ADVERTISEMENT

സുരേഷ് ഗോപി നായകനായ ഗരുഡൻ സിനിമയുടെ വിജയത്തിന്റെ ഭാഗമായി അരുൺ വർമയ്ക്ക് കിയ സെൽറ്റോസ് സമ്മാനിച്ച് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. കിയയുടെ എസ്‍യുവി സെൽറ്റോസിന്റെ ഉയർന്ന മോഡലാണ് സംവിധായകന് സമ്മാനമായി ലഭിച്ചത്. ലിസ്റ്റിൻ സ്റ്റീഫൻ കാറിന്റെ താക്കോൽ സമ്മാനിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

kia-seltos-gift-1

മിഥുൻ മാനുവൽ തിരക്കഥ എഴുതി അരുൺ വർമ സംവിധാനം ചെയ്ത ഗരുഡൻ വിജയമായതോടെയാണ് ചിത്രത്തന്റെ സംവിധായകന് ലാഭവിഹിതത്തിൽ നിന്നു കാർ സമ്മാനമായി നൽകിയത്. സുരേഷ് ഗോപി - ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നവംബർ മൂന്നിനാണ് റിലീസ് ചെയ്തത്.

സുരേഷ് ഗോപി - ബിജു മേനോൻ കൂട്ടുക്കെട്ട് പ്രേക്ഷകർക്കിടയിൽ ഒരു വലിയ തരംഗം തന്നെ സൃഷ്ടിച്ചുവെന്നാണ് നിർമാതാക്കൾ പറയുന്നത്. അഞ്ചാംപാതിരാക്ക് ശേഷം മിഥുൻ മാനുവൽ തിരക്കഥ ഒരുക്കുന്ന ത്രില്ലർ ചിത്രം കൂടിയാണ് ഗരുഡൻ. അഭിരാമി, സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കാങ്കോൽ, ജെയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മാജിക് ഫ്രെയിമ്സിന്റെ ബാനറിലാണ് ഒരുക്കിയത്.

കിയ സെൽറ്റോസ്

കഴിഞ്ഞ ജൂലൈ 21നാണ് കിയ സെൽറ്റോസിന്റെ പുതിയ മോഡൽ വിപണിയിൽ എത്തുന്നത്. രൂപത്തിലും പ്രകടനത്തിലും സാങ്കേതികവിദ്യയിലും സുരക്ഷയിലുമെല്ലാം കിയ മാറ്റങ്ങള്‍ പുതിയ മോഡലിനുണ്ട്. പുതിയ കിയ സെല്‍റ്റോസിലുള്ള സുരക്ഷാ ഫീച്ചറുകളില്‍ 15 എണ്ണം എല്ലാ വകഭേദങ്ങളിലുമുണ്ട്. അഡാസ് ലെവല്‍ 2 സുരക്ഷയുള്ള മോഡലില്‍ മാത്രമാണ് 17 അധിക സുരക്ഷാ ഫീച്ചറുകളുള്ളത്. എല്ലാ മോഡലുകളിലും ആറ് എയര്‍ ബാഗുകള്‍ വരുന്നുണ്ട്. ഡ്യുവല്‍ സ്‌ക്രീന്‍ പനോരമിക് ഡിസ്‌പ്ലേ, ഡ്യുവല്‍ സോണ്‍ ഫുള്ളി ഓട്ടോമാറ്റിക് എ.സി, ഡ്യുവല്‍ പാന്‍ പനോരമിക് സണ്‍ റൂഫ് എന്നിങ്ങനെയുള്ള സൗകര്യങ്ങളോടെയാണ് പുതിയ കിയ സെല്‍റ്റോസിന്റെ വരവ്. 10.89 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് വില.

kia-seltos-10

രണ്ട് പെട്രോൾ, ഒരു ഡീസൽ എൻജിനുകളിൽ സെൽറ്റോസ് ലഭിക്കും. 1.5 ലീറ്റർ പെട്രോൾ എൻജിന് 115 ബിഎച്ച്പി കരുത്തും 144 എൻഎം ടോർക്കുമുണ്ട്. ആറു സ്പീഡ് മാനുവൽ, സിവിടി ഗിയർബോക്സുകൾ. 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിന്റെ കരുത്ത് 160 ബിഎച്ച്പിയും ടോർക്ക് 253 എൻഎം ആണ്. ആറു സ്പീഡ് ഐഎംടി, ഡിസിറ്റി ഗിയർബോക്സുകളുണ്ട്. 1.5 ലീറ്റർ ഡീസൽ പതിപ്പിന് 116 ബിഎച്ച്പി കരുത്തും 250 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. ഐഎംടി, ആറു സ്പീഡ് ‍ഡീസൽ ഓട്ടമാറ്റിക് ഓപ്ഷനുകൾ.

English Summary:

Auto News, Listin Stephen Gifted Kia Seltos To Garudan Director

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com