ADVERTISEMENT

ഇടയ്ക്കിടെ കാറുകള്‍ മാറുന്നതാണ് പലരുടെയും ട്രെന്‍ഡ് എങ്കിലും വാഹനങ്ങളുമായി അത്രയേറെ അത്മബന്ധമുള്ളവര്‍ക്ക് പലപ്പോഴും കേവലമൊരു മെറ്റീരിയല്‍ എന്ന നിലയില്‍ അവയെ കൈവിട്ടുകളയാന്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. അങ്ങനെയാണ് ലോകത്തില്‍ ഏറ്റവുമധികം സഞ്ചരിച്ച സിംഗിള്‍ ഓണര്‍ കാര്‍ ഏതെന്ന ചോദ്യം ഉയര്‍ന്നു വന്നത്. അന്വേഷണം ചെന്നു നിന്നത് ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡ് എന്ന സ്ഥലത്താണ്. 

irv-gordon-volvo

 

1966 മോഡല്‍ വോള്‍വോ പി1800എസ്

irv-gordon-volvo-1

 

ഇര്‍വ് ഗോര്‍ഡന്‍ എന്ന അധ്യാപകന്‍ ഉപയോഗിച്ചിരുന്ന വാഹനമാണ് ഇത്തരത്തില്‍ ഒരു വലിയ നേട്ടം കൈവരിച്ചത്. 2013 സെപ്റ്റംബറില്‍ വാഹനം 3 മില്യണ്‍ മൈല്‍ അതായത് 48 ലക്ഷത്തിലേറെ കിലോമീറ്ററുകള്‍ പിന്നിട്ടിരുന്നു. വ്യാവസായികമല്ലാത്ത വാഹനങ്ങളില്‍ ഏറ്റവുമധികം കിലോമീറ്റര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഉടമ എന്നതിന് അദ്ദേഹത്തിന്റെ പേരില്‍ ഒരു ഗിന്നസ് റെക്കോഡുമുണ്ട്. 48 കിലോമീറ്ററിനെ മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഭൂമിയെ 120 തവണ ചുറ്റിവരുന്നത്ര ദൂരമാണെന്നതാണ് വസ്തുത. 

irv-gordon-volvo-3

 

1940ല്‍ ജനിച്ചഗോര്‍ഡന്‍ 1962ല്‍ അധ്യാപകനായി ജോലിക്ക് പ്രവേശിച്ചു. യാത്രകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം 1966ലാണ് പി1800 എന്ന ടു ഡോര്‍ വോള്‍വോ വാങ്ങുന്നത്. 4 സീറ്റര്‍ റിയര്‍ വീല്‍ ഡ്രൈവ് സ്‌പോര്‍ട്‌സ് ടൂറര്‍ വാഹനമാണ് പി1800. വാഹനം വാങ്ങി ആദ്യ 2 ദിവസത്തിനുള്ളില്‍ തന്നെ ഗോര്‍ഡന്‍ 1500 മൈല്‍ (2400 കിമീ) സഞ്ചരിച്ച് തിരികെ ഡീലര്‍ഷിപ്പിലെത്തിച്ച് ആദ്യ സര്‍വീസ് പൂര്‍ത്തിയാക്കി. പിന്നീട് നിത്യയാത്രകള്‍ക്കും വാഹനം ഉപയോഗിച്ചുവന്നു. വീക്കെന്‍ഡഡുകളില്‍ അദ്ദേഹത്തിന്റെ ഇഷ്ടമേഖലകളായ താഴ്‌വരകളിലേക്ക് യാത്ര ചെയ്തു. അങ്ങനെ 1987ല്‍ വാഹനം മില്യണ്‍ മൈല്‍ (ഏകദേശം 16 ലക്ഷം കിമീ) എന്ന നേട്ടം കരസ്ഥമാക്കി. 4 കാറുകള്‍ മാത്രമായിരുന്നു അന്ന് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. 

 

പതിവായി 200 കിലോമീറ്ററായിരുന്നു ഈ പി1800 ശരാശരി ദിനവും സഞ്ചരിച്ചിരുന്നത്. കൃത്യമായ സര്‍വീസും പരിപാലനവും നടത്തി പുതുപുത്തനായാണ് ഗോര്‍ഡന്‍ വാഹനം സംരക്ഷിച്ചത്. 2002ല്‍ 2 മില്യണ്‍ മൈല്‍, 2013ല്‍ 3 മില്യണ്‍ എന്നിങ്ങനെ അദ്ദേഹത്തിന്റെ വാഹനം സഞ്ചരിച്ചുകൊണ്ടേയിരുന്നു. കൃത്യമായ പരിപാലനവും സര്‍വീസുമായിരുന്നതിനാല്‍ 48 ലക്ഷം കിലോമീറ്ററുകള്‍ക്കിടെ 2 തവണ മാത്രമാണ് എന്‍ജിന്‍ പൂര്‍ണമായി സര്‍വീസ് ചെയ്തത്. 

 

2018 മെയ് മാസം മറ്റൊരു യാത്രയ്ക്കിടെ ഹൃതയസ്തംഭനത്തെ തുടര്‍ന്ന് 78 വയസ്സില്‍ ഗോര്‍ഡന്‍ തന്റെ പ്രിയപ്പെട്ട വോള്‍വോയെ തനിച്ചാക്കി മടങ്ങി. ചരിത്രമായി മാറിയ വോള്‍വോ പി1800എസ് നിലവില്‍ വോള്‍വോയുടെ പക്കല്‍ സുരക്ഷിതമായി സംരക്ഷിക്കപ്പെടുന്നു. ഇപ്പോഴും വാഹനം യാത്രകളും നടത്തുന്നുണ്ട്. 

 

ലോകത്ത് ആകെ 60000 വോള്‍വോ പി1800 കാറുകളാണ് നിര്‍മിക്കപ്പെട്ടത്. വലുപ്പം കുറഞ്ഞ സ്‌പോര്‍ട്‌സ് ടൂറര്‍ കാര്‍ ആയിരുന്നതിനാല്‍ തന്നെ വലിയ ആരാധകരാണ് വാഹനത്തിനുള്ളത്. നിലവില്‍ കാര്‍ കളക്ടര്‍മാരുടെ പ്രിയപ്പെട്ട ലിസ്റ്റില്‍ ആദ്യഭാഗത്തു തന്നെ പി1800 നിലകൊള്ളുന്നു. 1778 സിസി എന്‍ജിനായിരുന്നു വാഹനത്തിന്റെ ഹൃദയം. 

 

English Summary: Remembering the “Three Million Mile Volvo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com