ADVERTISEMENT

ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന കാറുകളിലൊന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. മികച്ച ഫീച്ചറുകളും താങ്ങാവുന്ന വിലയും സാധാരണക്കാരെയും കാര്‍പ്രേമികളെയും ഒരേ പോലെ സ്വിഫ്റ്റിന്റെ ആരാധകരാക്കി. അടുത്തിടെ അവസാനിച്ച ടോക്കിയോ മോട്ടർ ഷോയില്‍ സുസുക്കി പുതു തലമുറ സ്വിഫ്റ്റ് അവതരിപ്പിച്ചിരുന്നു. പുതിയ സ്വിഫ്റ്റില്‍ നിലവിലെ സ്വിഫ്റ്റില്‍നിന്ന് എന്തൊക്കെ പരിഷ്‌കാരങ്ങളാണുള്ളത്? നോക്കാം.

maruti-suzuki-swift-2024-2

ടോക്കിയോ മോട്ടര്‍ ഷോയില്‍ ഇന്ത്യന്‍ കാര്‍ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്നതായിരുന്നു സ്വിഫ്റ്റിന്റെ പുതു രൂപത്തിന്റെ അവതരണം. പല കാര്യങ്ങളിലും ഞെട്ടിച്ചു കൊണ്ടുതന്നെയാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്. നാലാം തലമുറ മോഡലായാണ് പുതിയ സ്വിഫ്റ്റിനെ സുസുക്കി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ എന്‍ജിന്‍, സ്റ്റൈലിങ്ങിലെ പുതുമ, ഉയര്‍ന്ന മോഡലുകളിലെ ഇന്റീരിയര്‍ സൗകര്യങ്ങള്‍ എന്നിങ്ങനെ പുതു സ്വിഫ്റ്റില്‍ വിശേഷങ്ങള്‍ പലതുമുണ്ട്. 

maruti-suzuki-swift-2024-1

ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കും വിധമുള്ള മാറ്റങ്ങളേ എക്സറ്റീരിയറിൽ‌ വരുത്തിയിട്ടുള്ളൂ. ഉരുണ്ട മൂക്കും ഉയര്‍ന്ന മുന്‍ഭാഗവും താഴ്ന്നതും വീതിയേറിയതുമായ പിന്‍ഭാഗവും ബോണറ്റ് മുതല്‍ പിന്നിലെ ഫെന്‍ഡര്‍ വരെ നീളുന്ന നേര്‍ത്ത ഷോള്‍ഡര്‍ ലൈനുമെല്ലാം പുതിയ സ്വിഫ്റ്റിന്റെ രൂപത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. നിലവിലുള്ള മോഡലിലേതു പോലെയാണ് ഹെഡ്‌ലാംപുകളും ഗ്രില്ലുമുള്ളത്. എന്നാല്‍ 'L' രൂപത്തിലുള്ള എല്‍ഇഡി ഡൈടൈം റണ്ണിങ് ലാംപുകള്‍ കൂടുതല്‍ നേര്‍ത്തതാക്കിയിരിക്കുന്നു.

രൂപകല്‍പനയില്‍ വശങ്ങളിലാണ് വലിയ മാറ്റമുള്ളത്. പിന്നിലെ ഡോറുകളിലെ സി പില്ലറുകളിലേക്ക് കയറ്റിയിരുന്ന ഡോര്‍ ഹാന്‍ഡിലുകള്‍ വീണ്ടും പഴയതുപോലെ താഴേക്കിറക്കിയിരിക്കുന്നു. സി പില്ലര്‍ ഡോര്‍ ഹാന്‍ഡിലുകള്‍ താഴേക്കിറങ്ങിയതോടെ പിന്നിലെ വിന്‍ഡോയിലെ ചില്ലു ഭാഗത്തിന്റെ വലുപ്പം കൂടിയിട്ടുണ്ട്. ഇത് പിന്നിലെ യാത്രികരുടെ പുറം കാഴ്ച വര്‍ധിപ്പിക്കും.

