ADVERTISEMENT

അന്തരീക്ഷ മലിനീകരണംകൊണ്ട് പൊറുതിമുട്ടുന്ന രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നവംബര്‍ രണ്ടു മുതല്‍ ബിഎസ്4 ഡീസല്‍ കാറുകള്‍ക്കും ബിഎസ്3 പെട്രോള്‍ കാറുകള്‍ക്കും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ പെടുന്ന കാറുകള്‍ ഡല്‍ഹി എന്‍സിആര്‍ മേഖലയിലെത്തിയാല്‍ കനത്ത പിഴ ഒടുക്കേണ്ടി വരും. നിരോധനത്തെക്കുറിച്ച് അറിവില്ലാതെ ഡീസല്‍ ഫോര്‍ച്യൂണറുമായി ഡല്‍ഹിയിലെത്തിയ വ്‌ളോഗര്‍ക്ക് ഡല്‍ഹി പൊലീസ് പിഴയിട്ടത് 30,500 രൂപയാണ്!

പൊലീസ് പിടിക്കുന്നു പിഴയിടുന്നുവെന്നൊക്കെ പറയുമ്പോഴും ഏകദേശം എത്ര പിഴയുണ്ടാവുമെന്ന് ഒരു ഊഹം നമുക്കുണ്ടാവും. പ്രത്യേകിച്ച് മോഡിഫിക്കേഷനൊന്നും നടത്താത്ത സാധാരണ ഒരു ഫോര്‍ച്യൂണറിന് ഡല്‍ഹിയിലെത്തിയപ്പോള്‍ കിട്ടിയ വന്‍പിഴയെക്കുറിച്ചാണ് വ്‌ളോഗര്‍ കൂടിയായ ദക്ഷ് അഹ്ലവാത്ത് വിവരിക്കുന്നത്. 

അമേരിക്കയില്‍ നിന്നു നാട്ടിലേക്കു വരുന്ന മൂത്ത സഹോദരനെ കൂട്ടാനാണ് ദക്ഷ് ഫോര്‍ച്യൂണറുമായി ഡല്‍ഹിയിലെത്തിയത്. പുലര്‍ച്ചെ രണ്ടു മണിക്കു ഡല്‍ഹി വിമാനത്താവളത്തിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വഴിയില്‍ ചെക് പോസ്റ്റില്‍ വെച്ച് പൊലീസ് പിടികൂടി. വാഹനം പരിശോധിച്ചപ്പോള്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ മലിനീകരണ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞെന്ന് തിരിച്ചറിഞ്ഞു. ഇതിനൊപ്പം ബിഎസ്4 വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിരോധനമുള്ള കാര്യം അറിയില്ലേ എന്നും ചോദിച്ച് ചലാന്‍ എഴുതി നല്‍കി. ഇപ്പോള്‍ പൊയ്‌ക്കോളൂ എന്നും ഡല്‍ഹിയില്‍ വെച്ച് വേറേതെങ്കിലും ചെക്കിങുണ്ടായാല്‍ ഈ ചലാന്‍ കാണിച്ചാല്‍ മതിയെന്നും പറഞ്ഞു. ഒപ്പിട്ട് ചലാനുമായി ദക്ഷ് യാത്ര തുടര്‍ന്നു. 

സഹോദരനെ വിമാനത്താവളത്തില്‍ നിന്നും കൂട്ടാനുള്ളതിനാല്‍ അല്‍പം ധൃതിയിലാണ് ചലാന്‍ ഒപ്പിട്ടു വാങ്ങിയത്. പൊലീസ് ചെക്കിങിന്റെ സ്ഥലത്ത് വലിയ വെളിച്ചമില്ലാതിരുന്നതിനാല്‍ ചലാനില്‍ എത്രയാണ് പിഴ എഴുതിയതെന്ന് നോക്കാനുമായില്ല. കുറച്ചു ദൂരം പോയ ശേഷം വെളിച്ചത്തില്‍ നിര്‍ത്തി നോക്കിയപ്പോഴാണ് 30,500 രൂപയാണ് പിഴ വിധിച്ചിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞത്.

വാഹനത്തില്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഡല്‍ഹിയില്‍ 10,000 രൂപയാണ് പിഴ. ഇതിനൊപ്പം നിരോധിച്ച ബിഎസ്4 വാഹനം ഡല്‍ഹിയിലെത്തിച്ചതിന് 20,000 രൂപയും ആവശ്യപ്പെട്ട രേഖ കാണിക്കാതിരുന്നതിന് 500 രൂപയും അടക്കമാണ് 30,500 രൂപയുടെ പിഴ ദക്ഷിന് നല്‍കേണ്ടി വന്നത്. വാഹന പരിശോധനക്കായി എത്തിയിരുന്ന പൊലീസിന്റെ ഇന്നോവ ബിഎസ്4 വാഹനമാണെന്നും ഇതെന്തു ന്യായമെന്നും യുട്യൂബര്‍ വിഡിയോയില്‍ ചോദിക്കുന്നുണ്ട്. 

ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ ബിഎസ്4 ഡീസല്‍, ബിഎസ്3 പെട്രോള്‍ വാഹനങ്ങള്‍ക്കുള്ള നിരോധനത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് യുട്യൂബര്‍ വിശദീകരിക്കുന്നത്. നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മ പറഞ്ഞുകൊണ്ട് ഒരിക്കലും ശിക്ഷയില്‍ നിന്നും രക്ഷപ്പെടാനാവില്ല. അതുകൊണ്ട് വാഹന നിയമങ്ങളെക്കുറിച്ചും പ്രാദേശിക ട്രാഫിക് നിയമങ്ങളെക്കുറിച്ചും വ്യക്തമായ അറിവുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ ഈ വ്‌ളോഗര്‍ക്ക് കിട്ടിയതു പോലുള്ള ഒഴിവാക്കാമായിരുന്ന വന്‍ പണികള്‍ നമുക്കും ലഭിക്കും. 

പൊലീസ് വാഹനങ്ങള്‍ അടക്കമുള്ള അടിയന്തര സേവന വാഹനങ്ങള്‍ ബിഎസ്4 വിഭാഗത്തിലാണെങ്കിലും ഒഴിവാക്കിയിട്ടുണ്ടെന്ന് ഡല്‍ഹിയിലെ വാഹന നിരോധന ഉത്തരവില്‍ തന്നെ പറയുന്നുണ്ട്. നിങ്ങളുടെ വാഹനം ബിഎസ്3, ബിഎസ്4 വിഭാഗത്തില്‍ പെടുന്നതാണോ എന്നറിയണമെങ്കില്‍ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നോക്കിയാലും മതിയാവും.

English Summary:

Auto News, Youtuber fined Rs 30,500 for driving BS4 Toyota Fortuner in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com