ADVERTISEMENT

ഇന്ത്യന്‍ കാര്‍ വിപണിയിലെ ഏറ്റവും വലിയ മത്സരം നടക്കുന്ന വിഭാഗങ്ങളിലൊന്നാണ് സബ് കോംപാക്ട് എസ്‌യുവി. ഈ വിഭാഗത്തില്‍ മാരുതി സുസുക്കി ബ്രസയെ പിന്തള്ളി കഴിഞ്ഞ രണ്ടു മാസങ്ങളില്‍ മുന്നിലെത്തിയിരിക്കുകയാണ് ടാറ്റയുടെ നെക്‌സോണ്‍. ഇക്കഴിഞ്ഞ നവംബറില്‍ മാത്രം 14,916 നെക്‌സോണ്‍ കാറുകളാണ് ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയില്‍ മാത്രം വിറ്റത്. 

ഏറ്റവും പുതിയ വില്‍പന വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ ടാറ്റ മോട്ടോഴ്‌സിന് നെക്‌സോണിന്റെ കാര്യത്തില്‍ നേട്ടം മാത്രമല്ല തിരിച്ചടിയും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ചുള്ള വില്‍പനയിലാണ് നെക്‌സോണിന് തിരിച്ചടിയുണ്ടായത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 15,871 നെക്‌സോണ്‍  വിറ്റെങ്കില്‍ ഈ നവംബറില്‍ അത് 14,916 ആയി കുറയുകയാണുണ്ടായത്. വില്‍പനയിലെ കുറവ് ആറ് ശതമാനം. അതേസമയം മാരുതി സുസുക്കി കഴിഞ്ഞ നവംബറില്‍ 13,393 ബ്രെസകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില 11,324 ബ്രസകളാണ് മാരുതി വിറ്റത്. അങ്ങനെ നോക്കുമ്പോള്‍ ബ്രെസയുടെ വില്‍പനയിലുണ്ടായ വളര്‍ച്ച 18 ശതമാനമാണ്. 

നെക്‌സോണിന്റെ മറ്റൊരു പ്രധാന എതിരാളിയായ ഹ്യുണ്ടേയ് വെന്യു 11,180 കാറുകള്‍ നവംബറില്‍ വിറ്റിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാലുശതമാനം വില്‍പന വളര്‍ച്ചയും വെന്യു നേടി. ഹ്യുണ്ടേയ് വെന്യുവിന്റെ സഹോദര വാഹനമായ കിയ സോനറ്റ് 6,433 എണ്ണമാണ് നവംബറില്‍ വിറ്റത്. മുന്‍ വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 7,834 കിയ സോനറ്റുകള്‍ വിറ്റഴിഞ്ഞിരുന്നു. അതുവച്ചുനോക്കുമ്പോള്‍ കിയക്ക് വില്‍പനയിലുണ്ടായ കുറവ് 18%. 

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള എസ്‌യുവികളുടെ പട്ടികയില്‍ തുടര്‍ച്ചയായി വരുന്ന പേരാണ് നെക്‌സോണിന്റേത്. ടാറ്റ മോട്ടോഴ്‌സ് കഷ്ടപ്പെട്ടു നേടിയെടുത്ത ആ പേരിനു പിന്നില്‍ കാരണങ്ങള്‍ പലതാണ്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് നെക്‌സോണ്‍ മുഖം മിനുക്കി പുറത്തിറക്കിയതും ടാറ്റക്ക് ഈ മോഡലിന്റെ വില്‍പനയില്‍ സഹായിച്ചിട്ടുണ്ട്. രൂപകല്‍പനയിലും ഫീച്ചറുകളിലും വേണ്ട മാറ്റങ്ങള്‍ വരുത്തിയാണ് ടാറ്റ നെക്‌സോണിനെ ഇറക്കിയത്. ഇതില്‍ പലതും ഈ വിഭാഗത്തിലെ തന്നെ ആദ്യ ഫീച്ചറുകളാണ്. 

സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ച്ചയുമില്ലെന്നതാണ് നെക്‌സോണ്‍ പ്രിയങ്കരമാവുന്നതിന് പിന്നിലെ കാരണങ്ങളിലൊന്ന്. ഗ്ലോബല്‍ എന്‍സിഎപി പരിശോധനയില്‍ 5 സ്റ്റാര്‍ റേറ്റിങ് നേടിയിട്ടുള്ള നെക്‌സോണ്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നാണ്. പുതിയ നെക്‌സോണില്‍ ആറു എയര്‍ബാഗുകളും മറ്റു സുരക്ഷാ സൗകര്യങ്ങളുമുണ്ട്. 

നിരവധി ഡ്രൈവ്‌ട്രെയിന്‍ ഓപ്ഷനുകളുണ്ടെന്നതാണ് നെക്‌സോണിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. പെട്രോളായാലും ഡീസലായാലും ഇനി ഇലക്ട്രിക്കായാല്‍ പോലും പലതരത്തിലുള്ള വൈവിധ്യമാര്‍ന്ന മോഡലുകള്‍ ടാറ്റ ഉപഭോക്താക്കള്‍ക്കു മുന്നില്‍ വെക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ മോഡല്‍ തെരഞ്ഞെടുക്കാനായി ഇത് കൂടിയ സാധ്യത നല്‍കുന്നു. 

സബ് കോംപാക്ട് എസ്.യു.വികളില്‍ മികച്ച ഫീച്ചറുകളുള്ള വാഹനമാണ് നെക്‌സോണ്‍. 10.25 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ടച്ച് ബേസ്ഡ് HVAC കണ്‍ട്രോള്‍, രണ്ട് ഫിസിക്കല്‍ ടോഗിള്‍ സ്വിച്ചുകള്‍, പുതിയ 10.25 ഇഞ്ചിന്റെ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാംപ്, ക്രൂസ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിങ് വൈപര്‍, 360 ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, വയര്‍ലസ് ചാര്‍ജര്‍ എന്നിങ്ങനെ പോവുന്നു നെക്‌സോണിലേക്ക് ആകര്‍ഷിക്കുന്ന ഫീച്ചറുകളുടെ നീണ്ട നിര. 

സൗകര്യങ്ങളും സുരക്ഷയും ഏറെയുണ്ടെങ്കിലും വിലയുടെ കാര്യത്തില്‍ യാതൊരു ധാരാളിത്തവും ഇല്ലെന്നതും നെക്‌സോണിനെ പണത്തിനൊത്ത മൂല്യമുള്ള കാറാക്കി മാറ്റുന്നുണ്ട്. പുതിയ നെക്‌സോണിന് ടാറ്റ മോട്ടോഴ്‌സ് 8.09 ലക്ഷം മുതല്‍ 12.99 ലക്ഷം രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇനി വൈദ്യുത വാഹനമാണെങ്കില്‍ 14.74 ലക്ഷം മുതല്‍ 19.94 ലക്ഷം രൂപയിലേക്ക് വില ഉയരും

English Summary:

Auto News, Tata Nexon Become Top Selling SUV In November 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com