ADVERTISEMENT

യാത്രാവിമാനത്തിന്റെ വാതില്‍ പുറത്തേക്കു തെറിച്ചു പോയ സംഭവത്തില്‍ അന്വേഷണത്തിനിടെ കണ്ടെത്തിയത് വിചിത്രമായ കാരണം. വിമാനത്തിന്റെ വാതിലിലെ ഒരു ബോള്‍ട്ട് അയഞ്ഞതാണ് അപകടകാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കഴിഞ്ഞ ശനിയാഴ്ചയാണ് 121 പേരുമായി പറന്നുയര്‍ന്ന അലാസ്‌ക എയര്‍ലൈന്‍സിന്റെ ബോയിങ് 737 മാക്‌സ് 9 വിമാനത്തിന്റെ വാതില്‍ ആകാശത്തുവെച്ച് പുറത്തേക്കു തെറിച്ചത്. വിമാന യാത്രികരില്‍ ഈ അപകടം വലിയ രീതിയില്‍ ആശങ്ക പരത്തിയിരുന്നു.

അപകടത്തില്‍ പെട്ട മാക്‌സ് 9 വിമാനത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് വില്ലനായത് വിമാനത്തിന്റെ വാതിലിന്റെ ഭാഗമായ ഒരു ബോള്‍ട്ടാണെന്ന് കണ്ടെത്തിയത്. ഈ ബോള്‍ട്ട് അയഞ്ഞതോടെ വാതില്‍ തന്നെ ഊരിപോകുകയായിരുന്നുവെന്നാണ് കണ്ടെത്ത. ഒരു ബോള്‍ട്ട് അയഞ്ഞാല്‍ പൂര്‍ണമായും ഊരിപോകാന്‍ മാത്രം സുരക്ഷയേ വിമാനത്തിന്റെ വാതിലിനുള്ളൂ എന്ന ചോദ്യവും ഉയരുന്നുണ്ട്. പോര്‍ട്ട്‌ലാന്‍ഡിലെ ആളൊഴിഞ്ഞ പ്രദേശത്തു നിന്നു വിമാനത്തിന്റെ വാതില്‍ ലഭിച്ചിട്ടുണ്ട്. അപകടകാരണമായ ബോള്‍ട്ടിന് പ്രത്യേകമായി എന്തെങ്കിലും സുരക്ഷാപ്രശ്‌നങ്ങളുണ്ടോയെന്ന അന്വേഷണവും നടക്കുന്നുണ്ട്. ഈ ബോള്‍ട്ടിന് പ്രശ്‌നങ്ങളില്ലെന്ന് പരിശോധിച്ചു ബോധ്യപ്പെട്ടാല്‍ മാത്രമേ മാക്‌സ് 9 വിമാനങ്ങള്‍ക്ക് യാത്രാ അനുമതി നല്‍കൂ എന്ന് ബോയിങ് അറിയിച്ചിട്ടുണ്ട്.

അലാസ്ക വിമാനത്തിന്റെ ജനൽ തകർന്നപ്പോൾ (X/rawsalerts)
അലാസ്ക വിമാനത്തിന്റെ ജനൽ തകർന്നപ്പോൾ (X/rawsalerts)

പറന്നുയര്‍ന്നപ്പോൾ തകരാർ കാണിച്ചില്ല

അപകടത്തില്‍ പെട്ട വിമാനം അമേരിക്കയിലെ പോര്‍ട്ട്‌ലാന്റിലെ വിമാനത്താവളത്തില്‍ നിന്നാണ് പറന്നുയര്‍ന്നത്. റണ്‍വേയില്‍ വച്ചോ പറന്നുയര്‍ന്നപ്പോഴോ യാതൊരു വിധ തകരാറുകളും കാണിച്ചിരുന്നില്ല. ഏകദേശം 16,000 അടി ഉയരത്തില്‍ വച്ച് പെട്ടെന്ന് വിമാനത്തിന്റെ വാതിലും അനുബന്ധ ഉപകരണങ്ങളും പുറത്തേക്കു തെറിക്കുകയായിരുന്നു. ഇതോടെ യാത്രികര്‍ പരിഭ്രാന്തരായി.

