ADVERTISEMENT

ഒഫീഷ്യല്‍ എയര്‍ലൈന്‍ ഗൈഡ് (ഒഎജി) പ്രകാരം, രാജ്യാന്തര തലത്തിലുള്ള വിമാനയാത്രകളുടെ ശരാശരി ദൈർഘ്യം 1,437 കിലോമീറ്റര്‍ വരെയാണ്. ഇതിനു വേണ്ടി വരുന്നതോ 2 മണിക്കൂറും 29 മിനിറ്റുമാണ്. എന്നാൽ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനറൂട്ടുകള്‍ക്ക് ഇതിന്റെ പത്തിരട്ടിയിലേറെ ദൂരമാണുള്ളത്. അത്തരത്തിൽ, ലോകത്തെ ഏറ്റവും സമയമെടുക്കുന്ന അഞ്ചു വിമാനയാത്രകളെപ്പറ്റി അറിയാം. 

Image Source: Singapore air
Image Source: Singapore air

സിംഗപ്പൂര്‍ - ന്യൂയോര്‍ക്ക്

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസ് എന്ന പെരുമ സിംഗപ്പൂര്‍ –ന്യൂയോര്‍ക്ക് സര്‍വീസിനാണ്. 15,348 കിലോമീറ്ററാണ് ദൂരം. 2020 നംവബറിലാണ് സര്‍വീസ് ആരംഭിച്ചത്. എയർബസ് എ350 900യുഎല്‍ആര്‍ വിമാനമാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. സിംഗപ്പൂരില്‍നിന്ന് 12:10ന് യാത്ര തിരിക്കുന്ന വിമാനം ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്‌ കെന്നഡി വിമാനത്താവളത്തില്‍ 18:50 ന് എത്തിച്ചേരും. യാത്രാസമയം 18:40 മണിക്കൂര്‍. തിരികെ 22:30ന് ന്യൂയോര്‍ക്കില്‍നിന്നു പറന്നുയര്‍ന്ന് സിംഗപൂരിലേക്ക് 05:20ന് എത്തിച്ചേരും. യാത്രാസമയം 18:50 മണിക്കൂര്‍. 

Image Source: Singapore air
Image Source: Singapore air

സിംഗപ്പൂര്‍ - നെവാർക്ക്

കൊറോണ വൈറസ് ലോകം കീഴടക്കും മുന്‍പ് ഏറ്റവും ദൈര്‍ഘ്യമുള്ള രാജ്യാന്തരവിമാന സര്‍വീസ് എന്ന പേര് ഈ സര്‍വീസിനായിരുന്നു. 15,344 കിലോമീറ്റര്‍ പിന്നിടുന്ന ഈ സര്‍വീസ് നിലവില്‍ രണ്ടാം സ്ഥാനത്താണ്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ 161 സീറ്റ് എ350 900യുഎല്‍ആര്‍ ആണ് സര്‍വീസ് നടത്തുന്നത്. 67 ബിസിനസ് സീറ്റുകളും 94 പ്രീമിയം ഇക്കോണമി സീറ്റുകളുമാണുള്ളത്.  സിംഗപ്പൂരില്‍നിന്ന് 23.25ന് പറന്നുയരുന്ന വിമാനം ന്യൂജഴ്‌സിയിലെ നെവാർക്കിൽ 06.00ന് എത്തും. സമയം 18:25 മണിക്കൂര്‍. തിരികെ രാവിലെ പത്തിന് പറന്നുയരുന്ന വിമാനം പിറ്റേന്ന് 17.10നാണ് എത്തുക. സമയം 19:10 മണിക്കൂര്‍. സിംഗപ്പൂര്‍ - ന്യൂയോര്‍ക്ക് യാത്രയ്ക്കാണ് ദൂരം കൂടുതലെങ്കിലും സമയം കൂടുതൽ എടുക്കുന്നത് സിംഗപ്പൂര്‍ - നെവാർക്ക് സർ‌വീസിനാണ്.

