ADVERTISEMENT

ലോകരാജ്യങ്ങളും സര്‍ക്കാരുകളും അന്തരീക്ഷ മലിനീകരണത്തിനെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചു തുടങ്ങിയതോടെയാണ് ഡീസല്‍ വാഹനങ്ങളുടെ കഷ്ടകാലം ആരംഭിക്കുന്നത്. മലിനീകരണത്തിന്റെ കാര്യത്തില്‍ ഇന്ത്യയും നിലപാടു കടുപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി ഡീസല്‍ ഇന്ധനമാക്കിയ നാലു ചക്രവാഹനങ്ങളുടെ റജിസ്ട്രേഷൻ 2027ഓടെ നിരോധിക്കണമെന്നാണ് സര്‍ക്കാര്‍ സമിതി നിർദേശിക്കുന്നത്. എന്നാൽ ഈ നിർദ്ദേശം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. പത്തു ലക്ഷത്തിലേറെ ജനസംഖ്യയുള്ളതും അന്തരീക്ഷ മലിനീകരണം കൂടുതലുള്ളതുമായ നഗരങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക് അല്ലെങ്കിൽ സിഎൻജി വാഹനങ്ങള്‍ ഉപയോഗിക്കണം. പെട്രോളിയം- പ്രകൃതി വാതക മന്ത്രാലയം രൂപീകരിച്ച സമിതിയുടെ നിര്‍ദേശങ്ങള്‍ നഗരങ്ങളില്‍ ഡീസല്‍ കാറുകള്‍ നിരോധിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

നിലവിലെ വാഹനങ്ങളെ ബാധിക്കുമോ?

‌2070 ആകുമ്പോഴേക്കും അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കണമെന്ന ലക്ഷ്യത്തിലാണ് ഈ നടപടികള്‍. എന്നാൽ നിരോധനം വന്നാൽ 2027 മുമ്പ് റജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് നിരോധനം ബാധകമായേക്കില്ല. നിലവില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന വൈദ്യുതിയില്‍ 40 ശതമാനം പുനരുപയോഗിക്കാവുന്ന ഉറവിടങ്ങളില്‍ നിന്നുള്ളതാണ്. സമിതിയുടെ നിർദേശങ്ങൾ സർക്കാർ അംഗീകരിച്ചിട്ടില്ലെങ്കിലും ഇന്ന് നിരത്തുകളില്‍ സജീവമായുള്ള പല വാഹനങ്ങളും നിരോധനം എത്തിയാൽ വിപണിയിൽ ഇറങ്ങില്ല. 2027നു ശേഷം നിരോധനം വന്നാൽ ചില നഗരങ്ങിലെങ്കിലും ലഭ്യമല്ലാതാവുകയോ എന്‍ജിനില്‍ മാറ്റം വരുത്തുകയോ ചെയ്യുന്ന പത്തു ഡീസല്‍ കാറുകളെ പരിചയപ്പെടാം.

ടാറ്റ ആള്‍ട്രോസ്

ഡീസല്‍ ഇന്ധനമായുള്ള ഇന്ത്യയില്‍ ലഭ്യമായുള്ള ഏക ഹാച്ച്ബാക്കാണ് ടാറ്റയുടെ ആള്‍ട്രോസ്. രണ്ട് പെട്രോള്‍ എന്‍ജിനുകളിലും ഒരു ഡീസല്‍ എന്‍ജിനിലും ആള്‍ട്രോസ് ലഭ്യമാണ്. 2027ല്‍ നിരോധനം നിലവില്‍ വന്നാൽ 1.5 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനുള്ള ആള്‍ട്രോസ് ടാറ്റ മോട്ടോഴ്‌സ് പിന്‍വലിക്കും.

മഹീന്ദ്ര ബൊലേറോ

1.5 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് മഹീന്ദ്ര ബൊലേറോയുടെ കരുത്ത്. നിരോധനം ഏർപ്പെടുത്തിയാൽ ഒന്നുകില്‍ മഹീന്ദ്ര ഡീസല്‍ എന്‍ജിന്‍ പെട്രോളുമായി മാറ്റുകയോ പൂര്‍ണമായും ഈ മോഡലിനെ പിന്‍വലിക്കുകയോ ചെയ്യും.

മഹീന്ദ്ര ബൊലേറോ നിയോ

മഹീന്ദ്ര ബൊലേറോയെ പോലെ ബൊലേറോ നിയോയും 1.5 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനുമായാണ് എത്തുന്നത്. നിരോധനം വന്നാൽ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും മഹീന്ദ്ര നിയോവിന് സമ്മാനിക്കുക. മഹീന്ദ്ര എക്‌സ്‌യുവി 300ലെ എന്‍ജിനാണിത്.

