ADVERTISEMENT

വില്‍പനയുടെ കാര്യത്തില്‍ ഇന്ത്യന്‍ കാര്‍ വിപണി മുന്നോട്ടു കുതിച്ച മാസമാണ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍. ഉത്സവസീസണ്‍ വാഹന വില്‍പനയിലും ആഘോഷം കൊണ്ടുവന്നു. സെപ്റ്റംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പത്തു കാറുകളില്‍ ആറും മാരുതി സുസുക്കിയുടേതാണ്. എസ്‌യുവി, യുവി വാഹനങ്ങളുടെ വില്‍പന തകൃതിയായി നടക്കുന്നുണ്ടെങ്കിലും ചെറുകാര്‍ വിഭാഗം തളരാതെ പിടിച്ചു നില്‍ക്കുന്നുണ്ട്. പോയ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പത്തു കാറുകളെ പരിചയപ്പെടാം. 

മാരുതി സുസുക്കി ബലേനോ

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ബലേനോ മാത്രം എന്ന അവസ്ഥയിലാണ് പലയിടത്തും ബലേനോയുടെ വളര്‍ച്ച. 18,417 ബലേനോകളാണ് സെപ്തംബറില്‍ മാരുതി സുസുക്കി ഇന്ത്യയില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അഞ്ചു ശതമാനം കുറവാണെങ്കിലും ബലേനോ തന്നെയാണ് മറ്റുകാറുകളേക്കാള്‍ വില്‍പനയില്‍ മുന്നിലുള്ളത്. 

മാരുതി സുസുക്കി വാഗണ്‍ആര്‍

ചെറുകാറുകളില്‍ വാഗണ്‍ ആറിനോടുള്ള ഇന്ത്യക്കാരുടെ പ്രണയം അവസാനിക്കുന്നില്ല. പെട്രോള്‍, സിഎന്‍ജി വകഭേദങ്ങള്‍ ചൂടപ്പം പോലെയാണ് വിറ്റുപോവുന്നത്. തുടര്‍ച്ചയായി ആദ്യ മൂന്നു സ്ഥാനങ്ങളിലൊന്ന് വാഗണ്‍ ആര്‍ നേടുന്നത് പതിവാക്കിയിട്ടുണ്ട്. സെപ്തംബറില്‍ 16,250 വാഗണ്‍ ആറുകളാണ് വിറ്റഴിഞ്ഞത്. എങ്കിലും പോയ വര്‍ഷത്തെ അപേക്ഷിച്ച് ഇതേ കാലയളവില്‍ 20 ശതമാനം കുറവാണ് വില്‍പനയിലുണ്ടായിരിക്കുന്നത്. 

ടാറ്റ നെക്‌സോണ്‍

മൂന്നാം സ്ഥാനത്തുള്ളത് ടാറ്റയുടെ നെക്‌സോണാണ്. വില്‍പനയില്‍ ആറു ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ നെക്‌സോണിന്റെ 15,325 യൂണിറ്റുകളാണ് സെപ്തംബറില്‍ വിറ്റഴിഞ്ഞത്. രൂപത്തിലും ഫീച്ചറുകളിലും പവര്‍ട്രെയിനിലും വരെ മാറ്റങ്ങളോടെയാണ് ടാറ്റ നെക്‌സോണ്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് വേരിയന്റുകളില്‍ നെക്‌സോണ്‍ എത്തുന്നു. പ്രധാന എതിരാളിയായ ബ്രെസയെ വെട്ടിച്ചാണ് നെക്‌സോണ്‍ മൂന്നാം സ്ഥാനത്തെത്തിയതെന്നതും ശ്രദ്ധേയമാണ്. 

മാരുതി സുസുക്കി ബ്രെസ

മാരുതി സുസുകിയുടെ എസ്.യു.വികളില്‍ 15,001 എണ്ണം വിറ്റാണ് ബ്രെസ ഒന്നാമതെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ കണക്കെടുത്താല്‍ ബ്രെസയും പിന്നിലാണ്. എങ്കിലും ചെറുപ്പക്കാര്‍ക്കിടയില്‍ ബ്രസയുടെ സ്വാധീനം കാര്യമായ ഉലച്ചില്‍ തട്ടാതെ നിലനില്‍ക്കുന്നുണ്ട്. പെട്രോള്‍, സി.എന്‍.ജി ഓപ്ഷനുകളില്‍ ബ്രെസ മാരുതി സുസുക്കി പുറത്തിറക്കുന്നുണ്ട്. 

