‘ലോ റണ്ണിങ്, മിന്റ് കണ്ടീഷൻ’; 74 വർഷം പഴക്കം, ഓടിയത് 1341 കി.മീ മാത്രം!

Mail This Article
പഴയ കാര്‍ വാങ്ങുന്നവരുടെ പ്രധാന ആവശ്യങ്ങളിലൊന്നാവും അധികം ഓടാത്ത കാര്‍ വേണമെന്നത്. എന്നാല്‍ അവര്‍ പോലും ഇങ്ങനയൊരു കാര്‍ സ്വപ്നത്തില്‍ പോലും കണ്ടിട്ടുണ്ടാവില്ല. 1949 ല്‍ നിര്‍മിച്ച ഈ കാര്‍ ഇതുവരെ ആകെ ഓടിയിട്ടുള്ളത് 1,341 കിലോമീറ്റര്‍ മാത്രം. എംജിയുടെ ടിസി എന്ന മോഡലിലെ ഒരു കാറിനാണ് ഈ അപൂര്‍വ റെക്കോഡുള്ളത്. 74 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ കാര്‍ ശരാശരി ഓരോ വര്‍ഷവും ഓടിയത് കണക്കാക്കിയാല്‍ അത് വെറും 18 കിലോമീറ്ററേ വരൂ.
ഇങ്ങനെയൊരു അപൂര്‍വ കാര്‍ വില്പനക്കുവെച്ചിട്ടുള്ള വിവരം കാര്‍ ആന്റ് ക്ലാസിക് അഡ്വെര്ട്ട് ആണ് പുറത്തുവിട്ടിരിക്കുന്നത്. യൂറോപില്‍ നിന്നും അമേരിക്കന്‍ സൈനികര്‍ തിരികെ നാട്ടിലെത്തിയ 1949 കാലത്ത് എംജി ടിസിക്ക് വലിയ തോതില്‍ ആവശ്യക്കാരുണ്ടായിരുന്നു. എന്നാല്‍ ഈ ടിസി അമേരിക്കയിലേക്കല്ല ദക്ഷിണാഫ്രിക്കയിലേക്കാണ് പോയത്. ദക്ഷിണാഫ്രിക്കയിലെ കാറുകള്‍ ശേഖരിക്കുന്ന ഒരു വ്യക്തിയുടെ ഗരാജിലേക്കാണ് ഈ എംജി ടിസി കൊണ്ടുപോയത്.
പിന്നീട് മറ്റൊരു കാറുകള്‍ ശേഖരിക്കുന്നയാളുടെ ശേഖരത്തിന്റെ ഭാഗമായി ഈ കാര്‍ മാറി. റോള്‍സ് റോയ്സ്, ബെന്റ്ലി, പോഷെ എന്നിവയുടെ കൂട്ടത്തില്‍ ഈ എംജി വാഹനവും കിടന്നു. പിന്നീട് 1998ല്‍ ന്യുസീലാന്ഡിലേക്ക് ഈ കാര്‍ കൊണ്ടുവന്നു. പിന്നീട് ഇതുവരെ ന്യുസീലാന്‍ഡില്‍ തന്നെയാണ് ഈ കാര്‍ കഴിഞ്ഞത്.
കാറുകളെ പൊന്നു പോലെ നോക്കുന്നവരുടെ കൈവശമായിരുന്നു ഈ എംജി കാര്‍. അതുകൊണ്ടുതന്നെ കുറഞ്ഞ ദൂരം മാത്രമേ ഓടിയാലും കൃത്യമായ അറ്റകുറ്റ പണികളൊക്കെ മുറക്കു നടന്നു. അതിന്റെ ഫലമായാണ് 74 വര്‍ഷം പഴക്കമുണ്ടെങ്കിലും ഇപ്പോഴും ഈ എംജി ടിസി പുത്തന്‍ കാറു പോലെ ഇരിക്കുന്നത്. 1,250 സിസി 54.5 എച്ച്പി വാഹനമാണിത്.
പഴക്കമുണ്ടെന്നു കരുതി വേഗത വളരെ കുറവാകുമെന്നും കരുതരുത്. 23 സെക്കന്‍ഡ് സമയം കൊണ്ട് പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗതത്തിലെത്താന് ഈ കാറിനാവും. അന്നത്തെ നിലവാരം അനുസരിച്ച് മികച്ച വേഗതയുളള കാറായിരുന്നു ഇത്.