ADVERTISEMENT

അള്‍ട്രാവയലറ്റ് എഫ്77 ലിമിറ്റഡ് എഡിഷന്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്ക് സ്വന്തമാക്കി, വിഡിയോ ജോക്കി രണ്‍വിജയ് സിന്‍ഹ. ആകെ പുറത്തിറക്കുന്ന 77 അള്‍ട്രാവയലറ്റ് എഫ്77 ലിമിറ്റഡ് എഡിഷനില്‍ പതിനാറാമത്തെ സ്‌പോര്‍ട്‌സ് ബൈക്കാണ് രണ്‍വിജയ് സിന്‍ഹയുടേത്. ബുക്കിങ് തുടങ്ങി രണ്ടു മണിക്കൂറിനകം ഈ ലിമിറ്റഡ് എഡിഷന്‍ എഫ്77 വിറ്റു തീര്‍ന്നിരുന്നു. 

ടിവിഎസ് മോട്ടോഴ്‌സിന്റെ പിന്തുണയുള്ള വൈദ്യുത വാഹന സ്റ്റാര്‍ട്ട് അപ്പാണ് അള്‍ട്രാവയലറ്റ് ഓട്ടമോട്ടീവ്. മലയാളി സിനിമാ താരം ദുല്‍ക്കര്‍ സല്‍മാനുമായും അള്‍ട്രാവയലറ്റ് ഓട്ടമോട്ടീവിന് ബന്ധമുണ്ട്. ഈ സ്റ്റാര്‍ട്ട് അപ്പിലെ ആദ്യ നിക്ഷേപകരില്‍ ഒരാളാണ് ദുല്‍ക്കര്‍. ഏറ്റവും ബേസ് വേരിയന്റായ ഷാഡോക്ക് 3.8 ലക്ഷം രൂപയാണ് വില. 4.5 ലക്ഷം രൂപയുടെ റെക്കോണാണ് ഏറ്റവും ഉയര്‍ന്ന വിലയുള്ള വേരിയന്റ്. അതേസമയം ലിമിറ്റഡ് എഡിഷന്‍ വാഹനമായ എഫ്77ന്റെ വില കമ്പനി പരസ്യമാക്കിയിട്ടില്ല. റെക്കോണ്‍ വേരിയന്റിനേക്കാളും വില കൂടുതലായിരിക്കും എഫ്77 എന്നാണ് കരുതപ്പെടുന്നത്. 

ഇന്ത്യയില്‍ നിലവിലുള്ള ഏറ്റവും ഉയര്‍ന്ന റേഞ്ചുള്ള വൈദ്യുത ഇരുചക്രവാഹനമാണ് എഫ്77. ഒരു തവണ ചാര്‍ജു ചെയ്താല്‍ എഫ്77ല്‍ 307 കിലോമീറ്റര്‍ സഞ്ചരിക്കാനാവുമെന്നാണ് കമ്പനിയുടെ അവകാശവാദം. ദ ഷാഡോ, ദ ലേസര്‍, ദ എയര്‍സ്‌ട്രൈക്ക് എന്നിങ്ങനെ മൂന്നു വേരിയന്റുകളില്‍ എഫ്77 ലഭ്യമാണ്. ഷാഡോ വേരിയന്റിന് 206 കിലോമീറ്ററും ലേസറിനും എയര്‍സ്‌ട്രൈക്കിനും 307 കിലോമീറ്ററുമാണ് ഒരു തവണ ചാര്‍ജു ചെയ്താല്‍ സഞ്ചരിക്കാനാവുക. 

ഉയര്‍ന്ന വേരിയന്റായ എഫ്77എയര്‍ സ്‌ട്രൈക്കില്‍ 40.4Bhp കരുത്തും പരമാവധി 100Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണുള്ളത്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗതയിലേക്കു കുതിക്കാന്‍ ഈ വാഹനത്തിന് 7.8 സെക്കന്‍ഡ് മാത്രമാണ് വേണ്ടത്. പരമാവധി വേഗത 152 കിലോമീറ്റര്‍. ലേസര്‍ വേരിയന്റിലെ ഇലക്ട്രിക് മോട്ടോറിന് 38.9Bhp കരുത്തും പരമാവധി 95Nm ടോര്‍ക്കുമാണ് പുറത്തെടുക്കാനാവുക. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത്തിലേക്ക് എട്ടു സെക്കന്‍ഡില്‍ പറന്നെത്തുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 147 കിലോമീറ്ററാണ്. ബേസ് വേരിയന്റായ ഷാഡോയുടെ ഇലക്ട്രിക്ക് മോട്ടോറിന് 36.2Bhp കരുത്തും പരമാവധി 85Nm ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കാനാവുക. പരമാവധി 140 കിലോമീറ്റര്‍ വേഗതയില്‍ പോകാനാവുന്ന ഈ മോഡലിന് നൂറു കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കാന്‍ 8.3 സെക്കന്‍ഡാണു വേണ്ടത്. 

മൂന്നു വേരിയന്റുകളിലും റീജനറേറ്റീവ് ബ്രേക്കിങ്, റിവേഴ്‌സ് ഗിയറുള്ള പാര്‍ക്ക് അസിസ്റ്റുമുണ്ട്. ഗ്ലൈഡ്/കോംപാക്ട്/ ബാലിസ്റ്റിക് എന്നിങ്ങനെ മൂന്നു ഡ്രൈവിങ് മോഡുകളും എഫ്77ക്കുണ്ട്. ഇന്ത്യയില്‍ നിലവില്‍ വില്‍പനയിലുള്ള ഏതൊരു വൈദ്യുത മോട്ടോര്‍ സൈക്കിളില്‍ ഉള്ളതിനേക്കാളും കരുത്തേറിയ 10.5kWh  ബാറ്ററി പാക്കാണ് എഫ്77ലുള്ളത്. 

എല്‍ഇഡി ഹെഡ് ലാംപ്, ടെയ്ല്‍ ലാംപ്, ടേണ്‍ ഇന്‍ഡിക്കേഷന്‍, അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്ക്, മോണോഷോക് റിയര്‍ സസ്‌പെന്‍ഷന്‍, ഡിസ്‌ക് ബ്രേക്കുകള്‍, ഡുവല്‍ ചാനല്‍ എബിഎസ്, ബാറ്ററി പാക്കിനു വേണ്ട കൂളിങ് സംവിധാനം എന്നിങ്ങനെ നിരവധി സുരക്ഷാ ഫീച്ചറുകളും ഈ ഇലക്ട്രിക്ക് സൂപ്പര്‍ബൈക്കിലുണ്ട്. ആദ്യ വര്‍ഷം പതിനായിരം എഫ്77 പുറത്തിറക്കാനാണ് അള്‍ട്രാവയലറ്റ് ഓട്ടമോട്ടീവിന്റെ ലക്ഷ്യം. ഇന്ത്യക്കു പുറമേ യൂറോപ് അടക്കമുള്ള അന്താരാഷ്ട്ര വിപണിയും അള്‍ട്രാവയലറ്റ് ഓട്ടമോട്ടീവ് ലക്ഷ്യമിടുന്നുണ്ട്.

English Summary: Roadies fame Rannvijay Singha takes delivery of Ultraviolette F77 Limited Edition Electric Sportsbike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com