ഓല എസ്1 എയര്‍ ജൂലൈയില്‍ നിരത്തുകളിലെത്തും. ഓല ഇലക്ട്രിക് സിഇഒ ഭവിഷ് അഗര്‍വാള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'ഓല എസ്1 എയര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്തു, ഇഷ്ടപ്പെട്ടു. നിങ്ങളിലേക്ക് ജൂലൈയില്‍ എത്തും' എന്നാണ് ഭവിഷിന്റെ ട്വീറ്റ്. മൂന്ന് വേരിയന്റുകളില്‍ ലഭിക്കുന്ന ഓല എസ്1 എയറിന്റെ വില 84,999 രൂപ മുതലാണ് ആരംഭിക്കുന്നത്.
2022 ഒക്ടോബറില്‍ അവതരിപ്പിച്ച ഓല എസ് 1 എയറിന്റെ ബുക്കിങ് അപ്പോള്‍ മുതല്‍ കമ്പനി സ്വീകരിക്കുന്നുണ്ട്. ജൂലൈയില്‍ ഓല എസ്1 എയറിന്റെ വിതരണം ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കൃത്യമായ തീയതി പുറത്തുവിട്ടിട്ടില്ല. തുടക്കത്തില്‍ 79,999 രൂപക്ക് 2.5kWhബാറ്ററിയുമായാണ് ഓല എസ്1 എയര്‍ കമ്പനി അവതരിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വിലയിലും ബാറ്ററിയിലും ഓല മാറ്റങ്ങള്‍ വരുത്തി. നിലവില്‍ 2kWh, 3kWh, 4kWh എന്നിങ്ങനെ മൂന്നു ബാറ്ററികളിലാണ് ഓല എസ്1 എയര്‍ വിപണിയിലെത്തുക. ബേസ് വേരിയന്റിന് 84,999 രൂപയും മിഡ് വേരിയന്റിന് 99,999 രൂപയും ഏറ്റവും ഉയര്‍ന്ന വേരിയന്റിന് 1,09,000 രൂപയുമാണ് വിലയിട്ടിരിക്കുന്നത്.
4.5kW മോട്ടോറാണ് ഓല എസ്1 പ്രോക്ക് നല്‍കിയിരിക്കുന്നത്. പരമാവധി വേഗത മണിക്കൂറില്‍ 85 കിലോമീറ്റര്‍. ഒരു തവണ ചാര്‍ജു ചെയ്താല്‍ ബേസ് വേരിയന്റില്‍ 85 കിലോമീറ്ററും 3kWh വേരിയന്റില്‍ 125 കിലോമീറ്ററും 4kWh വേരിയന്റില്‍ 165 കിലോമീറ്ററും സഞ്ചരിക്കാനാവും. പൂജ്യത്തില്‍ നിന്നും 100 ശതമാനം ബാറ്ററി ചാര്‍ജിലെത്താന്‍ വേരിയന്റുകള്‍ക്ക് അനുസരിച്ച് 4.5 മണിക്കൂര്‍ മുതല്‍ 6.5 മണിക്കൂര്‍ വരെ വേണ്ടി വരും.
7.0 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയുള്ള ഒല എസ് 1 എയറില്‍ മൂവ് ഒഎസ് 3.0 കണക്ടിവിറ്റി, റിവേഴ്‌സ് മോഡ്, ഒടിഎ അപ്‌ഡേറ്റ്‌സ്, ഫ്‌ളാറ്റ് ഫ്‌ളോര്‍ ബോര്‍ഡ്, എല്‍.ഇ.ഡി ലൈറ്റ്, 34ലിറ്റര്‍ സ്‌റ്റോറേജ്, റിമോട്ട് ബൂട്ട് ലോക്ക്/ അണ്‍ലോക്ക്, സൈഡ് സ്റ്റാന്‍ഡ് അലേര്‍ട്ട് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. കോറല്‍ ഗ്ലാം, നിയോ മിന്റ്, ജെറ്റ് ബ്ലാക്ക്, പ്രോസെലെയ്ന്‍ വൈറ്റ്, ലിക്വിഡ് സില്‍വര്‍ എന്നിങ്ങനെ അഞ്ചു നിറങ്ങളില്‍ വാഹനം ലഭ്യമാണ്. ഒല ആദ്യം പ്രഖ്യാപിച്ച 2.5 kWh വേരിയന്റ് ബുക്കു ചെയ്തവര്‍ക്ക് കൂടുതല്‍ പണം നല്‍കാതെ തന്നെ 3kWh വേരിയന്റിലേക്ക് മാറാനുള്ള അവസരവും ഓല നല്‍കുന്നുണ്ട്.
English Summary: Ola S1 Air delivery to start from July: CEO Bhavish Aggarwal