ലോകത്തിൽ ആദ്യം ഇന്ത്യയിൽ! പൂർണമായും എഥനോളിൽ ഓടുന്ന ഹൈബ്രിഡ് ഇന്നോവ
Mail This Article
പൂര്‍ണമായും എഥനോളില്‍ ഓടുന്ന വാഹനമായി മാറുകയാണ് ടൊയോട്ടയുടെ ഇന്നോവ. ഓഗസ്റ്റ് 29ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരിയാണ് എഥനോള്‍ ഇന്ധനമാക്കിയ ഇന്നോവ പുറത്തിറക്കിയത്. ഇലക്ട്രിക് ഫ്ളക്സ് ഫ്യുവല്‍ സര്‍ട്ടിഫിക്കറ്റുള്ള ഭാരത് സ്റ്റേജ് VI ലോകത്തെ തന്നെ ആദ്യ വാഹനമെന്ന റെക്കോഡും ഇതോടെ ഇന്നോവ സ്വന്തമാക്കും.
ജൈവ ഇന്ധനമായ എഥനോള്‍ പ്രോത്സാഹിപ്പിക്കുകയെന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ടൊയോട്ട എഥനോള്‍ ഇന്നോവ പുറത്തിറക്കുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിനൊപ്പം ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നതും കുറച്ചുകൊണ്ടുവരികയെന്ന ലക്ഷ്യത്തിലാണ് എഥനോള്‍ ഇന്ധനമായി അവതരിപ്പിക്കുന്നത്. 2003 മുതല്‍ ഇന്ത്യയില്‍ പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. 2003 ജനുവരിയില്‍ ഒമ്പതു സംസ്ഥാനങ്ങളിലാണ് പെട്രോളില്‍ അഞ്ചു ശതമാനം എഥനോള്‍ കലര്‍ത്തുന്ന പദ്ധഥിയാണ് ആരംഭിച്ചത്. 2006ല്‍ ഇത് പത്തു സംസ്ഥാനങ്ങളിലേക്കു കൂടി വിപുലപ്പെടുത്തിയിരുന്നു.
2019 ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ പെട്രോളിയം കമ്പനികള്‍ക്കും പത്തു ശതമാനം വരെ എഥനോള്‍ ചേര്‍ത്ത പെട്രോള്‍ വില്ക്കാന് ഇന്ത്യയില്‍ അനുമതിയുണ്ട്. 2025ഓടെ പെട്രോളിലെ എഥനോളിന്റെ അളവ് 20 ശതമാനം വരെയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കരിമ്പില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും ഉത്പാദിപ്പിക്കാവുന്ന ജൈവ ഇന്ധനമാണ് എഥനോള്‍. ആത്മനിര്‍ഭര്‍ പരിപാടിയുടെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ എഥനോള്‍ പെട്രോളില്‍ കലര്‍ത്തുന്ന പദ്ധതിയെ കാണുന്നത്.
പൂര്‍ണമായും എഥനോളിലോ പെട്രോളിലോ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നവയാണ് ഫ്ളെക്സ് എന്‍ജിനുകള്‍. ഇവയുടെ ഏതു അനുപാതത്തിലുള്ള മിശ്രിതവും ഈ എന്‍ജിനില്‍ ഉപയോഗിക്കാനാവും. ഇസിയു നിയന്ത്രിത, പോര്‍ട്ട് ഇന്ജക്ഷന് സംവിധാനമുള്ള പെട്രോള്‍ എന്‍ജിനുകളെ 'കണ്വര്ഷന് കിറ്റ്' ഉപയോഗിച്ച് ഫ്ളെക്സ് എന്‍ജിനുകളാക്കി മാറ്റാനാവും.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ടൊയോട്ട മോട്ടോര്‍ ഇന്ത്യയില്‍ ആദ്യത്തെ ഓള് ഹൈഡ്രജന്‍ ഇലക്ട്രിക്ക് വാഹനമായ മിറായ് അവതരിപ്പിച്ചിരുന്നു. ഹൈപ്രഷര്‍ ഹൈഡ്രജന്‍ ഫ്യുവല്‍ ടാങ്കും ഇലക്ട്രിക് മോട്ടോറുമാണ് മിറായ് FCEVയിലുള്ളത്. ഈ വാഹനത്തില്‍ ഹൈഡ്രജനെ വെള്ളവും ഓക്സിജനുമാക്കി മാറ്റുന്നതു വഴി ഊര്‍ജം ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ഹൈഡ്രജന്‍ ഇന്ധനമാക്കിയുള്ള ഈ വാഹനത്തില്‍ നിന്നും പുക കുഴല്‍ വഴി വെള്ളമാണ് പുറത്തേക്കു വരിക.
English Summary: Toyota Kirloskar Motor Unveils Prototype of the World's First BS 6 (Stage II) Electrified Flex Fuel Vehicle