ADVERTISEMENT

ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും ആഡംബരമുള്ള കാറുകളിലൊന്ന് സ്വന്തമാക്കി ബോളിവുഡ് താരം കിയാര അദ്വാനി. 2.69 കോടി രൂപ വിലയുള്ള മെഴ്‌സിഡീസ് മെയ്ബ എസ്580യാണ് കിയാര സ്വന്തം ഗാരേജിലേക്കെത്തിച്ചിരിക്കുന്നത്. എസ് 580യില്‍ എത്തുന്ന കിയാരയുടെ ചിത്രങ്ങളും വിഡിയോകളും ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

 

കാര്‍സ് ഫോര്‍ യു എന്ന യൂട്യൂബ് ചാനലാണ് കിയാര അദ്വാനി പുതിയ കാറില്‍ വന്നിറങ്ങുന്നതിന്റെ വിഡിയോ പുറത്തുവിട്ടത്. മുംബൈയിലെ ബാന്ദ്രയിലുള്ള ഡബ്ബിങ് സ്റ്റുഡിയോയിലേക്ക് കറുത്ത മെഴ്‌സിഡീസ് മെയ്ബ ആഡംബര കാറില്‍ വന്നിറങ്ങുന്ന കിയാര അദ്വാനിയുടെ ഏതാനും സെക്കന്‍ഡ് മാത്രം നീണ്ട വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

 

വാഹനത്തിന്റെ പിന്‍സീറ്റില്‍ നിന്നും പുറത്തിറങ്ങിയ കിയാര സ്റ്റുഡിയോയുടെ വാതിലിലേക്ക് നടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ വിഡിയോഗ്രാഫര്‍മാരുടേയും ഫോട്ടോഗ്രാഫര്‍മാരുടേയും അഭ്യര്‍ഥന മാനിച്ച് അവര്‍ ഫോട്ടോക്കായി നിന്നു കൊടുക്കുന്നുമുണ്ട്. മെയ് 26ന് മാത്രമാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തതെന്ന് രജിസ്‌ട്രേഷന്‍ നമ്പറില്‍ നിന്നും വ്യക്തമാണ്. 

 

കഴിഞ്ഞ വര്‍ഷമാണ് മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യ എസ് ക്ലാസ് മെയ്ബ സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. മെഴ്‌സിഡീസിന്റെ ഇന്ത്യയില്‍ പൂര്‍ണമായും നിര്‍മിച്ച വാഹനമെന്ന സവിശേഷതയും എസ്580ക്കുണ്ട്. മെഴ്‌സിഡീസ് ബെന്‍സിന്റെ പുണെ പ്ലാന്റിലാണ് എസ്580 നിര്‍മിക്കുന്നത്. ഇന്ത്യയില്‍ മെയ്ബ എസ് ക്ലാസിന്റെ എസ് 580ക്കു പുറമേ പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന മെയ്ബ എസ്680യും മെഴ്‌സിഡീസ് ബെന്‍സ് വില്‍ക്കുന്നുണ്ട്. 

 

കിയാരയുടെ എസ്580യിലെ മുന്നിലേയും പിന്നിലേയും സീറ്റുകള്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റബിളാണ്. പനോരമിക്ക് സണ്‍റൂഫ്, ഫ്‌ളഷ് ഫിറ്റ് ഡോര്‍ ഹാന്‍ഡിലുകള്‍, ആംബിയന്റ് ലൈറ്റ്‌സ്, പ്രീമിയം ലെതര്‍ അപ്പോള്‍സ്ട്രി, പിന്‍ സീറ്റുകളില്‍ മസാജിനുള്ള സൗകര്യം, മെഴ്‌സീഡസ് MBUX ഇന്‍ഫോടെയിന്‍മെന്‍ഡ് സിസ്റ്റം എന്നിങ്ങനെ നിരവധി സൗകര്യങ്ങള്‍ മെഴ്‌സീഡസ് ബെന്‍സ് ഈ ആഡംബര കാറിന് നല്‍കിയിട്ടുണ്ട്. പിന്‍ സീറ്റിലെ യാത്രികര്‍ക്ക് കൈകൊണ്ടുള്ള ആംഗ്യം കൊണ്ടുതന്നെ ഡോറടക്കാന്‍ സാധിക്കുന്ന ഡോര്‍മെന്‍ ഫീച്ചറും എസ്580യിലുണ്ട്. 

 

48 വോള്‍ട്ടിന്റെ ഇക്യു ബൂസ്റ്റുള്ള 4.0 ലീറ്റര്‍ വി8 ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് എൻജിനാണ് എസ്580യുടെ കരുത്ത്. 496bhp കരുത്തുള്ള വാഹനത്തിന്റെ പരമാവധി ടോര്‍ക്ക് 700Nm ആണ്. മെഴ്‌സിഡീസ് ബെന്‍സ് എസ്580ക്ക് പുറമേ ഔഡി എ8 എല്‍, മെഴ്‌സിഡീസ് ബെന്‍സ് ഇ-ക്ലാസ്, ബിഎംഡബ്ല്യു എക്‌സ് 5 എന്നീ ആഡംബര കാറുകളും കിയാര അദ്വാനിക്ക് സ്വന്തമായുണ്ട്.  

 

English Summary: Bollywood Actress Kiara Advani Bought New Maybach S580

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com