2 ലക്ഷം രൂപ വിലക്കുറവില്‍ ജിംനി
Mail This Article
മാരുതിയുടെ ന്യൂജെന്‍ ഓഫ്‌റോഡര്‍ ജിംനി ഇന്ത്യന്‍ വിപണിയിലെത്തിയത് മുതൽ ജിംനി-ഥാര്‍ മത്സരം കടുപ്പമുള്ളതാണ്. മത്സരം കൂടുതല്‍ കൊഴുപ്പിക്കാൻ ജിംനിക്ക് പുതിയ ഓഫറുകളുമായി മാരുതി സുസുക്കി. പുതുവര്‍ഷവും വര്‍ഷാവസാനവുമെല്ലാം കണക്കാക്കി മാരുതി സുസുക്കി ജിംനിയുടെ വിലയില്‍ വലിയ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സീറ്റ മോഡലിന് ഏകദേശം 2 ലക്ഷം രൂപയും ആല്‍ഫയ്ക്ക് 1 ലക്ഷം രൂപയോളവുമാണ് വിലക്കുറവ്. പുതിയ ഇളവ് വന്നതോടെ ഥാറിനെക്കാൾ വിലക്കുറവുള്ള ഫോര്‍വീല്‍ ഡ്രൈവ് വാഹനമായി ജിംനി മാറുകയാണ്.
സ്റ്റാന്‍ഡേഡ് വകഭേദമായ സീറ്റയ്ക്ക് 2 ലക്ഷം രൂപയാണ് കുറവായി മാരുതി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ മാനുവല്‍ - ഓട്ടമാറ്റിക് വകഭേദങ്ങളുള്ള സീറ്റ മോഡലിന് ഡല്‍ഹിയിലെ ഓണ്‍റോഡ് വില 12.68 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. ഥാർ 4x4 പെട്രോള്‍ ഹാർഡ്ടോപ്പിന്റെ ഡല്‍ഹി ഓണ്‍റോഡ് വില 17.68 ലക്ഷം രൂപയാണെന്നിരിക്കെ 5 ലക്ഷം രൂപ വിലക്കുറവില്‍ ഒരു എക്‌സ്ട്രീം ഓഫ്‌റോഡര്‍ ലഭിക്കുമെന്നത് ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ജിംനി ഉയര്‍ന്ന മോഡലായ ആല്‍ഫ പെട്രോള്‍ മാനുവല്‍ മോഡലിനും ഥാറിനെക്കാള്‍ വിലക്കുറവാണെന്നത് ശ്രദ്ധേയമാണ്. ജിംനിയുടെ ഏറ്റവും വലിയ പ്രായോഗികത 5 ഡോര്‍ ലേഔട്ടാണ്. ഓഫ്‌റോഡറാണെങ്കിലും പിന്‍സീറ്റിലേക്ക് പ്രവേശനം വളരെ ലളിതമാണ്. ഒരു പാര്‍ട്ട് ടൈം ഓഫ്‌റോഡറും ഫാമിലി കാറുമായി ഒരേ സമയം ജിംനി പ്രവര്‍ത്തിക്കും.
ഥാറിനെക്കാള്‍ 5 ലക്ഷം രൂപയോളം കുറവ് എന്ന പ്രത്യേകത ജിംനിക്ക് അനന്തമായ കസ്റ്റമൈസേഷന്‍ സാധ്യതകള്‍ തുറന്നിടുന്നുണ്ട്. സസ്‌പെന്‍ഷന്‍, ടയര്‍ തുടങ്ങി അടിസ്ഥാന കസ്റ്റമൈസേഷന്‍ ഉള്‍പ്പെടെ വലിയ ട്യൂണിങ്ങുകള്‍ പൂര്‍ത്തിയാക്കാനും ഈ ബാക്കി തുക ഉപയോഗിക്കാന്‍ സാധിക്കുമെന്നത് ഓഫ്‌റോഡ് പ്രേമികള്‍ക്ക് അഡീഷനല്‍ ബെനഫിറ്റാണ്.
ഥാര്‍ എല്‍എക്‌സ് മോഡലിനെ അപേക്ഷിച്ച് അലോയ് വീല്‍ ഉള്‍പ്പെടെ സന്നാഹങ്ങള്‍ ജിംനിയിലുണ്ട്. മികച്ച സസ്‌പെന്‍ഷന്‍, കൂടുതല്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനങ്ങള്‍, ഹെഡ്‌ലാംപ് വാഷിങ് എന്നിവയെല്ലാം ജിംനിയുടെ മികവുകളാണ്. ഥാറിനെ അപേക്ഷിച്ച് വാഹനം ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥയും ജിംനിയില്‍ കുറവാണ്.