Image Source: Qatar air
Image Source: Qatar air

ദോഹ- ഓക്‌ലന്‍ഡ്

ഖത്തര്‍ എയര്‍വെയ്സ് 2017 ഫെബ്രുവരിയിലാണ് ഈ  വിമാന സര്‍വീസ് ആരംഭിച്ചത്. ദൂരം 14,535 കിലോമീറ്റര്‍. കോവിഡിനെ തുടര്‍ന്ന് 2020 ഏപ്രിലില്‍ ഈ സര്‍വീസ് നിര്‍ത്തിവയ്ക്കുകയും പുനരാരംഭിക്കുകയും ചെയ്തു. 327 സീറ്റുള്ള എ350-1000 വിമാനമാണ് സര്‍വീസ് നടത്തുന്നത്. ഖത്തറില്‍നിന്നു രാവിലെ 08:20ന് പുറപ്പെടുന്ന വിമാനം ന്യുസീലന്‍ഡില്‍ പിറ്റേന്ന് രാവിലെ 09:15ന് എത്തിച്ചേരും. വേണ്ടി വരുന്ന സമയം 15 മണിക്കൂറും 55 മിനിറ്റും. തിരികെ 15:00ന് ഓക്‌ലന്‍ഡില്‍നിന്നു പുറപ്പെടുന്ന വിമാനം ഖത്തറിലെ ദോഹയിലേക്ക് 17 മണിക്കൂറിനും 15 മിനിറ്റിനും ശേഷം 23.15ന് എത്തിച്ചേരും. 

Image Source: Qantas Air
Image Source: Qantas Air

പെര്‍ത്ത് - ലണ്ടന്‍ 

2018 മാര്‍ച്ചിലാണ് 14,499 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ വിമാന സര്‍വീസ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയന്‍ എയര്‍ലൈനായ ക്വന്റാസ് ആണ് ഈ വിമാന സര്‍വീസ് നടത്തുന്നത്. ബോയിൽ 787–9 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ആദ്യം ഓസ്‌ട്രേലിയയില്‍നിന്നു യൂറോപിലേക്കുള്ള ആദ്യത്തെ നോണ്‍ സ്‌റ്റോപ് വിമാന സര്‍വീസായിരുന്നു ഇത്.  ഓസ്‌ട്രേലിയയില്‍നിന്ന് 18:45ന് പറന്നുയരുന്ന ക്യുഎഫ്9 ലണ്ടനില്‍ 05:0 5നാണ് എത്തിച്ചേരുക (സമയം 17 മണിക്കൂറും 20 മിനിറ്റും). ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍നിന്ന് 11:55ന് പറന്നുയരുന്ന വിമാനം പിറ്റേന്ന് 11:40ന് ഓസ്‌ട്രേലിയയിലെത്തും. ആകെ 16 മണിക്കൂറും 45 മിനിറ്റുമാണ് യാത്രയ്ക്കെടുക്കുക. ഈ റൂട്ടില്‍ 2023 മേയ് വരെയുള്ള കണക്കുകള്‍ പ്രകാരം 11,387 യാത്രികര്‍ സഞ്ചരിച്ചു.

Image Source: Qantas Air
Image Source: Qantas Air

മെല്‍ബണ്‍ - ഡാലസ് 

ക്വന്റാസ് എയര്‍ലൈന്‍സിന്റെ മെല്‍ബണ്‍ - ഡാലസ്  വിമാന സര്‍വീസാണ് ഈ പട്ടികയില്‍ അഞ്ചാമതുള്ളത്. 14,440 കിലോമീറ്ററാണ് ദൂരം. 236 സീറ്റുകളുള്ള ബോയിങ് 787-9 വിമാനമാണ് മൂന്ന് ആഴ്ച കൂടുമ്പോഴുള്ള ഈ സര്‍വീസ് നടത്തുന്നത്. 2022 ഡിസംബര്‍ മുതലാണ് ഈ വിമാന സര്‍വീസ് ആരംഭിച്ചത്. മെല്‍ബണില്‍നിന്ന് 12:45ന് പറന്നുയർന്ന് ടെക്‌സസിലേക്ക് 13:45ന് എത്തിച്ചേരും 16 മണിക്കൂറാണ് ഈ യാത്രയ്ക്കു വേണ്ടി വരിക. തിരിച്ച ടെക്‌സസില്‍നിന്ന് 20:50ന് പറന്നുയര്‍ന്ന് രണ്ടു ദിവസത്തിനുശേഷം 05:22നാണ് മെല്‍ബണിലേക്കെത്തി ചേരുക. യാത്രാ സമയം 17 മണിക്കൂറും 35 മിനിറ്റുമാണ്. 

English Summary:

Auto News, The World's 5 Longest Flight Routes Until December 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com