ADVERTISEMENT

ന്യൂഡൽഹി∙ ഉത്സവ സീസണും ഉയർന്ന ഉൽപാദനവും ചേർന്നപ്പോൾ നവംബറിൽ വാഹന വിപണിയിൽ ബംബർ കച്ചവടം. ഇതുവരെയുള്ള നവംബർ മാസങ്ങളിലെ ഏറ്റവും ഉയർന്ന വ്യാപാരമാണ് ഈ വർഷം. 3.5 ലക്ഷം കാറുകളാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം ഇതേ മാസം വിറ്റതിനെക്കാൾ 3.9% കൂടുതൽ. 3.22 ലക്ഷം യൂണിറ്റുകളായിരുന്നു 2022 നവംബറിലെ കച്ചവടം. 

നടപ്പു സാമ്പത്തിക വർഷം രാജ്യത്താകെ 41 ലക്ഷത്തിലധികം കാറുകൾ വിൽക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ മാർക്കറ്റിങ് ആൻഡ് സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് ഓഫിസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഉത്സവകാല താൽപര്യത്തിനൊപ്പം ഇലക്ട്രോണിക് ഘടകങ്ങൾ ഉൾപ്പെടെ ക്ഷാമമില്ലാതെ ലഭ്യമായതു കൊണ്ടുള്ള ഉൽപാദന മികവും നവംബറിൽ വാഹന വ്യാപാരത്തെ കാര്യമായി തുണച്ചെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ നവംബർ 15 മുതൽ കാർ ബുക്കിങ്ങിൽ കുറവു കാണുന്നതായും അദ്ദേഹം പറഞ്ഞു. 

ആഭ്യന്തര വിപണിയിൽ 1,34,158 വാഹനങ്ങളാണ് മാരുതി നവംബറിൽ വിറ്റത്. കഴിഞ്ഞ വർഷം നവംബറിനെ (1,32,395 ) അപേക്ഷിച്ച് 1.33% വർധന. എൻട്രി ലെവൽ, കോംപാക്റ്റ് കാറുകളുടെയും സെഡാനുകളുടെയും വിൽപനയിൽ കുറവുണ്ടായപ്പോൾ യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപന ഉയർന്നു. ഹ്യുണ്ടായ് മോട്ടർ ഇന്ത്യയ്ക്ക് 3% വിൽപന വർധന നേടാനായി. വിറ്റത് 49,451. കഴിഞ്ഞ തവണ 48,002. എസ്‌യുവി വിഭാഗത്തിൽ 68% വിൽപന നേട്ടമാണ് കമ്പനിക്കു ലഭിച്ചത്. 

മഹിന്ദ്ര 39,981 യൂട്ടിലിറ്റി വാഹനങ്ങൾ വിറ്റു. മുൻവർഷത്തെ (30,238) അപേക്ഷിച്ച് 32% വർധന. ഹോണ്ട കാർസിന് 24% വിൽപന നേട്ടമുണ്ട്. 8,730 കാറുകൾ. കഴിഞ്ഞ തവണ 7,051. എംജി മോട്ടർ ഇന്ത്യ  4,154 കാറുകൾ വിറ്റു. കഴിഞ്ഞ തവണ വിറ്റതിനെക്കാൾ (4,079) രണ്ട് ശതമാനം വർധന. വിൽപനയുടെ 30% ഇലക്ട്രിക് വാഹനങ്ങളാണ്. 

ടൊയോട്ട കിർലോസ്കർ മോട്ടർ 51% വിൽപന നേട്ടം സ്വന്തമാക്കി. 2022 നവംബറിൽ 11,765 വിറ്റ സ്ഥാനത്ത് കഴിഞ്ഞമാസം വിൽപന നടത്തിയത് 17,818 യൂണിറ്റുകൾ. എന്നാൽ ടാറ്റ മോട്ടോഴ്സിന് 1.73% വിൽപന ഇടിവ് നേരിട്ടു. കഴിഞ്ഞ വർഷം നവംബറിൽ 75,478 കാറുകൾ വിറ്റ സ്ഥാനത്ത് കഴിഞ്ഞ മാസം വിറ്റത് 74,172 എണ്ണം. അശോക് ലെയ്‌ലൻഡിനും നവംബർ നല്ല മാസമായിരുന്നില്ല. വിൽപനയിൽ 3% ഇടിവുണ്ടായി. വിറ്റത് 14,053 വാഹനങ്ങൾ. കഴിഞ്ഞതവണ ഇത് 14,561 എണ്ണമായിരുന്നു. 

ബജാജ് ഓട്ടോയ്ക്ക് (ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ) 69% ആണ് വിൽപന വർധന; 2,57,744 വാഹനങ്ങൾ. മുൻ വർഷം നവംബറിൽ വിറ്റത് 1,52,883 എണ്ണം. ഇരുചക്ര വാഹന വിപണിയിൽ ടിവിഎസ് മോട്ടർ കമ്പനിക്ക് 50% വിൽപന നേട്ടമുണ്ടായി; 2,87,017യൂണിറ്റുകൾ. കഴിഞ്ഞ വർഷം നവംബറിൽ 1,91,730 വാഹനങ്ങളാണ് വിറ്റത്. ഹോണ്ട മോട്ടർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ: 4,20,677 (കഴിഞ്ഞ വർഷം 3,53,553) റോയൽ എൻഫീൽഡ്: 13% നേട്ടം. 80,251 ബൈക്കുകൾ. (കഴിഞ്ഞ വർഷം 70,766).

English Summary:

Auto News, Record Vehicle Sales In November

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com