ട്രെൻഡിനൊപ്പം ചെമ്പൻ വിനോദും; ഇനി ജിംനി ഉടമ
Mail This Article
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മാരുതി സുസുക്കി ജിമ്നി പുറത്തിറക്കിയത്. സാധാരണക്കാർ മാത്രമല്ല സെലിബ്രിറ്റികൾ വരെ ജിമ്നിക്കായുള്ള കാത്തിരിപ്പിലായിരുന്നു എന്നാണ് വാഹനലോകത്തു നിന്നുള്ള വാർത്തകൾ. ഇപ്പോഴിതാ ജിമ്നിയെ ഗാരിജിലെത്തിച്ചിരിക്കുന്നു മലയാളത്തിന്റെ പ്രിയ താരം ചെമ്പൻ വിനോദ്.
ഇൻഡസ് മോട്ടോഴ്സ് നെക്സയിൽ നിന്നാണ് ചെമ്പൻ തന്റെ ജിംനി വാങ്ങിയത്. ചെമ്പൻ വിനോദ് വാഹനം സ്വീകരിക്കുന്നതിന്റെ ചിത്രവും നെക്സ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ഏതു മോഡലാണ് താരം സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. അഞ്ചു ഡോർ ജിമ്നിയുടെ വില മാരുതി പ്രഖ്യാപിച്ചത് ജൂൺ ആദ്യമാണ്. മൂന്നു വകഭേദങ്ങളിലായി മാനുവൽ ഓട്ടമാറ്റിക് വകഭേദങ്ങളിൽ ലഭിക്കുന്ന വാഹനത്തിന്റെ സീറ്റ മാനുവലിന് 12.74 ലക്ഷം രൂപയും ആൽഫ മാനുവലിന് 13.69 ലക്ഷം രൂപയും ആൽഫ മാനുവൽ ഡ്യുവൽ ടോണിന് 13.85 ലക്ഷം രൂപയുമാണ് വില. സീറ്റയുടെ ഓട്ടമാറ്റിക്ക് പതിപ്പിന് 13.94 ലക്ഷം രൂപയും ആൽഫ ഓട്ടമാറ്റിക്കിന് 14.89 ലക്ഷം രൂപയും ആൽഫ ഓട്ടമാറ്റിക്ക് ഡ്യുവൽ ടോണിന് 15.05 ലക്ഷം രൂപയുമാണ് വില.
കെ 15 ബി പെട്രോൾ എൻജിനാണ് ജിമ്നിയിൽ. 104.8 എച്ച്പി കരുത്തും 134.2 എൻ എം ടോർക്കും ഈ എൻജിനുണ്ട്. 5 സ്പീഡ് മാനുവൽ, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ്. മാനുവൽ വകഭേദത്തിന് ലീറ്ററിന് 16.94 കിലോമീറ്ററും ഓട്ടമാറ്റിക്ക് വകഭേദം 16.39 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. കഠിനമായ ഓഫ് റോഡ് സാഹചര്യങ്ങളിലും മികച്ച പ്രകടനം ഇത് കാഴ്ചവയ്ക്കാനായി സുസുക്കി ഓൾഗ്രിപ്പ് പ്രോയാണ് ജിംനിയിൽ. ഫോർവീൽ ഡ്രൈവ് ഹൈ, ഫോർവീൽ ഡ്രൈവ് ലോ എന്നീ മോഡുകളും ഇതിലുണ്ട്.
English Summary: Chemban Vinod Bought Maruti Suzuki Jimny