ADVERTISEMENT

ഇലക്ട്രിക് കാര്‍ വിപണിയില്‍ നാള്‍ക്കുനാള്‍ മത്സരം മുറുകുകയാണ്. ഉയര്‍ന്ന റേഞ്ച് കൊണ്ടുവരുന്നവര്‍ രാജാക്കന്‍മാരാകുന്ന വിപണിയെ അമ്പരപ്പിക്കാന്‍ ബിവൈഡി (ബില്‍റ്റ് യുവര്‍ ഡ്രീംസ്) എത്തുന്നു. ഇലക്ട്രിക് കാര്‍ വിപണിയിലെ ചൈനീസ് സാന്നിധ്യമാണ് ബിവൈഡി. നിലവില്‍ 2 മോഡലുകള്‍ വിപണിയിലെത്തിച്ചത് വളരെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയില്‍ വാഹനം നിര്‍മിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നെങ്കിലും അതു സര്‍ക്കാര്‍ മുന്‍കൈയെടുത്ത് വേണ്ട എന്നു വച്ചിരുന്നു. 

 

ബിവൈഡി ഇ6, ആറ്റോ 3 എന്നിവയ്ക്ക് ശേഷം അവരുടെ മൂന്നാം മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന. ഇതിന്റെ ഭാഗമായി സീ ലയണ്‍ എന്ന പേര് നിര്‍മാതാക്കള്‍ ട്രേഡ്മാര്‍ക്ക് ചെയ്തു. മാത്രമല്ല ഇതിനോടകം പുതിയ മോഡല്‍ വിദേശ രാജ്യങ്ങളില്‍ പരീക്ഷണം നടത്തുന്നതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. 

 

നിലവിലുള്ള മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പാണോ, അതോ പുതിയ മോഡലാണോ എന്ന കാര്യത്തില്‍ കൃത്യമായി വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ക്രോസ്ഓവര്‍ ഇലക്ട്രിക് വാഹനമാണ് ഇതെന്ന് രൂപത്തില്‍ നിന്നു വ്യക്തമാകുന്നുണ്ട്. കൂപ്പെ വാഹനങ്ങളില്‍ കാണുന്ന വിധത്തില്‍ ചരിവുള്ള റൂഫാണ് വാഹനത്തിന്. ആറ്റോ 3 മോഡലുമായി വലുപ്പത്തില്‍ സാമ്യമുണ്ടെങ്കിലും ആ മോഡലിനെക്കാള്‍ 315 എംഎം നീളവും 35 എംഎം വീതിയും 5 എംഎം ഉയരവും ഈമോഡലിനു കൂടുതലുണ്ട്. 

 

15.6 ഇഞ്ച് ടച്ച്  സ്‌ക്രീനും 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തിലുണ്ടാകുമെന്ന് കരുതാം. ഓള്‍വീല്‍ അല്ലെങ്കില്‍ റിയര്‍വീല്‍ ഡ്രൈവ് ഓപ്ഷനുകള്‍ വാഹനത്തിനു ലഭിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ 204 എച്ച്പി പരമാവധി കരുത്തും 310 എന്‍എം ടോര്‍ക്കും വാഹനത്തിനുണ്ടാകും. 82.5 കിലോവാട്ട് ബാറ്ററിയുള്ള വാഹനം പരമാവധി 700 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് സൂചന. ടെസ്‌ലയുടെ ബെസ്റ്റ് സെല്ലറായ മോഡല്‍ വൈ ആണ് ഈ വാഹനത്തിന്റെ എതിരാളി. 

 

English Summary: BYD Sea Lion Trademarked In India, Launch Soon?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com