ADVERTISEMENT

സ്വന്തമായി കാറുകളുടെ സുരക്ഷ പരിശോധിക്കാനുള്ള സംവിധാനം വേണമെന്ന ഏറെക്കാലമായുള്ള ഇന്ത്യയുടെ ആവശ്യമാണ് ഭാരത് എന്‍സിഎപിയുടെ വരവോടെ യാഥാര്‍ഥ്യമാവുന്നത്. ഓഗസ്റ്റ് 22 ന് കേന്ദ്ര മന്ത്രി നിതിന് ഗഡ്കരി ഭാരത് എന്‍സിഎപിക്ക് തുടക്കം കുറിക്കും. ഇതോടെ യുഎസിനും ചൈനയ്ക്കും ജപ്പാനിനും കൊറിയയ്ക്കും ശേഷം സ്വന്തമായി ക്രാഷ് ടെസ്റ്റുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു.

 

ഇതോടെ സുരക്ഷാ റേറ്റിങിനായി കാറുകളെ വിദേശത്തേക്ക് കൊണ്ടുപോവേണ്ട അധിക ചിലവ് കാര്‍ കമ്പനികള്‍ക്ക് ഒഴിവാകും. രാജ്യത്തെ വാഹന വ്യവസായത്തിന്റെ പുരോഗതിയില്‍ നിര്‍ണായകമാണ് ഭാരത് എന്‍സിഎപിയുടെ വരവ്. എന്നു മുതലാണ് ഈ ക്രാഷ് ടെസ്റ്റിങ് നിലവില്‍ വരിക? എന്താണ് ഭാരത് എന്‍സിഎപി? ഏതു വാഹനങ്ങളെ ക്രാഷ് ടെസ്റ്റ് നടത്താനാവും? എങ്ങനെയാണ് സ്റ്റാര്‍ ലഭിക്കുക? കൂടുതലറിയാം.

 

എന്നു മുതല്‍?

 

ഒക്ടോബര്‍ ഒന്നു മുതല്‍ ഭാരത് എന്‍സിഎപി ടെസ്റ്റിങ് ആംഭിക്കും. പുതിയ സുരക്ഷാ മാനദണ്ഡം അനുസരിച്ച് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന കാറുകളുടെ സുരക്ഷ ക്രാഷ് ടെസ്റ്റുകളിലൂടെ അളക്കേണ്ടതുണ്ട്. 

 

എന്താണിത്?

 

കാറുകളുടെ സുരക്ഷ ക്രാഷ് ടെസ്റ്റിലൂടെ അളക്കുന്ന സംവിധാനമാണിത്. കാര്‍ നിര്‍മാതാക്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഈ പരിശോധന നടത്താനാവും. കാറുകള്‍ നിര്‍മാതാക്കള്‍ക്ക് നേരിട്ട് കൈമാറാനാവും. ഇങ്ങനെ കൈമാറുന്ന കാറുകള്‍ സ്വീകരിക്കാതെ ഡീലര്‍ഷിപ്പുകളില്‍ നിന്നും കാറുകള്‍ തെരഞ്ഞെടുക്കാനും ഭാരത് എന്‍സിഎപിക്ക് അധികാരമുണ്ടാവും. 

 

യോഗ്യത

 

വാഹനത്തിന്റെ ഭാരം മൂന്നര ടണ്ണില്‍(3,500 കി.ഗ്രാം) കൂടരുതെന്നതാണ് ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റിങിന് വേണ്ട പ്രധാന യോഗ്യത. ഇന്ത്യയില്‍ നിര്‍മിച്ചതോ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതോ ആയ വാഹനങ്ങള്‍ ഈ സംവിധാനത്തിലൂടെ ക്രാഷ് ടെസ്റ്റ് നടത്താനാവും. 

 

നടപടിക്രമം

 

ലളിതവും സുതാര്യവുമാണ് ഈ ക്രാഷ് ടെസ്റ്റിനുള്ള നടപടികള്‍. കാര്‍ നിര്‍മാതാക്കള്‍ ആദ്യം അപേക്ഷ നല്‍കണം. ഇതില്‍ മോഡലിന്റെ വിശദാംശങ്ങള്‍ നല്‍കിയിരിക്കണം. അപേക്ഷ സ്വീകരിച്ചാല്‍ ഭാരത് എന്‍സിഎപി അധികൃതര്‍ ക്രാഷ് ടെസ്റ്റിനുള്ള തിയതി അറിയിക്കും. ക്രാഷ് ടെസ്റ്റിനു ശേഷം അതിന്റെ ഫലം വാഹന നിര്‍മാതാക്കള്‍ക്ക് കൈമാറുകയും ചെയ്യും. കൂടുതല്‍ മികച്ച ഫലം വേണമെന്നുണ്ടെങ്കില്‍ വാഹനങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വീണ്ടും ക്രാഷ് ടെസ്റ്റിന് അപേക്ഷിക്കാനാവും. 

 

ടെസ്റ്റിങ്

 

പ്രധാനമായും മൂന്നു വിഭാഗത്തിലുള്ള ക്രാഷ് ടെസ്റ്റുകളിലൂടെയാണ് കാറിന്റെ സുരക്ഷ പരിശോധിക്കുക. മുന്‍ ഭാഗത്തെ ഇംപാക്ട് ടെസ്റ്റ്, വശങ്ങളിലെ ഇംപാക്ട് ടെസ്റ്റ്, പോള്‍ സൈഡ് ഇംപാക്ട് ടെസ്റ്റ് എന്നിവയാണ് പരിശോധിക്കുക. മുതിര്‍ന്നവരുടെ സുരക്ഷക്കും കുട്ടികളുടെ സുരക്ഷക്കും പ്രത്യേകം റേറ്റിങ് ഭാരത് എന്‍.സി.എ.പി നല്‍കും. 

 

സ്‌കോര്‍

 

മുതിര്‍ന്ന യാത്രികര്‍ക്ക് 5 സ്റ്റാര്‍ സുരക്ഷ ലഭിക്കണമെങ്കില്‍ വാഹനങ്ങള്‍ കുറഞ്ഞത് 27 പോയിന്റ് നേടണം. കുട്ടികള്‍ക്ക് 5 സ്റ്റാര്‍ സുരക്ഷ ലഭിക്കാനാണെങ്കില്‍ 41 പോയിന്റുകളാണ് വാഹനങ്ങള്‍ നേടേണ്ടത്. ഭാരത് എന്‍സിഎപിയുടെ കൂടി വരവോടെ ഇന്ത്യയിലെ കാര്‍ നിര്‍മാതാക്കള്‍ കൂടുതല്‍ ശ്രദ്ധ സുരക്ഷയില്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

English Summary: India is the fifth country in the world to get a dedicated car crash safety program, Know more

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com