ADVERTISEMENT

സിനിമയുടെ വി‍ജയത്തിനു ശേഷം അതിലെ വാഹനവും ശ്രദ്ധിക്കപ്പെടുന്നത് പുതിയ കാര്യമൊന്നുമല്ല, ആ വാഹനത്തിന്റെ പ്രത്യേകത കൊണ്ടോ പെർഫോമൻ‌സ് കൊണ്ടോ ആകാം അത്. ‘കണ്ണൂർ സ്ക്വാഡ്’ എന്ന ചിത്രത്തിലെ ടാറ്റാ സുമോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം. കാരണം വേറൊന്നുമല്ല, ആ വണ്ടി മമ്മൂട്ടി വാങ്ങി എന്നതാണ്. 

Tata Sumo, Kannur Squad
Tata Sumo, Kannur Squad

മമ്മൂട്ടിയെപ്പോലെ ഹൈ എൻഡ് വാഹനങ്ങളോട് താൽപര്യമുള്ളയാൾ ഒരു സാധാരണ പഴയ സുമോ സ്വന്തമാക്കിയെന്ന വാർത്തയാണ് എല്ലാവർക്കും കൗതുകമായിത്തോന്നിയത്. സാധരണ തമിഴ്, തെലുങ്ക് സിനിമകളിൽ വില്ലന്റെ വാഹനമായിരുന്നു ടാറ്റാ സുമോ. നിരനിരയായി വരുന്ന വെള്ള സുമോകൾ ഒരു കാലത്ത് സിനിമയിലെ വില്ലനിസത്തിന്റെ പ്രതീകമായിരുന്നു. നായകനുമായുള്ള ഫൈറ്റിനിടയിൽ ബോബു പൊട്ടിച്ചും ഇടിച്ചുമെല്ലാം തകർത്തിരുന്നതോടെ സിനിമയിലെ വില്ലൻ വണ്ടിയായി സുമോ മാറി. എന്നാൽ ഇപ്പോൾ മെഗാസ്റ്റാറിന്റെ വണ്ടിയായി സുമോ വന്നപ്പോൾ ആ വില്ലൻ പരിവേഷം മലയാളി പ്രേക്ഷകർ മറന്നു. 

വെള്ളിത്തിരയില്‍ വില്ലൻ വണ്ടിയായിരുന്നെങ്കിലും യഥാർഥത്തിൽ ഒരുപാട് ആരാധകരുള്ള എസ്‌യുവി ആയിരുന്നു ടാറ്റാ സുമോ. ഇപ്പോൾ റോഡിൽ കാണുന്ന പുതു തലമുറ എസ്‌യുവികളെല്ലാം പിറവിയെടുക്കുന്നതിനും വർഷങ്ങൾക്കു മുൻപേ ഇന്ത്യയുടെ നിരത്തുകൾ കീഴടക്കിയതാണ് ടാറ്റാ സുമോയെന്ന 7 സീറ്റർ. 

tata-sumo-3

സുമോ എന്ന പേരു കേൾക്കുമ്പോൾ മനസ്സിലെത്തുന്നത് ഒരു സുമോ ഗുസ്തിക്കാരന്റെ ചിത്രമാണോ ? എന്നാൽ അതുമായി ടാറ്റാ സുമോയ്ക്ക് യാതൊരു ബന്ധവുമില്ല. ആ പേരിനു പിന്നിലും ഒരു കഥയുണ്ട്. ടാറ്റാ കമ്പനിയിലെ ഉയർന്ന എക്സിക്യൂട്ടീവുകൾ ഒരുമിച്ചിരുന്നായിരുന്നു ഉച്ചഭക്ഷണം കഴിച്ചിരുന്നത് എന്നാൽ സുമന്ത് മൂൽഗോക്കർ എന്ന അക്കാലത്തെ ടെൽകോ (ടാറ്റ എൻജിനീയറിങ് ആൻഡ് ലോക്കോമോട്ടീവ് കമ്പനി) സിഇഒ മാത്രം അവരുടെ കൂടെയിരിക്കാതെ എന്നും പുറത്തുപോയാണ് ഭക്ഷണം കഴിച്ചിരുന്നത്. അത് ഓഫിസിൽ ചർച്ചയായി, പല കഥകളും ആളുകൾ പറഞ്ഞു തുടങ്ങി.