മാരുതി സുസുക്കി സ്വിഫ്റ്റ്

മാരുതി സുസുക്കിയുടെ ഹിറ്റ്ചാര്‍ട്ടുകളില്‍ എക്കാലത്തേയും മികച്ച കാറുകളിലൊന്നാണ് സ്വിഫ്റ്റ്. വില്‍പനയില്‍ കുറവു വന്നെങ്കിലും ആദ്യ പത്തു കാറുകളുടെ ഹിറ്റ് ചാര്‍ട്ടില്‍ നിന്നും സ്വിഫ്റ്റ് പുറത്തായില്ല. മുന്‍ വര്‍ഷം സെപ്തംബറിനെ അപേക്ഷിച്ച് വില്‍പനയില്‍ 23 ശതമാനം വളര്‍ച്ചയും നേടി. മുഖം മിനുക്കല്‍ ഫലം ചെയ്തുവെന്നുവേണം കരുതാന്‍. കഴിഞ്ഞ മാസം 14,703 സ്വിഫ്റ്റുകളാണ് ഇന്ത്യയില്‍ വിറ്റത്. 5.73 ലക്ഷം രൂപ മുതല്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ പുതിയ അവതാരം ഈ മാസം അവസാനം ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ പുറത്തിറങ്ങും. 

മാരുതി സുസുക്കി ഡിസയര്‍

വില്‍പനയില്‍ മുമ്പിലുള്ള ആദ്യ പത്തു കാറുകളില്‍ സെഡാനുകളിലെ സ്ഥിര സാന്നിധ്യമാണ് ഡിസയര്‍. മാരുതിയുടെ സിഎന്‍ജി സാങ്കേതികവിദ്യ ഡിസയറിന്റെ കാര്യക്ഷമത വര്‍ധിപ്പിച്ചിട്ടുണ്ട്. 2022 സെപ്തംബറിനെ അപേക്ഷിച്ച് 45 ശതമാനം വര്‍ധനയോടെ 13,880 ഡിസയറുകള്‍ കഴിഞ്ഞ മാസം മാരുതി സുസുക്കി ഇന്ത്യയില്‍ വിറ്റു. 2016ല്‍ ഇറങ്ങിയപ്പോള്‍ മുതല്‍ കാര്യമായ രൂപമാറ്റമില്ലാതെയാണ് ഡിസയര്‍ ഇന്ത്യക്കാരുടെ ഇഷ്ടകാറാവുന്നതെന്നതും ശ്രദ്ധേയം. 

മാരുതി സുസുക്കി എര്‍ട്ടിഗ

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള മൂന്നു നിരയുള്ള എം.പി.വിയാണ് എര്‍ട്ടിഗ. മികച്ച ഫീച്ചറുകളും പ്രകടനവും മാന്യമായ വിലയില്‍, അതാണ് പലര്‍ക്കും എര്‍ട്ടിഗ എന്നാല്‍. കഴിഞ്ഞ മാസം 13,528 എര്‍ട്ടിഗയാണ് വിറ്റുപോയത്. മുന്‍ വര്‍ഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 45 ശതമാനത്തിന്റെ വര്‍ധനവ്. പെട്രോളിലും സി.എന്‍.ജിയിലും ഈ എം.പി.വി ലഭ്യമാണ്. 

ടാറ്റ പഞ്ച്

ടാറ്റ മോട്ടോഴ്‌സിന്റെ കോംപാക്ട് എസ്.യു.വികളില്‍ മുന്നിലുണ്ട് പഞ്ച്. ടാറ്റയുടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള രണ്ടാമത്തെ മോഡല്‍. പെട്രോള്‍, ഡീസല്‍, സി.എന്‍.ജി, ഇലക്ട്രിക് വകഭേദങ്ങളില്‍ പഞ്ച് എത്തുന്നു. സെപ്തംബറില്‍ 13,036 പഞ്ചുകളാണ് ടാറ്റ മോട്ടോഴ്‌സ് വിറ്റത്. ഗ്ലോബല്‍ എന്‍.സി.എ.പിയുടെ 5 സ്റ്റാര്‍ സുരക്ഷാ റേറ്റിങും ടാറ്റ പഞ്ചിന്റെ പ്രിയം വര്‍ധിപ്പിക്കുന്നു.  

ഹ്യുണ്ടേയ് ക്രെറ്റ

മാരുതി വിറ്റാര, കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ് എന്നിവരെ പിന്തള്ളിയാണ് എസ്.യു.വികളില്‍ ക്രെറ്റ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം 12,717 ക്രറ്റകളാണ് ഹ്യുണ്ടേയ് മോട്ടോര്‍ വിറ്റത്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വില്‍പനയില്‍ നേരിയ കുറവുമാത്രം രേഖപ്പെടുത്തുന്നു. അടുത്ത തലമുറ ക്രെറ്റ അടുത്ത വര്‍ഷം ആദ്യം ഇന്ത്യയില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. 

ഹ്യുണ്ടേയ് വെന്യു

പട്ടികയില്‍ അവസാനത്തേത് മറ്റൊരു ഹ്യുണ്ടേയ് വാഹനമാണ്. പതിയെ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും പ്രധാന എതിരാളികളായ ടാറ്റ നെക്‌സോണിനും മാരുതി സുസുക്കി ബ്രെസക്കും ഒപ്പമെത്തണമെങ്കില്‍ വെന്യു ഇനിയും വില്‍പന മെച്ചപ്പെടുത്തണം. സെപ്തംബറില്‍ 12,204 വെന്യു എസ്.യു.വികളെയാണ് ഹ്യുണ്ടേയ് മോട്ടോര്‍ വിറ്റത്.

English Summary:

Top 10 Selling Cars In Spetember

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com