ടെയില്‍ ലാംപില്‍ 'C' രൂപത്തിലുള്ള എല്‍ഇഡിയാണ്. ഡ്യുവല്‍ ടോണ്‍ ഫിനിഷാണ് പിന്‍ ബംപറില്‍. 3,860 എംഎം നീളവും 1,695 എംഎം വീതിയും 1,500 എംഎം ഉയരവുമുള്ള പുതിയ സ്വിഫ്റ്റിന്റെ വീല്‍ ബേസ് 2,450 എംഎം ആണ്. നിലവിലെ മോഡലിനെ അപേക്ഷിച്ച് 15 എംഎം നീളവും 30 എംഎം ഉയരവും കൂടുതലാണെങ്കില്‍ വീതി 40 എംഎം കുറഞ്ഞിരിക്കുകയാണ്. അതേസമയം വീല്‍ ബേസില്‍ മാറ്റങ്ങളില്ല.

Maruti Suzuki Swift
Maruti Suzuki Swift

പല പ്രീമിയം മോഡലുകളിലേയും സൗകര്യങ്ങള്‍ പുതിയ സ്വിഫ്റ്റിലേക്ക് എത്തിച്ചിട്ടുണ്ട്. മാരുതി സുസുക്കിയുടെ മറ്റു മോഡലുകളായ ബലേനോയിലും ഫ്രോങ്ക്‌സിലുമെല്ലാമുള്ള ഇന്റീരിയര്‍ സവിശേഷതകള്‍ സ്വിഫ്റ്റിലും കാണാം. ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റ്, HVAC കണ്‍ട്രോളും ടോഗിള്‍ സ്വിച്ചുകളും, സ്റ്റിയറിങ് വീല്‍, ഡോറിലെ സ്വിച്ച് ഗിയര്‍ എന്നിവയ്ക്കാണ് സാമ്യം കൂടുതല്‍. പുതിയ സ്വിഫ്റ്റിലെ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീനില്‍ ചെറിയ മാറ്റങ്ങളുണ്ട്. കറുപ്പ് നിറത്തിലുള്ള ഇന്റീരിയറിനു പകരം കറുപ്പിലും വെളുപ്പിലുമുള്ള ഇന്റീരിയറാണ്. ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, ആഡാസ് സുരക്ഷ എന്നിവയെല്ലാമുള്ള മോഡലാണ് ടോക്യോ മോട്ടര്‍ ഷോയില്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ ഇറക്കുന്ന സ്വിഫ്റ്റിന് ഈ സവിശേഷതകളെല്ലാം ഉണ്ടാവുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. 

എന്‍ജിനിലാണ് ഏറ്റവും വലിയ മാറ്റം വന്നിരിക്കുന്നത്. നിലവിലുളള കെ12 ഫോര്‍ സിലിണ്ടര്‍ എന്‍ജിനുപകരം 1.2 ലീറ്റര്‍, ത്രീ സിലിണ്ടര്‍, നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനാണ്. പുതിയ എന്‍ജിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കെ12 എന്‍ജിന്‍ 90എച്പി കരുത്തും പരമാവധി 113എൻഎം ടോര്‍ക്കുമാണ് പുറത്തെടുക്കുക. ഇതിലും മികച്ച പ്രകടനം പുതിയ എന്‍ജിനില്‍ പ്രതീക്ഷിക്കാം. ഇന്ധനക്ഷമതയുടെ കാര്യത്തിലും ഒത്തുതീര്‍പ്പുകള്‍ക്ക് സാധ്യതയില്ല.

പുതിയ സ്വിഫ്റ്റിന്റെ റോഡിലെ പരീക്ഷണം മാരുതി സുസുക്കി നടത്തിയിരുന്നു. അടുത്ത വര്‍ഷം പകുതിയോടെ പുതിയ സ്വിഫ്റ്റ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. നിലവിലെ സ്വിഫ്റ്റിന് 5.99 ലക്ഷം മുതല്‍ 9.03 ലക്ഷം രൂപ വരെയാണ് വിലയെങ്കില്‍ പുതിയ മോഡലിന്റെ സൗകര്യങ്ങള്‍ കൂടി കണക്കിലെടുത്ത് വില വര്‍ധിക്കാനാണ് സാധ്യത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com