ADVERTISEMENT

അധികാരമുള്ളവര്‍ നിയമത്തെ വളച്ചൊടിക്കുന്നത് പുത്തരിയല്ല. രാജസ്ഥാനില്‍ നടന്ന അങ്ങനെയൊരു സംഭവത്തെ തെളിവു സഹിതം പൊളിച്ചടുക്കുകയാണ് ഒരു വ്‌ളോഗര്‍. സാവധാനം ഇടവഴിയിലൂടെ പോവുകയായിരുന്ന കാറിലേക്ക് റോങ് സൈഡിലൂടെ അമിത വേഗതയില്‍ വന്ന ബൈക്ക് ഇടിച്ചു. ബൈക്കിന്റെ പിന്നിലുണ്ടായിരുന്നത് ഒരു പൊലീസുകാരന്റെ മകളായതിനാല്‍ കേസും പൊല്ലാപ്പും കാര്‍ ഡ്രൈവറുടെ പേരിലായെന്നതാണ് വിഡിയോയിലെ ആരോപണം. 

പ്രതീക് സിങ് എന്ന യൂട്യൂബറാണ് രാജസ്ഥാനില്‍ നടന്ന ഒരു വാഹനാപകടത്തേയും തുടര്‍ന്നുണ്ടായ പൊലീസ് കേസിന്റേയും ന്യായത്തെ ചോദ്യം ചെയ്യുന്നത്. രാജസ്ഥാനിലെ ബില്‍വാരയില്‍ വെച്ചാണ് ടാറ്റ ടിഗോര്‍ കാര്‍ ബൈക്കുമായി കൂട്ടിയിടിക്കുന്നത്. കാറിന്റെ ഡാഷ് ക്യാം വഴി ചിത്രീകരിച്ച അപകടത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് പ്രതീക് സിങ് യൂട്യൂബില്‍ വിഡിയോ ചെയ്തിരിക്കുന്നത്. തന്റെ വ്യൂവേഴ്‌സില്‍ ഒരാളാണ് അപകടത്തില്‍പെട്ടതെന്നും ഇയാളെ വ്യാജ കേസിലാണ് കുടുക്കിയിരിക്കുന്നതെന്ന് വിഡിയോ പരിശാധിച്ചാല്‍ വ്യക്തമാവുമെന്നും പ്രതീക് പറയുന്നു. 

ബില്‍വാരയിലെ പൊലീസ് ലൈനിനോടു ചേര്‍ന്നുള്ള വഴിയിലൂടെയാണ് ടാറ്റ ടിഗോര്‍ സഞ്ചരിക്കുന്നത്. മണിക്കൂറില്‍ 20 കിലോമീറ്റര്‍ താഴെ മാത്രമാണ് കാറിന്റെ വേഗതയെന്നും വിഡിയോയില്‍ പറയുന്നുണ്ട്. വീതികുറഞ്ഞ റോഡും വഴിയില്‍ കിടന്നിരുന്ന ആടുമാടുകളും ഇതിന് കാരണമായി. ഇടതുവശത്തേക്കു തിരിയാനായി ശ്രമിക്കുന്നതിനിടെ പൊടുന്നനെ റോങ് സൈഡ് അമിതവേഗതയില്‍ ഒരു ബൈക്ക് കയറി വരുന്നതാണ് കാണുന്നത്. ബൈക്ക് നിമിഷ നേരം കൊണ്ടുതന്നെ കാറില്‍ ഇടിക്കുകയും യാത്രികരായിരുന്നവര്‍ വീഴുകയും ചെയ്യുന്നുണ്ട്. 

ബൈക്കിന്റെ പിന്നില്‍ സഞ്ചരിച്ചിരുന്ന യുവതിയേയും ബൈക്ക് ഓടിച്ചയാളേയും അപകടത്തില്‍ പെട്ട കാര്‍ ഓടിച്ചയാള്‍ ആശുപത്രിയിലെത്തിക്കുന്നുണ്ട്. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പിന്നില്‍ സഞ്ചരിച്ച യുവതിയുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ടെന്ന് തിരിച്ചറിഞ്ഞത്. ബൈക്ക് ഓടിച്ചയാള്‍ക്കും കാര്‍ ഡ്രൈവര്‍ക്കും നേരിയ പരിക്കുകളേ ഉണ്ടായിരുന്നുള്ളൂ. അപകടത്തില്‍ കാറിന്റെ ഹെഡ്‌ലൈറ്റ് തകരുകയും മുന്നിലെ ബംപറിന് തകരാറു സംഭവിക്കുകയും ചെയതിട്ടുണ്ട്. 

പിന്നീടാണ് ട്വിസ്റ്റ് വരുന്നത്. ബൈക്കില്‍ പിന്നില്‍ ഇരുന്നിരുന്ന യുവതി ഒരു പൊലീസുകാരന്റെ മകളാണ്. ഇതോടെ കാര്‍ ഡ്രൈവര്‍ക്കു നേരെ തെറ്റായ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുകയാണെന്നാണ് യുട്യൂബര്‍ വിശദീകരിക്കുന്നത്. കാര്‍ ഡ്രൈവര്‍ പലപ്പോഴും ഭീഷണിക്കും ഇരയാവേണ്ടി വരികയും ചെയ്തു. തെളിവായി അപകടത്തിന്റെ വിഡിയോ ഉണ്ടെങ്കില്‍ പോലും താന്‍ ജയിലിലാവുമോ എന്ന പേടിയിലാണ് കാര്‍ ഓടിച്ചിരുന്നയാളെന്നും പ്രതീക് സിങ് പറയുന്നു. 

നിയമത്തില്‍ വിശ്വസിച്ച് കോടതി നടപടികളുമായി മുന്നോട്ടു പോവാന്‍ തയ്യാറായാല്‍ കാര്‍ ഡ്രൈവര്‍ നിരപരാധിയാണെന്ന് തെളിയാനുള്ള സാധ്യതയാണ് കൂടുതല്‍. കാരണം അതിനുവേണ്ട തെളിവുകള്‍ ഈ വിഡിയോയിലുണ്ടെന്നതു തന്നെ. ഇത്തരം സാഹചര്യം നാളെ ആര്‍ക്കും വരാം. അതുകൊണ്ട് നമ്മുടെ ഭാഗം സുരക്ഷിതമാക്കാന്‍ ഡാഷ് ക്യാം ഇല്ലാത്ത കാറുകളാണെങ്കില്‍ നല്ല നിലവാരമുള്ള ഡാഷ് ക്യാം കാറില്‍ വെക്കാന്‍ ശ്രദ്ധിക്കുക. നിരപരാധിയായിട്ടു കൂടി നിങ്ങള്‍ ശിക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ നിന്നും ഡാഷ് ക്യാം നിങ്ങളെ രക്ഷിക്കും. 

English Summary:

Auto News, Biker crashes into car but cops blames car driver

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com