ADVERTISEMENT

മുഖം മിനുക്കിയെത്തുന്ന നാലാം തലമുറ കാര്‍ണിവലിന്റെ ഉള്‍ഭാഗത്തെ സവിശേഷതകള്‍ പുറത്തുവിട്ട് കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ. ആഡംബര സൗകര്യങ്ങളുമായി എത്തുന്ന കാര്‍ണിവെലിന്റെ എക്സ്റ്റീരിയർ ചിത്രങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കമ്പനി പുറത്തുവിട്ടിരുന്നു. ഇന്ത്യയില്‍ അടുത്തവര്‍ഷം എത്തുമെന്ന് പ്രതീക്ഷിക്കുന്ന കാര്‍ണിവെല്‍ എംപിവിയുടെ ബുക്കിങ് കൊറിയയില്‍ ആരംഭിച്ചിട്ടുണ്ട്.

kia-carnival-3

രാജ്യാന്തര വിപണിയിലെ മൂന്നാം തലമുറ കാർണിവൽ ആണ് ഇന്ത്യയിൽ ആദ്യ തലമുറയായി 2020ൽ എത്തിയത്. കിയയുടെ ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായിരുന്നുവത്. പ്രീമിയം ലക്ഷ്വറി എംപിവി സെഗ്‌മെന്റിൽ കാർണിവല്ലിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പുതിയ മോഡൽ എത്തുന്നതിന്റെ ഭാഗമായി ഈ വർഷം ആദ്യം കാർണിവല്ലിനെ കിയ ഇന്ത്യൻ വിപണിയില്‍ നിന്ന് പിൻവലിച്ചിരുന്നു.

kia-carnival-5

മാറ്റങ്ങളുമായി എക്സ്റ്റീരിയർ

ഉയര്‍ന്ന മുന്‍ഭാഗവും വലിയ ഗ്രില്ലും 'L' ആകൃതിയിലുള്ള ഹെഡ്‌ലാംപുകളും ഡേടൈം റണ്ണിങ് ലാംപുകളും കിയ കാര്‍ണിവെലിലുണ്ട്. ബംപറില്‍ ചെറിയ എയര്‍ ഇന്‍ടേക്കുകളുണ്ട്. പിന്നിലും 'L' ആകൃതി തുടരുന്നുണ്ട്. ടെയില്‍ ലാംപുകളെ ബന്ധിപ്പിച്ച് എല്‍ഇഡി കണക്റ്റ് ലൈറ്റ് ബാറും നല്‍കിയിട്ടുണ്ട്. 19 ഇഞ്ച് അലോയ് വീലുകള്‍ക്ക് കിയയുടെ വൈദ്യുത മോഡലുകളായ ഇവി5, ഇവി9 എന്നിവയുമായി സാമ്യതയുണ്ട്. ഹൈബ്രിഡ് മോഡലില്‍ 18 ഇഞ്ച് അലോയ് വീലുകളാണു നല്‍കിയിട്ടുള്ളത്. 

kia-carnival-2

ആഡംബര ഇന്റീരിയർ

നാല്, ഏഴ്, ഒമ്പത് സീറ്റുകളിലാണ് കിയ കാര്‍ണിവല്‍ എത്തുന്നത്. ഡാഷ്‌ബോര്‍ഡിന്റെ പകുതി വരെ നീണ്ട് നിൽക്കുന്ന കര്‍വ്ഡ് ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റാണ്. രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് സ്‌ക്രീനായും ഇന്‍ഫോടെയിന്‍മെന്റ് യൂനിറ്റായും പ്രവര്‍ത്തിക്കുന്നു. എ.സിയിലും ഓഡിയോ കണ്‍ട്രോളിലും മാറ്റങ്ങളുണ്ട്. മുന്നിലും പിന്നിലും ഡാഷ് കാമറ, ഹെഡ്‌സ്അപ് ഡിസ്‌പ്ലേ, ഡിജിറ്റല്‍ റിയര്‍ വ്യൂ മിറര്‍, പുതിയ ഡിജിറ്റല്‍ കീ, ഡാഷ്‌ബോര്‍ഡിലേക്കു നീളുന്ന ലൈറ്റിങ്, വിരലടയാളം ഉപയോഗിച്ച് വാഹനം സ്റ്റാര്‍ട്ടു ചെയ്യാനുള്ള സൗകര്യം എന്നിവയും പുതിയ കിയ കാര്‍ണിവെലിലുണ്ട്. 

kia-carnival-4

ഷോക് അബ്‌സോര്‍ബറുകളില്‍ വരുത്തിയ മാറ്റം കൂടുതല്‍ മെച്ചപ്പെട്ട യാത്രാസുഖം നല്‍കുമെന്നാണ് കിയയുടെ വാഗ്ദാനം. പിന്നിലെ എന്റര്‍ടെയിന്‍മെന്റ് സ്‌ക്രീന്‍ 14.6 ഇഞ്ചിന്റേതാണ്. അപ്‌ഡേറ്റഡ് അഡാസ് സുരക്ഷയും അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോളും ലൈന്‍ ചേഞ്ച് അസിസ്റ്റും എട്ട് എയര്‍ബാഗുകളുമെല്ലാം കിയ കാര്‍ണിവലിന്റെ പുതിയ മോഡലിന് സുരക്ഷ നല്‍കും. 

kia-carnival

എൻജിൻ

എന്‍ജിനിലേക്കു വന്നാല്‍ മൂന്നു പവര്‍ട്രെയിനുകളാണ് കാര്‍ണിവെലിന് നല്‍കിയിരിക്കുന്നത്. 3.5 ലീറ്റര്‍ പെട്രോള്‍, 1.6 ലീറ്റര്‍ ഹൈബ്രിഡ്, 2.2 ലീറ്റര്‍ ഡീസല്‍ എന്നിവയാണ് അവ. പെട്രോള്‍ ഹൈബ്രിഡ് പവര്‍ട്രെയിന് 245 ബിഎച്ച്പി കരുത്തും പരമാവധി 367 എൻഎം ടോര്‍ക്കും പുറത്തെടുക്കാനാവും. ഇന്ത്യയില്‍ പുതിയ കാര്‍ണിവെല്‍ എത്തുമെന്ന് ജൂലൈയില്‍ തന്നെ കിയ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഏത് എൻജൻ മോഡലാണ് എത്തുക എന്ന് വ്യക്തമല്ല. മള്‍ട്ടി പര്‍പസ് വാഹനങ്ങളില്‍ ടൊയോട്ട ഇന്നോവ, വെല്‍ഫയര്‍ എന്നിവയോടായിരിക്കും കാര്‍ണിവല്‍ മത്സരിക്കുക.

English Summary:

Auto News, Kia Carnival facelift fully revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com