ADVERTISEMENT

ഇന്ത്യന്‍ വൈദ്യുത വാഹന വിപണിയിലെ കിരീടം വെക്കാത്ത രാജാക്കന്മാരാണ് ടാറ്റ മോട്ടോഴ്‌സ്. ഒരു ലക്ഷത്തിലേറെ വൈദ്യുത വാഹനങ്ങള്‍ ഇതിനകം തന്നെ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയില്‍ വിറ്റു കഴിഞ്ഞു. ഇന്ത്യന്‍ വൈദ്യുത വാഹന വിപണിയുടെ 70 ശതമാനത്തിലേറെ സ്വന്തമാക്കിയിട്ടുണ്ട് ടാറ്റ മോട്ടോഴ്‌സ്. അവരുടെ വില്‍പനയുടെ കണക്കുകളില്‍ നിന്നും ഇന്ത്യയിലെ വൈദ്യുത വാഹന വിപണിയുടെ സ്വഭാവവും സവിശേഷതകളും കൂടി കൂട്ടി വായിക്കാനാവും. 

ടാറ്റ മോട്ടോഴ്‌സിന്റെ കണക്കുകള്‍ പ്രകാരം ആദ്യമായി കാര്‍ വാങ്ങുന്നവരില്‍ 23 ശതമാനം വൈദ്യുത കാറുകളാണ് തിരഞ്ഞെടുക്കുന്നത്. അതിവേഗത്തില്‍ മുന്നോട്ടു കുതിക്കുന്ന ഇ.വി വ്യവസായത്തിന് വലിയ പ്രചോദനമാവുന്നതാണ് ആഭ്യന്തരമായി ടാറ്റ അവതരിപ്പിച്ച കണക്കുകളില്‍ പലതും. 'ആദ്യമായി കാര്‍ വാങ്ങുന്നവരില്‍ വലിയ ശതമാനം വൈദ്യുതകാറുകള്‍ വാങ്ങുന്നത് വലിയ ധൈര്യമാണ് നല്‍കുന്നത്. വൈദ്യുത വാഹന വിപണിയെ സംബന്ധിച്ച ആശങ്കകള്‍ ഒഴിവാക്കുന്ന വിവരമാണിത്' ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി എംഡി ശൈലേഷ് ചന്ദ്ര പറയുന്നു. ഒന്നിലേറെ വാഹനമുള്ളവരില്‍ 75 ശതമാനവും പ്രധാന കാര്‍ വൈദ്യുത വാഹനമാണെന്നും സമ്മതിക്കുന്നു. 

ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ട മറ്റൊരു പ്രധാനപ്പെട്ട കണക്ക് വൈദ്യുത വാഹനങ്ങളുടെ പകുതി വില്‍പനയും നടക്കുന്നത് ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമാണെന്നതാണ്. പൊതുവില്‍ ചാര്‍ജിങ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെങ്കില്‍ പോലും ഉള്‍നാടുകള്‍ വലിയ തോതില്‍ വൈദ്യുത വാഹനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്. പ്രധാനപ്പെട്ട 20 നഗരങ്ങള്‍ക്കു പുറത്തുള്ള വിപണിയില്‍ നിന്നാണ് ടാറ്റ മോട്ടോഴ്‌സിന്റെ വൈദ്യുത വാഹനങ്ങളുടെ വില്‍പനയില്‍ പകുതി നടന്നിരിക്കുന്നത്. 

93 ശതമാനം വൈദ്യുത കാര്‍ ഉടമകളും വീട്ടിലോ ഓഫീസിലോ ആണ് വാഹനം ചാര്‍ജു ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്. മാത്രമല്ല വൈകുന്നേരം ആറു മണി മുതല്‍ രാത്രി പതിനൊന്നു വരെയുള്ള സമയത്താണ് ബഹുഭൂരിപക്ഷവും വാഹനം ചാര്‍ജു ചെയ്യുന്നത്. 140 കോടി കിലോമീറ്റര്‍ വൈദ്യുതവാഹനം ഓടിയതിന്റെ ചാര്‍ജിങ് പാറ്റേണും ഡ്രൈവിങ് രീതികളും ചാര്‍ജിങ് പോയിന്റുകളുടെ കൂടിയ ഉപയോഗമുള്ള സ്ഥലങ്ങളും അടക്കം നിര്‍ണായകമായ പല വിവരങ്ങളും ടാറ്റ മോട്ടോഴ്‌സിനു സ്വന്തമാണ്. 

വനിതാ ഡ്രൈവര്‍മാര്‍ വൈദ്യുത കാറുകള്‍ തിരഞ്ഞെടുക്കുന്നില്ലെന്നത് അമേരിക്കന്‍ വാഹന വിപണിയില്‍ അടക്കം പ്രതിസന്ധിയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ഇത് നേരെ തിരിച്ചാണ്. പരമ്പരാഗത കാറുകള്‍ വാങ്ങുന്ന സ്ത്രീകളുടെ അനുപാതത്തേക്കാള്‍ ഇരട്ടി വനിതകളാണ് വൈദ്യുത കാര്‍ സ്വന്തമാക്കുന്നത്. മാസത്തില്‍ 26 ദിവസവും വൈദ്യുത വാഹനങ്ങള്‍ ഓടിക്കുന്നുണ്ട്. ഇത് ശരാശരി ഐ.സി.ഇ വാഹനങ്ങള്‍ ഓടിക്കുന്നതിനേക്കാള്‍ കൂടുതലാണ്. മാസത്തില്‍ 1,400 കിലോമീറ്റര്‍ ശരാശരി വൈദ്യുത വാഹനങ്ങള്‍ ഓടുന്നു. ഇതും പരമ്പരാഗത ഐ.സി.ഇ വാഹനങ്ങളേക്കാള്‍ കൂടുതലാണ്.

English Summary:

Half of all Tata Motors EVs sold are in rural, small town markets.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com