ADVERTISEMENT

വൈദ്യുത സ്‌കൂട്ടര്‍ വിപണിയിലേക്ക് 'ചേതക്' വഴി എത്തിയ ബജാജ് ഓട്ടോ ഇപ്പോള്‍ പുതിയ ലക്ഷ്യത്തിലാണ്. എല്‍പിജി, സിഎന്‍ജി, എഥനോള്‍ എന്നിങ്ങനെയുള്ള ഹരിത ഇന്ധനങ്ങളില്‍ ഓടുന്ന ഇരുചക്രവാഹനങ്ങള്‍ വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് ബജാജ്. ആറു മാസത്തിനകം മലിനീകരണവും ഇന്ധനചെലവും കുറവുള്ള ഇരുചക്രവാഹനങ്ങളെ അവതരിപ്പിച്ച് ബജാജ് ഞെട്ടിക്കുമെന്നാണ് സൂചന.

ബ്രൂസര്‍ ഇ101 എന്ന് ബജാജ് ആഭ്യന്തരമായി പേരിട്ട സിഎന്‍ജി-പെട്രോള്‍ ബൈക്കിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവില്‍ ഇതു പുറത്തിറങ്ങിയേക്കും. 110 സിസിയുള്ള ഈ ബൈക്കിന്റെ വികസനം പലഘട്ടങ്ങളിലായി നടക്കുകയാണ്. വിജയിച്ചാല്‍ ഔറംഗബാദ് ഫാക്ടറിയിലും ഉത്തരാഖണ്ഡിലെ പന്ത് നഗര്‍ ഫാക്ടറിയിലും ഈ ബൈക്ക് നിര്‍മിക്കാനാണ് പദ്ധതി. പ്ലാറ്റിന എന്ന ജനകീയ ബ്രാന്‍ഡിനു കീഴിലായിരിക്കും ഈ സിഎന്‍ജി പെട്രോള്‍ ബൈക്ക് എത്തുക. 

ഇന്ത്യയിലെ പാസഞ്ചര്‍ ത്രീവീലര്‍ വാഹന വിപണിയില്‍ പുരോഗതി നേടാന്‍ ബജാജിന് സാധിച്ചിട്ടുണ്ട്. ഇതിന് സിഎന്‍ജി, എല്‍പിജി ഇന്ധനങ്ങളിലേക്കുള്ള മാറ്റവും സഹായിച്ചുവെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. നിലവില്‍ ഇന്ത്യയിലെ 90 ശതമാനത്തിലേറെ പാസഞ്ചര്‍ ത്രീ വീലര്‍ വാഹനങ്ങള്‍ ബജാജിന്റേതാണ്. ഇതേ പാതയില്‍ ഇരുചക്രവാഹന വിപണിയിലും സ്വാധീനം വര്‍ധിപ്പിക്കാനാണ് കമ്പനി ശ്രമം.

ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 1-1.2 ലക്ഷം സിഎന്‍ജി ബൈക്കുകള്‍ നിര്‍മിക്കാനും പിന്നീട് ഇത് പ്രതിവര്‍ഷം രണ്ടു ലക്ഷമാക്കി ഉയര്‍ത്താനുമാണ് ബജാജിന്റെ ശ്രമം. സിഎന്‍ജി മോട്ടോര്‍ സൈക്കിളുകള്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള പിന്തുണ കൂടി ലഭിച്ചാല്‍ ഏറെ ആശ്വാസമാവുമെന്ന് ബജാജ് ഓട്ടോ എംഡി രാജിവ് ബജാജ് തന്നെ പറഞ്ഞിരുന്നു. സിഎന്‍ജിയില്‍ ഓടുന്ന കാറുകളുടെ ജിഎസ്ടി 18 ശതമാനമാക്കി കുറക്കണമെന്ന് നേരത്തെ മാരുതി സുസുക്കിയും ആവശ്യപ്പെട്ടിരുന്നു. സിഎന്‍ജിക്ക് ഇന്ധനക്ഷമത കൂടുതലും മലിനീകരണം കുറവുമാണെന്നും വാഹന നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

100-110 സിസിയുടെ എന്‍ട്രി ലെവല്‍ ഇരുചക്ര വാഹന വിപണിക്ക് നിലവില്‍ അഞ്ചു ശതമാനം വളര്‍ച്ചയാണുള്ളത്. ആകെ ഇരുചക്രവാഹന വിപണിയുടെ വളര്‍ച്ചയുടെ പകുതിയെ ഇത് വരൂ. ഈ വിഭാഗത്തിന്റെ വിപണി വിഹിതം ആകെ ഇരുചക്രവാഹനവിപണിയുടെ മൂന്നിലൊന്നായി കുറയുകയും ചെയ്തു. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് 45 ശതമാനവുമായി ഇരുചക്രവാഹന വിപണിയിലെ പ്രധാനികളായിരുന്നു ഈ വിഭാഗം. മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമായതോടെ ഇരുചക്രവാഹനങ്ങളുടെ വിലയില്‍ 20-30ശതമാനം വര്‍ധനവുണ്ടായതാണ് തിരിച്ചടിയുടെ ഒരു കാരണം. ബജാജിന്റെ സിഎന്‍ജി-പെട്രോള്‍ ബൈക്ക് വരുന്നതോടെ പുത്തന്‍ ഉണര്‍വ് ഈ വിഭാഗത്തിനു തന്നെ ഉണ്ടായേക്കും.

English Summary:

Bajaj CNG bike in the works, could be 110cc

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com