ADVERTISEMENT

കൂടുതല്‍ ഹൈബ്രിഡ് മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി കിയ. ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളേക്കാള്‍ വില്‍പന ഹൈബ്രിഡ് കാറുകള്‍ക്കാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് കിയയുടെ നീക്കം. ഒരു പ്രമുഖ ഇംഗ്ലീഷ് മാസികയോടാണ് കിയ ഇന്ത്യ എംഡിയും സിഇയുമായ തേ ജിന്‍ പാര്‍ക്ക് കിയയുടെ ഇന്ത്യന്‍ ഹൈബ്രിഡ് സ്വപ്‌നങ്ങള്‍ പങ്കിട്ടത്. 

'ചില ഡീസല്‍ മോഡലുകള്‍ക്ക് പകരം ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയുണ്ട് ' എന്നായിരുന്നു ജേ ജിന്‍ പാര്‍ക്ക് പറഞ്ഞത്. ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ഡീസല്‍ കാറുകള്‍ക്കുള്ള ശക്തമായ ആവശ്യകതയും അദ്ദേഹം കുറച്ചു കാണുന്നില്ല. മലിനീകരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നടപ്പിലാവുന്നതുവരെ ഉപഭോക്താക്കള്‍ക്കു പ്രിയപ്പെട്ട ഡീസല്‍ മോഡലുകള്‍ വില്‍ക്കാന്‍ തന്നെയാണ് കിയ ഇന്ത്യയുടെ തീരുമാനം. 

രാജ്യാന്തര വിപണിയില്‍ പലതരം ഹൈബ്രിഡ് മോഡലുകള്‍ കിയ വില്‍ക്കുന്നുണ്ട്. അടുത്തിടെ പുറത്തിറക്കിയ കാര്‍ണിവെല്‍ എംപിവി, കെ8 സെഡാന്‍, നിറോ ക്രോസ് ഓവര്‍, സോറെന്റോ എസ്‌യുവി, സ്‌പോര്‍ട്ടേജ് എസ്‌യുവി എന്നിവയെല്ലാം ഉദാഹരണങ്ങളാണ്. ഇതിലെല്ലാം 1.6 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും വൈദ്യുത മോട്ടോറുമാണ് നല്‍കിയിട്ടുള്ളത്. 

എന്‍ജിനിലും ട്രാന്‍സ്മിഷനിലും നിരവധി ഓപ്ഷനുകള്‍ ഉള്ള മോഡലുകള്‍ കൊറിയന്‍ കമ്പനിയായ കിയ ഇന്ത്യയില്‍ ഇറക്കുന്നുണ്ട്. ഹൈബ്രിഡ് കൂടി അവതരിപ്പിക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് കിയ തെരഞ്ഞെടുക്കാനുള്ള പുതിയൊരു കാരണം കൂടിയാണ് ലഭിക്കുന്നത്. കൃത്യമായ സമയത്താണ് കിയ ഹൈബ്രിഡിലേക്കു കൂടി ചുവടുവെക്കുന്നതെന്നതും ശ്രദ്ധേയമാണ്. അടുത്തിടെ പുറത്തുവന്ന കാര്‍ വില്‍പനയുടെ കണക്കുകളില്‍ ഇന്ത്യയില്‍ ഇവികളേക്കാള്‍ ഹൈബ്രിഡ് കാറുകള്‍ വില്‍പനയില്‍ മുന്‍തൂക്കം നേടിയെന്ന വിവരവും ഉണ്ടായിരുന്നു. 

കഴിഞ്ഞ സെപ്തംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലത്ത് ഇന്ത്യയില്‍ 24,026 ഹൈബ്രിഡ് കാറുകളും 21,445 വൈദ്യുത കാറുകളുമാണ് വിറ്റുപോയിട്ടുള്ളത്. ഇ.വികളെ അപേക്ഷിച്ച് മോഡലുകള്‍ കുറവായിട്ടു കൂടി വില്‍പനയില്‍ ഹൈബ്രിഡ് മുന്നിലെത്തിയെന്നതും ശ്രദ്ധേയമാണ്. കൂടുതല്‍ ഹൈബ്രിഡ് മോഡലുകള്‍ കൂടി വരുന്നതോടെ വില്‍പനയിലും അത് പ്രതിഫലിക്കും. ഇ.വികള്‍ക്ക് അഞ്ചു ശതമാനമാണ് ജി.എസ്.ടി എങ്കില്‍ മിഡ് സൈസ് ഹൈബ്രിഡ് കാറുകള്‍ക്ക് 43 ശതമാനമെന്ന ഉയര്‍ന്ന ജി.എസ്.ടിയാണുള്ളത്. 

കിയയുടെ 1.2 ലീറ്റര്‍ ഹൈബ്രിഡ് പവര്‍ട്രെയിനുള്ള എസ്‌യുവികള്‍ക്ക് ഏകദേശം 28 ശതമാനമാവും ജിഎസ്ടിയെന്നാണ് കരുതപ്പെടുന്നത്. നാലു മീറ്ററില്‍ കുറവായിരിക്കും വാഹനത്തിന്റെ നീളമെന്നതാണ് ജിഎസ്ടിയില്‍ കുറവു വരുത്തുന്നത്. ഇതോടെ ഇ.വികളുമായുള്ള വിലവ്യത്യാസവും കുറക്കാന്‍ കിയക്ക് സാധിക്കും. കിയ സോണറ്റിനും സെല്‍റ്റോസിനും ഇടയിലുള്ള വാഹനമായിരിക്കും കിയ കോംപാക്ട് എസ്‌യുവി. 2025ല്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ കോംപാക്ട് എസ്‌യുവിയാണ് അവരുടെ ആദ്യ സ്‌ട്രോങ് ഹൈബ്രിഡ് മോഡല്‍.

English Summary:

Auto News, Kia Evaluating Hybrids for India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com