tata-sumo-2

ഏതൊക്കെയോ ഡീലർമാർ അദ്ദേഹത്തിനു ഫൈവ്സ്റ്റാർ ഹോട്ടലുകളിൽ ലഞ്ച് നൽകുന്നുണ്ട് എന്നായിരുന്നു അതിലൊന്ന്. ഇതിന്റെ സത്യാവസ്ഥ അറിയാനായി ഒരു ദിവസം ചില സഹപ്രവർത്തകർ സുമന്തിനെ പിന്തുടർന്നു. എന്നാൽ അദ്ദേഹം പോയത് ഒരു ദാബയിലേക്കായിരുന്നു അവിടെ ട്രക്ക് ഡ്രൈവർമാരുമൊത്തായിരുന്നു അദ്ദേഹം ഉച്ചഭക്ഷണം കഴിച്ചിരുന്നത്. ആ സമയത്ത് ടാറ്റയുടെ ട്രക്കുകളുടെ മേൻമകളും പോരായ്മകളും അദ്ദേഹം അവരോടു ചോ‍ദിച്ചു മനസ്സിലാക്കുമായിരുന്നു. അത് തിരിച്ചറിഞ്ഞ ടാറ്റ കമ്പനി 1994 ൽ പുറത്തിറങ്ങിയ തങ്ങളുടെ എസ്‌യുവിക്ക് സുമോ എന്നു പേരു നൽകി. സുമന്ത് മൂൽഗോക്കർ എന്ന പേരിന്റെ ചുരുക്കമാണ് സുമോ.

tata-sumo-1

ഇനി സിനിമയിലെ വണ്ടിയുടെ കഥയിലേക്കു വന്നാൽ, യഥാർഥ കണ്ണൂർ സ്ക്വാഡ് ഉപയോഗിച്ചിരുന്നതും ഒരു ടാറ്റ സുമോ ആയിരുന്നു അതിനാലാണ് ചിത്രത്തിലും നായകന്റെ വാഹനമായി സുമോ തിരഞ്ഞെടുത്തത്. നിർമാതാക്കളായ മമ്മൂട്ടി കമ്പനി ഷൂട്ടിനായി രണ്ടു ‍‍ടാറ്റാ സുമോ വാങ്ങിയിരുന്നു.  ഒരെണ്ണം ഷൂട്ടിങ് ആവശ്യങ്ങൾക്കായി റൂഫ് കട്ട് ചെയ്യുകയും പിന്നീട് പൊളിക്കുകയും ചെയ്തു. രണ്ടാമത്തെ സുമോയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്.

tata-sumo-4

ഈരാറ്റു പേട്ടയിൽ നിന്നാണ് 2012 മോഡൽ സുമോ ഗോൾഡ് വാങ്ങിയത്. വാഹനത്തിന്റെ കളർ ചെറി റെഡ് ആയിരുന്നു. സിനിമയ്ക്കു വേണ്ടിയാണ് നിറം മാറ്റി വെള്ളയാക്കിയത്. ചിത്രം കേരളത്തിലും ഉത്തരേന്ത്യയിലുമായിട്ടാണ് ഷൂട്ട് ചെയ്തത്. അതിനായി വാഹനം ഓടിച്ചാണ് കൊണ്ടു പോയതും. 8000 കിലോമിറ്ററിലധികം രണ്ടു വണ്ടികളും ‍ഓടിച്ചിട്ടുണ്ട്. കേരളത്തിൽനിന്നു പുണെ, അവിടെനിന്നു ബെംഗളൂരൂ. പിന്നെ കേരളത്തിൽ വയനാടും കാസർകോടുമെല്ലാം ഒരു പാട് തവണ ഓടിച്ചുപോയി . ഇത്രയും ദൂരം സഞ്ചരിക്കാനായി വാഹനത്തിൽ പ്രത്യേകം  മോഡിഫിക്കേഷനുകൾ ഒന്നും ചെയ്തിട്ടില്ല. വാഹനം വാങ്ങിയ ശേഷം സർവീസ് ചെയ്തിരുന്നു. എൻജിനും മറ്റും പഴയതു തന്നെയാണ്. ടാറ്റയുടെ 3 ലീറ്റർ 4 സിലണ്ടർ ഡീസൽ എൻജിനും 5 സ്പീ‍ഡ് മാനുവൽ ‍ഗിയർ ബോക്സും. 83.8 ബി എച്ച് പി കരുത്തും  250 എൻ എം ടോർക്കുമുള്ളതാണ് സുമോ ഗോൾഡ്.

സിനിമയ്ക്കായി  വാഹനം കട്ട് ചെയ്യേണ്ടതു കൊണ്ടാണ് രണ്ടു സുമോ വാങ്ങിയത്. വണ്ടികൾ മമ്മൂട്ടിക്കമ്പനിയുടെ പേരിലായതുകൊണ്ട് അവ മമ്മൂട്ടി വാങ്ങിയതാണ് എന്നും പറയാം. 

English Summary: Kannur Squad Tata Sumo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com