ഉടന്‍ തന്നെ ഓക്‌സിജന്‍ മാസ്‌ക് അടക്കമുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ യാത്രികര്‍ക്ക് ലഭ്യമാക്കി. എങ്ങനെ പ്രതിസന്ധി മറികടക്കണമെന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ വിമാനത്തിന്റെ ജീവനക്കാര്‍ യാത്രികര്‍ക്ക് നല്‍കി. വിമാനത്തിന്റെ വാതിലിനോടു ചേര്‍ന്നുള്ള രണ്ടു സീറ്റുകളിലെ ഹെഡ് റെസ്റ്റുകളും മറ്റും പറന്നുപോയി. ഈ രണ്ടു സീറ്റുകളിലും യാത്രികരില്ലായിരുന്നുവെന്നത് അപകടസാധ്യത കുറയ്ക്കാന്‍ സഹായിച്ചു. ഗുരുതരമായ പരുക്കുകളില്ലാതെ എല്ലാ യാത്രികരുമായി വിമാനം അടിയന്തര ലാന്‍ഡിങ് നടത്തുകയും ചെയ്തു.

ചർച്ചയായി സുരക്ഷ

വലിയ അപകടം സംഭവിക്കുമായിരുന്ന ഒരു സംഭവം കാര്യമായ അപകടങ്ങളില്ലാതെ അവസാനിച്ചെങ്കിലും ആകാശത്തുവച്ച് വിമാനത്തിന്റെ വാതില്‍ തെറിച്ചു പോയത് വലിയ സുരക്ഷാ പ്രശ്‌നമാണ് ഉയര്‍ത്തുന്നത്. വ്യോമയാന മേഖലയില്‍ പൊതുവേ ഈ സംഭവവും സുരക്ഷാ പ്രതിസന്ധിയും ചര്‍ച്ചയായി. അപകടത്തില്‍ പെട്ട ബോയിങ് 737 മാക്‌സ് 9 വിമാനത്തിന്റെ മാത്രം പ്രശ്‌നമാണ് അപകടത്തിലേക്കു നയിച്ചതെന്നാണ് കരുതപ്പെടുന്നത്. ലോകത്തിലെ പല എയര്‍ലൈനുകളും ഈ യാത്രവിമാനം ഉപയോഗിക്കുന്നുണ്ട്.

അപകടം നടന്നതിനു പിന്നാലെ ബോയിങ് രാജ്യാന്തര തലത്തില്‍ മാക്‌സ് 9 യാത്രാവിമാനങ്ങളുടെ പറക്കാനുള്ള അനുമതി റദ്ദാക്കി. ഏതാണ്ട് ഒരു ദിവസത്തോളം പൂര്‍ണമായും ബോയിങ് 737 വിമാനങ്ങളുടേയും യാത്ര മുടങ്ങി. പരിശോധനകള്‍ക്കുശേഷം സുരക്ഷാപ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ബോയിങ് 737 വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി നല്‍കിയത്. പരിശോധനകളില്‍ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നില്ല. 

ഇത്തരം സാഹചര്യം ഭാവിയില്‍ ഒഴിവാവാന്‍ വേണ്ട മുന്‍കരുതലുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യോമയാന മേഖലയില്‍ നടക്കുന്നുണ്ട്. ഒരു ബോള്‍ട്ട് അയഞ്ഞതു മാത്രമാണോ ഇത്രയും വലിയ അപകടത്തിലേക്കു നയിച്ചതെന്ന് അന്വേഷണം പൂര്‍ത്തിയായതിനു ശേഷം മാത്രമേ ഉറപ്പിക്കാനാകൂ.

English Summary:

Auto News, Alaska Airlines Plane Incident: Boeing Investigates Faulty Bolt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com