ടാറ്റ നെക്‌സോണ്‍

1.5 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ടാറ്റ നെക്‌സോണിനുള്ളത്. ടാറ്റ മോട്ടോഴ്‌സിന്റെ പുതുതലമുറ 1.5 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമായിട്ടായിരിക്കും സമതിയുടെ നിർദേശം അംഗീകരിച്ചാൽ 2027നു ശേഷം നെക്‌സോണ്‍ ഇറങ്ങുക.

ഹ്യുണ്ടേയ് വെന്യു/ക്രേറ്റ/അല്‍കാസര്‍

ഹ്യുണ്ടേയുടെ വെന്യു, ക്രേറ്റ, അല്‍ക്കാസര്‍ ഡീസല്‍ മോഡലുകള്‍ അതാതു സെഗ്‌മെന്റുകളില്‍ വലിയ സ്വാധീനമുള്ളവയാണ്. ഈ മൂന്നു വാഹനത്തിലും 1.5 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ഹ്യുണ്ടേയ് നല്‍കിയിരിക്കുന്നത്.

കിയ സോനറ്റ്/സെല്‍റ്റോസ്/കാരെന്‍സ്

ഹ്യുണ്ടേയുടെ ഈ എസ്‌യുവികളും 1.5 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനുമായാണ് നിരത്തിലിറങ്ങുന്നത്. നിരോധനം വരുന്നതോടെ ഇവ പെട്രോള്‍ മോഡലുകള്‍ മാത്രമായി മാറും.

ടാറ്റ ഹാരിയര്‍/സഫാരി

പുതിയ 1.5 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്റെ പണിപ്പുരയിലാണ് ടാറ്റ മോട്ടോഴ്‌സ്. ടാറ്റ ഹാരിയറിലും സഫാരിയിലും നിലവിലുള്ള 2.0 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനുകള്‍ക്ക് ഈ പെട്രോള്‍ എന്‍ജിന്‍ പകരക്കാരനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മഹീന്ദ്ര ഥാര്‍/സ്‌കോര്‍പിയോ എന്‍/XUV700

2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്റെ കരുത്തുമായാണ് മഹീന്ദ്രയുടെ ഥാര്‍, സ്‌കോര്‍പിയോ എന്‍, XUV700 എസ്‌യുവികള്‍ നിരത്തിലിറങ്ങുന്നത്. ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം വരുന്നതോടെ ഈ വാഹനങ്ങളുടെ എന്‍ജിന്‍ 2.0 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാക്കി മാറ്റാനാണ് മഹീന്ദ്രയുടെ തീരുമാനം. 

ടൊയോട്ട ഇന്നോവ ക്രിസ്റ്റ/ഫോര്‍ച്യൂനര്‍

2.4 ലീറ്റര്‍ ടര്‍ബോചാര്‍ജ് ഡീസല്‍ എന്‍ജിനാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റക്കുള്ളത്. ഡീസല്‍ വാഹന നിരോധനം വരുന്നാൽ ഈ മോഡലിനെ പിന്‍വലിക്കേണ്ടി വന്നേക്കാം. ഫോര്‍ച്യൂനറില്‍ 2.8 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ടൊയോട്ട നല്‍കിയിട്ടുള്ളത്. ഇതു മാറ്റി കൂടുതല്‍ കാര്യക്ഷമതയുള്ള ഹൈബ്രിഡ് എന്‍ജിന്‍ കൊണ്ടുവരാനാണ് ടൊയോട്ട ശ്രമിക്കുന്നത്. പുതിയ പവര്‍ട്രെയിനും ഈ മോഡലില്‍ പ്രതീക്ഷിക്കാം.

ജീപ്പ് കോംപസ്

പ്രീമിയം വിഭാഗത്തില്‍ പെടുന്നതുകൊണ്ടുതന്നെ 2.0 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പവര്‍ട്രെയിനു പകരം ഹൈബ്രിഡ് പവര്‍ട്രയിനായിരിക്കും ഭാവിയില്‍ വരികയെന്നാണ് കരുതപ്പെടുന്നത്. കരുത്തും കാര്യക്ഷമതയും നിലനിര്‍ത്തിക്കൊണ്ട് ഇന്ധനത്തില്‍ മാത്രം മാറ്റം വരുത്തുകയാവും ജീപ്പ് ചെയ്യുക. ജീപ്പ് കോംപസ് ഉപഭോക്താക്കള്‍ക്ക് യോജിച്ച കരുത്തുറ്റ പവര്‍ട്രെയിനാവും ഇത്.

English Summary: Diesel Ban 2027: Which familiar cars will disappear from Indian cities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com