ADVERTISEMENT

ഫാസ്റ്റ് ചാര്‍ജിങ് ബാറ്ററിയെ ദോഷകരമായി ബാധിക്കുമോ? സ്ലോ ചാര്‍ജിങ് വഴി വൈദ്യുത വാഹനങ്ങളിലെ ബാറ്ററികള്‍ക്ക് ദീര്‍ഘായുസ് ലഭിക്കുമോ? ചാര്‍ജിങും ബാറ്ററിയുടെ ആയുസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് റിക്കറിങ് ഓട്ടോ നടത്തിയ പഠനം ഇതേക്കുറിച്ച് പുതിയ അറിവു നല്‍കുന്നു. അമേരിക്കയില്‍ 10,700ഓളം ടെസ്‌ല വാഹനങ്ങളുടെ ചാര്‍ജിങ് വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 

 

90 ശതമാനത്തിലേറെ സമയവും ഫാസ്റ്റ് ചാര്‍ജിങ് ഉപയോഗിക്കുന്ന വാഹനങ്ങളും പത്തു ശതമാനത്തിലും കുറവു സമയത്തു മാത്രം ഫാസ്റ്റ് ചാര്‍ജിങ് ഉപയോഗിക്കുന്ന വാഹനങ്ങളാണ് പഠനവിധേയമാക്കിയത്. ടെസ്‌ലയുടെ മോഡല്‍ 3, മോഡല്‍ വൈ വാഹനങ്ങളുടെ ചാര്‍ജിങ് വിവരങ്ങളായിരുന്നു പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. 4,400 ടെസ്‌ല വാഹനങ്ങളുടെ ചാര്‍ജിങ് വിവരങ്ങള്‍ പരിശോധിച്ചു. ഫാസ്റ്റ് ചാര്‍ജ് ഉപയോഗിച്ച വാഹനങ്ങളും എ.സി ചാര്‍ജ് ഉപയോഗിച്ച വാഹനങ്ങളും ഏകദേശം 850ലേറെ ബാറ്ററി സൈക്കിൾസ് കഴിഞ്ഞപ്പോള്‍ ബാറ്ററിയുടെ റേഞ്ച് 91 ശതമാനമായി കുറഞ്ഞു. രണ്ടു തരത്തില്‍ ചാര്‍ജു ചെയ്തപ്പോഴും ഫലം ഒന്നു തന്നെയെന്നാണ് മോഡല്‍ വൈയില്‍ നടത്തിയ പഠനം പറയുന്നത്. 

 

ടെസ്‌ല മോഡല്‍ 3യിലേക്കു വന്നപ്പോഴും ഏതാണ്ടു സമാനമായിരുന്നു കാര്യങ്ങള്‍. 6,300 ടെസ്‌ല മോഡല്‍ 3 വാഹനങ്ങളുടെ ചാര്‍ജിങ് വിവരങ്ങളാണ് ശേഖരിച്ചത്. ഏകദേശം രണ്ടായിരം ബാറ്ററി ദിവസങ്ങളിലെ ചാര്‍ജിങ് പരിശോധിച്ചു. ഇതില്‍ തുടര്‍ച്ചയായി ഫാസ്റ്റ് ചാര്‍ജിങ് ഉപയോഗിക്കുന്ന മോഡല്‍ 3 വാഹനങ്ങള്‍ രണ്ടായിരത്തോളം ബാറ്ററി ദിവസം പിന്നിട്ടപ്പോള്‍ റേഞ്ച് 90 ശതമാനത്തോളമായി. ഏതാണ്ട് ഇതേ നിലയില്‍ തന്നെയായിരുന്നു എസി ചാര്‍ജിങിനെ തുടര്‍ച്ചയായി ആശ്രയിച്ച മോഡല്‍ 3 വാഹനങ്ങളും. 

 

ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം അടക്കമുള്ള സാങ്കേതികവിദ്യകളില്‍ പുതു തലമുറ വൈദ്യുത വാഹനങ്ങള്‍ വലിയ തോതില്‍ പഠനങ്ങള്‍ക്കായി മുതല്‍മുടക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായിട്ടാണ് ഫാസ്റ്റ് ചാര്‍ജിങ് വഴി ബാറ്ററികള്‍ക്ക് അധിക പ്രശ്‌നങ്ങളുണ്ടാവാതിരിക്കുന്നതെന്നാണ് ടെസ്‌ല വാഹനങ്ങളില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത്. ബാറ്ററിയുടെ ആയുസു കൂട്ടാന്‍ പല വഴികളുണ്ട്. ഉയര്‍ന്ന ചൂടിലും തണുപ്പിലും ബാറ്ററിയിലെ പ്രീ കണ്ടീഷനിങ് ഫീച്ചര്‍ ഉപയോഗിച്ചതിനു ശേഷം മാത്രമേ ചാര്‍ജിങ് ആരംഭിക്കാന്‍ പാടൂ. ചാര്‍ജ് വളരെ കുറവുള്ള സമയത്തും കൂടുതലുള്ള സമയത്തും ഫാസ്റ്റ് ചാര്‍ജിങ് ഒഴിവാക്കണം. ഇത് ബാറ്ററിക്ക് അധിക സമ്മര്‍ദം നല്‍കുന്നത് ഇല്ലാതാക്കും. 

 

വൈദ്യുത വാഹനങ്ങളിലേയും ഹൈബ്രിഡ് വാഹനങ്ങളിലേയും ബാറ്ററിയുടെ ആയുസിനെക്കുറിച്ച് 2020ല്‍ മറ്റൊരു പഠനം നടത്തിയിരുന്നു. ആദ്യ വര്‍ഷത്തില്‍ പൂജ്യം മുതല്‍ 4.1 ശതമാനം വരെ ബാറ്ററിയുടെ റേഞ്ചില്‍ കുറവു സംഭവിക്കുന്നുവെന്ന് ഈ പഠനം കണ്ടെത്തി. ഈ പഠനത്തില്‍ മികച്ച പ്രകടനം നടത്തിയത് ഷെവര്‍ലറ്റ് ബോള്‍ട്ട് ഇ.വിയും മോശം പ്രകടനം നടത്തിയത് മിറ്റ്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ ഹൈബ്രിഡുമായിരുന്നു.

 

English Summary: Fast Charging Vs. Slow Charging: Study Reveals Difference In Range Degradation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com