ADVERTISEMENT

ഇന്ത്യയില്‍ നടക്കുന്ന വൈദ്യുത വാഹന വിപണിയിലെ 'നിശബ്ദ' വിപ്ലവത്തിന് ശബ്ദം പകരുകയാണ് മഹീന്ദ്ര. തങ്ങളുടെ വൈദ്യുത വാഹനങ്ങള്‍ക്കു വേണ്ട ശബ്ദം നല്‍കുന്നതിന് വിഖ്യാത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാനെയാണ് ഇന്ത്യന്‍ കമ്പനി സമീപിച്ചിരിക്കുന്നത്. എ.ആര്‍ റഹ്‌മാന്റെ വരവോടെ മഹീന്ദ്രയുടെ വൈദ്യുത വാഹനങ്ങള്‍ ശബ്ദത്തിന്റെ കാര്യത്തിലും വ്യത്യസ്തമാവുമെന്ന് ഉറപ്പിക്കാം. 

 

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉപ കമ്പനിയായ മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈല്‍സ് ലിമിറ്റഡാണ് എ.ആര്‍ റഹ്‌മാനുമായി സഹകരിക്കുന്നത്. മഹീന്ദ്രയുടെ വൈദ്യുത വാഹനങ്ങള്‍ക്കു വേണ്ടി ഏതാണ്ട് 75 വ്യത്യസ്ത ശബ്ദങ്ങള്‍ റഹ്‌മാന്‍ ഒരുക്കും. വാഹനം ഓടിക്കുമ്പോഴുള്ള ശബ്ദം മാത്രമല്ല വ്യത്യസ്ത സാഹചര്യങ്ങള്‍ക്കു വേണ്ട ശബ്ദവും റഹ്‌മാന്‍ നിര്‍മിച്ചു നല്‍കും. 

 

സാധാരണ വാഹനങ്ങളെ അപേക്ഷിച്ച് നിശബ്ദമായാണ് വൈദ്യുത വാഹനങ്ങള്‍ സഞ്ചരിക്കാറ്. വൈദ്യുത മോട്ടോറില്‍ നിന്നും പ്രത്യേകം ശബ്ദം ഉണ്ടാവാറില്ല. വാഹനത്തിന്റെ ഇരമ്പലും കരുത്തുമൊക്കെ ചേര്‍ത്തുവെക്കുന്ന പലര്‍ക്കും വൈദ്യുത വാഹനങ്ങളുടെ നിശബ്ദത ഇഷ്ടപ്പെടാറില്ല. അതുകൊണ്ടു തന്നെ പല കമ്പനികളും വാഹനം സഞ്ചരിക്കുമ്പോള്‍ കൃത്രിമമായി ശബ്ദം ചേര്‍ക്കാനുള്ള അവസരവും ഉപഭോക്താക്കള്‍ക്കു മുന്നില്‍ അവതരിപ്പിക്കാറുണ്ട്. 

 

ചില സാഹചര്യങ്ങളിലെങ്കിലും നിശബ്ദമായി വാഹനം പോകുന്നത് അപകട സാധ്യത വര്‍ധിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് എതിരെയുള്ള വാഹനം കാണാനാവാത്ത കൊടും വളവുകളിലും മറ്റും. മാത്രമല്ല റോഡിലെ കാല്‍ നടയാത്രക്കാരും മറ്റു വാഹനങ്ങളിലെ യാത്രികരും നിശബ്ദമായി വരുന്ന വൈദ്യുത വാഹനങ്ങള്‍ക്കു മുന്നില്‍ പെടാറുണ്ട്. മറ്റു വാഹനങ്ങളുടേയും കാല്‍നടയാത്രികരുടേയും സുരക്ഷ ഉറപ്പുവരുത്താന്‍ കൂടിയാണ് വൈദ്യുത വാഹനങ്ങളില്‍ അധികമായി ശബ്ദം നല്‍കുന്നത്. 

 

മഹീന്ദ്രയുടെ വൈദ്യുത വാഹനത്തിന് പുറത്തേക്കു കേള്‍ക്കുന്ന ശബ്ദം മാത്രമല്ല ഉള്ളിലുള്ളവര്‍ കേള്‍ക്കുന്ന ശബ്ദത്തിനും എ.ആര്‍ റഹ്‌മാന്‍ ടച്ചുണ്ടാവും. ഇന്‍ഫോടെയിന്‍മെന്റിന്റെ ഭാഗമായ ശബ്ദങ്ങളും സിഗ്നലുകളും സീറ്റ്‌ബെല്‍റ്റ് മുന്നറിയിപ്പും ഇന്‍ഡിക്കേറ്ററുകളുമെല്ലാം ഇതില്‍ ഉള്‍പെടും. മഹീന്ദ്രയുമായി സഹകരിക്കുന്ന കാര്യം സ്ഥിരീകരിച്ച് എ.ആര്‍ റഹ്‌മാന്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്.

 

'ഞാന്‍ ഉപയോഗിക്കുന്ന സംഗീത ഉപകരണങ്ങള്‍ ജപ്പാന്‍, അമേരിക്ക, യൂറോപ് എന്നിങ്ങനെ ലോകത്തിന്റെ പലയിടത്തുനിന്നുമുള്ളതാണ്. ചില മേഖലകളില്‍ ഇന്ത്യ അന്താരാഷ്ട്രതലത്തില്‍ തന്നെ മുന്നിലെത്തുന്നതില്‍ അഭിമാനമുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ളതും എന്നാല്‍ തനി ഇന്ത്യനായതുമായ ശബ്ദങ്ങളായിരിക്കും മഹീന്ദ്രക്കു വേണ്ടി നിര്‍മിച്ചു നല്‍കുക. ഇന്ത്യയുടെ മാറ്റം അഭിമാനത്തോടെ ആഘോഷിക്കാനുള്ള അവസരവും ഇതുവഴി കിട്ടും' കേപ്ടൗണില്‍ വെച്ചു നടന്ന ഒരു പരിപാടിക്കിടെ എ.ആര്‍ റഹ്‌മാന്‍ പറഞ്ഞു. 

 

English Summary: Mahindra collaborates with AR Rahman for sonic identity and anthem “Le Chalaang”

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com