ട് 250 – 400 സിസി വാഹനത്തിലേക്കു കയറുകയാണ്. ഡ്രൈവിങ് സ്കൂളിലെ ആക്സിലറേറ്റർ സെറ്റ് ചെയ്ത വാഹനം 'എട്ടോടിച്ചു' കഴിഞ്ഞാൽ ഇവിടെ പിന്നെ 'നരസിംഹമായി'. 

 

നീണ്ട പരിശീലനങ്ങൾക്കു ശേഷം മാത്രം ഉപയോഗിക്കാനുള്ള വാഹനമായ ഹൈപ്പർ സ്പോർട് മോട്ടോർസൈക്കിളുകൾ പോലും നമ്മുടെ ലൈസൻസ് വച്ച് 18 – 19 വയസ്സുള്ളവർക്ക് നേരിട്ട് ഉപയോഗിക്കാം. ഇവിടെയാണ് തെറ്റ്. (പലയിടങ്ങളിലും മിഡിൽവെയ്റ്റ് സ്പോർട് ബൈക്കുകൾ – അഥവാ 650 സിസി ബൈക്കുകളും സൂപ്പർസ്പോർട് അഥവാ 850 സിസി മുതലുള്ള ബൈക്കുകളും അപകടത്തിൽപെടുന്ന വാർത്തകളുടെ അടിസ്ഥാനവും ഇതു തന്നെയാണ്. 15 മാസത്തിനിടെ ഇന്ത്യയിൽ സൂപ്പർബൈക്ക് അപകടത്തിൽ കൊല്ലപ്പെട്ടത് അഞ്ചോളം യുവാക്കളാണെന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. ഇതിൽ തിരുവനന്തപുരത്തെ യുവാവും ഈ മാസം ഡൽഹിയിലെ യമുന എക്സ്പ്രസ് വേയിൽ കൊല്ലപ്പെട്ട യൂട്യൂബറും ഉൾപ്പെടും).  

 

സ്കൂളുകളിൽ നിന്ന് അടിസ്ഥാന റോഡ് ഔപചാരികതകൾ പഠിപ്പിച്ച ശേഷം 17–18 വയസ്സ് മുതൽ കാറ്റഗറി അടിസ്ഥാനപ്പെടുത്തി ലൈസൻസിങ് സംവിധാനം ഏർപ്പെടുത്താൻ സർക്കാരും വകുപ്പുകളും ചേർന്ന് പദ്ധതി കൊണ്ടുവരണം. ക്യാമറ സ്ഥാപിച്ചതുകൊണ്ടോ, ലൈസൻസ് റദ്ദാക്കിയതുകൊണ്ടോ, അമിത വേഗതയ്ക്ക് ഫൈൻ നൽകിയതുകൊണ്ടോ ഈ അപകട പരമ്പരകൾ ഇവിടെ അവസാനിക്കില്ല. ഇനിയെങ്കിലും യുവ ജീവനുകൾ അപായപ്പെടാതിരിക്കാനുള്ള ജാഗ്രതയാണ് അധികൃതർ സ്വീകരിക്കേണ്ടത്.

 

English Summary: Bike Accident Kottayam Needed a Bike Culture 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com