ADVERTISEMENT

വൈദ്യുത കാറിൽ നിന്ന് മറ്റൊരു വാഹനം ചാർജ് ചെയ്യാവുന്ന സംവിധാനം അവതരിപ്പിച്ച് ലൂസിഡ് മോട്ടോഴ്‌സ്. റേഞ്ച്എക്‌സ്‌ചേഞ്ച് (RangeXchange) എന്ന പേരിലാണ് പുതിയ ടെക്നോളജി എത്തുന്നത്. ലൂസിഡ് കാര്‍ ഉടമകള്‍ക്ക് ഈ സംവിധാനം ഉപയോഗിച്ച് സ്വന്തം വാഹനത്തില്‍ നിന്നു മറ്റൊരു വൈദ്യുത കാര്‍ ചാര്‍ജു ചെയ്യാന്‍ സാധിക്കും. ഇതിനായി പ്രത്യേകം അഡാപ്റ്റര്‍ കേബിള്‍ മാത്രം മതിയാകും.

ലൂസിഡിന്റെ ആഡംബര വൈദ്യുത കാറുകളില്‍ മൈല്‍/kWh അനുപാതം വളരെ മികച്ചതാണ്. മറ്റു വൈദ്യുത കാറുകളെ അപേക്ഷിച്ച് ലൂസിഡ് കാറുകളുടെ റേഞ്ച് കൂടുതലാണ്. ലൂസിഡ് എയര്‍ ഡ്രീം എഡിഷന്‍ ഒരു തവണ ചാര്‍ജു ചെയ്താല്‍ ശരാശരി 665 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് കമ്പനിയുടെ അവകാശവാദം. ലൂസിഡ് കാറുകളില്‍ നിന്നും മറ്റു കാറുകളിലേക്ക് ചാര്‍ജു ചെയ്യുകയെന്നത് മറ്റു കാറുടമകള്‍ക്ക് ഉപകാരമാവുന്ന ഫീച്ചറായിരിക്കും.

വെഹിക്കിള്‍ ടു വെഹിക്കിള്‍(V2V) രീതിയില്‍ 9.6kW നിരക്കില്‍ മറ്റു വാഹനങ്ങള്‍ ചാര്‍ജു ചെയ്യാനാവും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ദൂരം ഓടാന്‍ വേണ്ട ചാര്‍ജ് ഈ രീതിയില്‍ മറ്റു വാഹനങ്ങളിലേക്കെത്തും. 'വാഹനത്തിന്റെ ബാറ്ററി ചാര്‍ജുചെയ്യുന്ന സാധാരണ ഉപകരണമല്ല വുണ്ടര്‍ബോക്‌സ്(Wunderbox). വണ്ടര്‍ബോക്‌സിനൊപ്പം റേഞ്ച്എക്‌സ്‌ചേഞ്ച് കൂടി വരുന്നതോടെ വെഹിക്കിള്‍ ടു വെഹിക്കിള്‍ ചാര്‍ജിങ് സാധ്യമായി. ഭാവിയില്‍ വെഹിക്കിള്‍ ടു ഹോം, വെഹിക്കിള്‍ ടു ഗ്രിഡ് പവര്‍ എന്നിവയും സാധ്യമാവും. ഞങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇത്തരം ഫീച്ചറുകള്‍ കൊണ്ട് സാധിക്കും' എന്നാണ് ലൂസിഡ് ചീഫ് എന്‍ജിനീയറും സീനിയര്‍ വൈസ് പ്രസിഡന്റ് ഓഫ് പ്രൊഡക്ടുമായ എറിക് ബാക് പറഞ്ഞത്. 

അമേരിക്കയില്‍ നിന്നുള്ള ആഡംബര വൈദ്യുത കാര്‍ നിര്‍മാണ കമ്പനിയായ ലൂസിഡ് മോട്ടോഴ്‌സിന് ഈ വര്‍ഷം മൂന്നാം പാദത്തില്‍ വിചാരിച്ച നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. എങ്കിലും പുതിയ സാങ്കേതികവിദ്യകളും സൗകര്യങ്ങളും വൈദ്യുതകാറുകളില്‍ അവതരിപ്പിക്കുന്നതിലുള്ള മേല്‍ക്കൈ ഈ കമ്പനി തുടരുകയാണ്. പ്രതീക്ഷിച്ച വളര്‍ച്ച രേഖപ്പെടുത്താതിരുന്ന ലൂഡിസ് വാഹന ഉടമകള്‍ക്ക് അവരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ലൂസിഡ് കാറുകള്‍ നിര്‍ദേശിക്കുന്ന ഒരു റഫറല്‍ പദ്ധതിയും ആരംഭിച്ചിരുന്നു.

2025 ആവുമ്പോഴേക്കും ടെസ്‌ലയുടെ നോര്‍ത്ത് അമേരിക്കന്‍ ചാര്‍ജിങ് സ്റ്റാന്‍ഡേഡിന്റെ(NACS) ഭാഗമാവുന്ന ഏറ്റവും പുതിയ കാര്‍ നിര്‍മാണ കമ്പനിയായി ലൂസിഡ് മോട്ടോഴ്‌സ് കഴിഞ്ഞ ആഴ്ചയില്‍ മാറിയിരുന്നു. ഇതുവഴി വടക്കേ അമേരിക്കയില്‍ മാത്രം 15,000ത്തിലേറെ സൂപ്പര്‍ ചാര്‍ജറുകള്‍ ഉപയോഗിക്കാന്‍ ലൂസിഡ് വാഹന ഉടമകള്‍ക്കു സാധിക്കും. ഫോഡ്, ജിഎം, ഹ്യുണ്ടേയ് മോട്ടോര്‍ ഗ്രൂപ്പ്, ബിഎംഡബ്ല്യു എന്നിങ്ങനെയുള്ള പ്രമുഖ കാര്‍ നിര്‍മാണ കമ്പനികളും ടെസ്‌ലയുടെ സംവിധാനം ഉപയോഗിക്കാനുള്ള താല്‍പര്യം നേരത്തെ പ്രകടിപ്പിച്ചിരുന്നു.

വെഹിക്കിള്‍ ടു ഗ്രിഡ് ഭാവിയില്‍ സാധ്യമാണെങ്കിലും ഇതിന് സാങ്കേതികവും നിയമപരവുമായ പല തടസങ്ങളുമുണ്ട്. അതേസമയം ലൂസിഡ് കാറുകളില്‍ നിന്നും ഒരു വീടിനു വേണ്ട വൈദ്യുതി ആവശ്യമുള്ളപ്പോള്‍ എടുക്കാന്‍ കഴിയുന്ന സംവിധാനം കൂടുതല്‍ പ്രായോഗികമാണ്. അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് അടുത്ത മാസം മുതല്‍ ലഭ്യമാവുന്ന കേബിള്‍ അഡാപ്റ്റര്‍ വാങ്ങിക്കൊണ്ട് റേഞ്ച്എക്‌സ്‌ചേഞ്ച് ചാര്‍ജിങ് സൗകര്യം ആസ്വദിക്കാനാവും. അതേസമയം ഈ കേബിള്‍ അഡാപ്റ്ററിന്റെ വില കമ്പനി പുറത്തുവിട്ടിട്ടില്ല.

English Summary:

Lucid Motors (LCID) introduces RangeXchange, offering vehicle-to-vehicle charging Capabilities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com