ഇഗ്നിസ് കേരളത്തിനു പ്രിയങ്കരം

HIGHLIGHTS
  • ഹാച്ബാക് എങ്കിലും ഉയരമുള്ള രൂപവും ഉയർന്ന ഇരിപ്പിടവും ഇഗ്നിസിന്റെ പ്രത്യേകതയാണ്.
ignis
SHARE

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകി ലിമിറ്റഡിന് കേരള വിപണി സമ്മാനിക്കുന്നത് പലതരം കൗതുക നേട്ടങ്ങൾ. മിക്ക കമ്പനികൾക്കും രാജ്യത്തെ മൊത്തം കാർ കച്ചവടത്തിന്റെ ആറോ ഏഴോ ശതമാനമാണ് കേരളത്തിൽ നടക്കുന്നത്. മാരുതിക്കും അങ്ങനെതന്നെ. എന്നാൽ ദേശീയ ട്രെൻഡിൽനിന്നു മാറി നിൽക്കുന്ന പലതും ഈ കൊച്ചുസംസ്ഥാനത്തിലുണ്ട്.

മാരുതിയുടെ വിൽപനക്കണക്കിൽ ആദ്യ പത്ത് സ്ഥാനത്തിനകത്തു വരാത്ത മോഡലാണ് ഇഗ്‌നിസ്. പക്ഷേ കേരളത്തിൽ മാരുതിയുടെ വിൽപനയുടെ ചാർട്ടിൽ അഞ്ചാം സ്ഥാനത്താണ് ഈ ഹാച്ബാക്ക് എന്ന് മാരുതി സുസുകി സീനിയർ എക്സിക്യൂട്ടിവ് ഓഫിസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. കേരളത്തിന് കേരളത്തിന്റേതായ പരിഗണനകളുണ്ടെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്. ഇഗ്‌നിസിന്റെ മുൻഗാമി ആയിരുന്ന റിറ്റ്സിനും കേരളത്തിൽ മികച്ച വിൽപന ഉണ്ടായിരുന്നു. ദേശീയതലത്തിൽ അത്ര ശോഭനമായിരുന്നില്ല അതിന്റെ അവസ്ഥ. ഹാച്ബാക് എങ്കിലും ഉയരമുള്ള രൂപവും ഉയർന്ന ഇരിപ്പിടവും ഇഗ്നിസിന്റെ പ്രത്യേകതയാണ്. 

വിപണി വിഹിതത്തിന്റെ കാര്യത്തിലും കേരളം മാരുതിക്കു വലിയ സർപ്രൈസ് ആണു നൽകുന്നത്. ദേശീയതലത്തിൽ 40–42% മാർക്കറ്റാണ് കമ്പനിയുടേത്. കേരളത്തിലോ– 50% വിപണിയും മാരുതിയുടേതാണ്. അതായത് 2 കാർ വിൽക്കുമ്പോൾ അതിലൊന്ന് മാരുതി തന്നെ. മറ്റൊന്ന് മാരുതിയുടെ അരീന ഷോറൂം ശൃംഖലയും നെക്സ ഷോറൂം ശൃംഖലയും പ്രത്യേക ബ്രാൻഡുകളായി കണക്കാക്കിയാൽ കേരള മാർക്കറ്റിൽ ഒന്നാം സ്ഥാനത്തിനു മൽസരം അവർ തമ്മിലാണ്. അരീന ഒന്നാമത്, നെക്സ രണ്ടാമത്. ടാറ്റയും ഹ്യുണ്ടായിയുമൊക്കെ അതിന് പിന്നിലേയുള്ളൂ. നാലോ അ‍ഞ്ചോ സംസ്ഥാനങ്ങളിലേ ഈ സ്ഥിതിയുള്ളൂ. ദേശീയതലത്തിൽ നെക്സ ചില മാസങ്ങളിൽ രണ്ടാമത് എത്തുന്നുണ്ടെങ്കിലും കാലങ്ങളായി അങ്ങനെതന്നെ നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ശശാങ്ക് ശ്രീവാസ്തവ പറ​ഞ്ഞു. നെക്സയിലേക്കു ഫ്രോങ്സും ജിംനിയുമടക്കം കൂടുതൽ മോ‍ഡലുകൾ എത്തിക്കൊണ്ടിരിക്കുന്നതിനാൽ നെക്സയുടെ കുതിപ്പ് ഇനി കൂടുതൽ ശക്തമാകും.

ignis-1

രാജ്യം മൊത്തം കണക്കാക്കിയാൽ എസ്‌യുവികൾ മേൽക്കൈ നേടിക്കൊണ്ടിരിക്കുമ്പോഴും കേരളം എൻട്രി ലെവൽ ഹാച്ബാക്കുകൾക്കും പ്രീമിയം ഹാച്ബാക്കുകൾക്കും മികച്ച വിപണിയായി തുടരുന്നു. സ്വിഫ്റ്റ് ആണ് സംസ്ഥാനത്ത് ഏറ്റവുമധികം വിൽപനയുള്ള കാർ. പിന്നാലെ വാഗൺ ആർ. മൂന്നാമത് ബലെനോ. ആറാമതോ ഏഴാമതോ ആണ് എസ്‌യുവിയായ ബ്രെസയുടെ സ്ഥാനം. 

മാരുതി ഈയിടെ അവതരിപ്പിച്ച ഫുൾ ഹൈബ്രിഡ് ഗ്രാൻഡ് വിറ്റാരയ്ക്ക് കേരളത്തിൽ ജനപ്രീതിയുണ്ട്. ഗ്രാൻഡ് വിറ്റാര വിൽപനയിൽ 20% ഫുൾ ഹൈബ്രിഡ് ആണ്. പക്ഷേ സിഎൻജി മോഡലുകളുടെ കാര്യത്തിൽ മറ്റ് പ്രമുഖ വിപണികളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളം അത്ര വലിയ വിപണിയല്ല. ടൊയോട്ടയുമായുള്ള സഹകരണത്തിൽ മാരുതി സുസുകി പുറത്തിറക്കിയ ഇൻവിക്ടോ ഹൈബ്രിഡ് എംപിവിക്ക് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും 10–11 മാസം കാത്തിരുന്നാലേ വണ്ടി കിട്ടൂ എന്ന അവസ്ഥയുണ്ടെന്ന് ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. രാജ്യത്തു മാസം 550–700 ഇൻവിക്ടോയേ ഡെലിവറി നടത്താനാകുന്നുള്ളൂ.

ignis-2

മാരുതിക്ക് ഓണക്കാലത്ത് 27% വിൽപന മറ്റു മാസങ്ങളെ അപേക്ഷിച്ച് കൂടുതൽ ലഭിച്ചെന്ന് സീനിയർ എക്സിക്യൂട്ടിവ് ഓഫിസർ ശശാങ്ക് ശ്രീവാസ്തവ ‘മനോരമ’യോടു പറഞ്ഞു. ചെറിയ ഹാച്ബാക്ക് മുതൽ എസ്‌യുവി വരെ എല്ലാ വിഭാഗങ്ങളിലും മികച്ച വിൽപനയാണ് ഓണക്കാലത്തുണ്ടായത്. 80% കാർ കച്ചവടവും വായ്പയിന്മേലാണു നടക്കുന്നതെന്നും ശശാങ്ക ശ്രീവാസ്തവ പറ‍ഞ്ഞു.

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS