അസുറ എന്ന പേരിന് പകര്‍പ്പവകാശം സ്വന്തമാക്കി ടാറ്റ മോട്ടോഴ്‌സ്. ടാറ്റയുടെ പുറത്തിറങ്ങാനിരിക്കുന്ന കാറുകളില്‍ ഒന്നിനുള്ള പേരായിരിക്കും അസുറയെന്നാണ് സൂചന. കര്‍വും സിയേറ.ഇവിയുമാണ് ടാറ്റ മോട്ടോഴ്‌സ് അടുത്തതായി പുറത്തിറക്കാനിരിക്കുന്ന കാറുകള്‍. സിയേറ ഇ.വിയേക്കാള്‍ മുമ്പ് പുറത്തിറങ്ങുന്ന കര്‍വിനു വേണ്ടിയുള്ളതായിരിക്കും അസുറയെന്ന പേരെന്നാണ് സൂചന.
ഇതിനകം തന്നെ കര്‍വിന്റെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞെന്ന് ടാറ്റ മോട്ടോഴ്‌സ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഐസിഇ പവര്‍ട്രെയിനു പുറമേ വൈദ്യുതി വാഹനമായും കര്‍വ് പുറത്തിറങ്ങും. ഇതില്‍ ആദ്യം പുറത്തിറങ്ങുന്നത് വൈദ്യുത മോഡലായിരിക്കും. അടുത്ത വര്‍ഷം രണ്ടാം പാതിയില്‍ കര്‍വിന്റെ ഇവി റോഡിലെത്തും. നെക്‌സോണ്‍ ഇവിക്ക് സമാനമായ പവര്‍ട്രെയിനായിരിക്കും കര്‍വിന്. 143 ബിഎച്ച്പി കരുത്തും പരമാവധി 215 എൻഎം ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ വാഹനത്തിനാവും. പുതിയ നെക്‌സോണ്‍ ഇവിയുടേതിന് സമാനമായ ജെന്‍2 പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങുന്ന കര്‍വ് ഇവിക്ക് 400 കിലോമീറ്റര്‍ മുതല്‍ 500 കിലോമീറ്റര്‍ വരെയായിരിക്കും റേഞ്ച്.
ഓട്ടോ എക്‌സ്‌പോ 2023ല്‍ ടാറ്റ അവതരിപ്പിച്ച പെട്രോള്‍ എന്‍ജിനുകളില്‍ ഒന്നായിരിക്കും കര്‍വിന്റെ ഐസിഇ രൂപത്തിലുണ്ടാവുക. 123 ബിഎച്ച്പി കരുത്തും പരമാവധി 225 എൻഎം ടോര്‍ക്കും പുറത്തെടുക്കുന്ന 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഒരു സാധ്യത. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ എന്‍ജിനിലുള്ളത്. 168 ബിഎച്ച്പി കരുത്തും പരമാവധി 280 എൻഎം ടോര്‍ക്കും പുറത്തെടുക്കുന്ന 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് മറ്റൊരു സാധ്യത.
ടാറ്റ മോട്ടോഴ്‌സ് അസുറ എന്ന പേരിന് ഇക്കഴിഞ്ഞ ജനുവരി അഞ്ചിനാണ് അപേക്ഷ നല്‍കിയത്. സെപ്തംബര്‍ 11നാണ് അസുറയെന്ന പേരിന്മേലുള്ള പകര്‍പവകാശം അനുവദിച്ചു നല്‍കിയത്. അസുറയെന്ന പേര് കര്‍വിന് വേണ്ടിയുള്ളതാണോ എന്ന് ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ടാറ്റ അസുറ എസ്‌യുവിയുടെ പ്രധാന എതിരാളികള്‍ ഹ്യുണ്ടേയ് ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാക് എന്നിങ്ങനെയുള്ള എസ്‌യുവികളായിരിക്കും. അസുറ ഇവിക്ക് എംജി സിഎസ് ഇവി, ഹ്യുണ്ടയ് കോന ഇലക്ട്രിക് എന്നിവയില്‍ നിന്നായിരിക്കും പ്രധാന മത്സരം.
English Summary: Will Tata Curvv Concept Be Called 'Azura'