ADVERTISEMENT

കാറിന്റെ സണ്‍റൂഫിലൂടെ തല പുറത്തേക്കിട്ട് കാറ്റും കൊണ്ടുപോവുന്നത് പലപ്പോഴും കണ്ടിട്ടുണ്ടാവും. പിടിക്കപ്പെട്ടാല്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അതുക്കുംമേലെയുള്ള കൈവിട്ട കളിയാണ് ഗോവയില്‍ ഒരാള്‍ നടത്തിയത്. ഓടിക്കൊണ്ടിരിക്കെ മാരുതി സുസുക്കി ബ്രെസയുടെ മുകളില്‍ തന്നെ കയറിയിരുന്നു. വിഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതോടെ പൊലീസ് നടപടിയും അറസ്റ്റും പിന്നാലെയെത്തി. 

പ്രുഡെന്റ് മീഡിയയാണ് അവരുടെ ഫേസ്ബുക്ക് പേജിലൂടെ ഈ അതിസാഹസികതയുടെ വിഡിയോ പുറത്തുവിട്ടത്. വിഡിയോയില്‍ തെലങ്കാന രജിസ്‌ട്രേഷനുള്ള ഒരു മാരുതി സുസുക്കി ബ്രസയും അതിനുമുകളില്‍ ഒരാള്‍ ഇരിക്കുന്നതും കാണാം. എസ് യു വി ഒരു പാലത്തിനു മുകളിലൂടെയാണ് പോവുന്നത്. പാലത്തിനു മുകളിലും താഴെയുമുള്ള കാഴ്ചകൾ കാറിനു മുകളിലിരുന്ന് അയാള്‍ വിശാലമായി കാണുന്നുണ്ട്. ബ്രെസയുടെ ഹസാഡ് ലാംപ് ഓണാക്കി സാവധാനത്തിലാണ് ഡ്രൈവിങ്. ഈ വാഹനത്തിനു പിന്നില്‍ പോയ ആരോ ആണ് ഈ വിഡിയോ ചിത്രീകരിച്ചത്. 

വിഡിയോ ഇന്റര്‍നെറ്റിലെത്തിയതോടെ നിരവധി പേര്‍ ഈ മണ്ടത്തരത്തിനെതിരെ രംഗത്തെത്തി. പലരും പ്രാദേശിക പൊലീസുകാര്‍ക്ക് ഈ വിഡിയോ ടാഗ് ചെയ്യുകയും അയച്ചുകൊടുക്കുകയും ചെയ്തു. കാറിനു മുകളിലിരുന്നുള്ള യാത്ര ശ്രദ്ധയില്‍ പെട്ടതോടെ നടപടിയെടുക്കാന്‍ തന്നെ പൊലീസും തീരുമാനിക്കുകയായിരുന്നു. വിഡിയോയില്‍ വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യക്തമായിരുന്നതിനാല്‍ വാഹന ഉടമയേയും കാറിന് മുകളിലിരുന്നയാളേയും കണ്ടെത്താന്‍ പൊലീസിന് വലിയ ബുദ്ധിമുട്ടുണ്ടായില്ല. 

തെലങ്കാനയിലെ സിദ്ധിപേട്ട് സ്വദേശി രാജയ്യയുടെ മകന്‍ സനാദോബോയ്‌ന മഹേഷാണ് കാറിനു മുകളിലിരുന്നു യാത്ര ചെയ്തതെന്ന് മാപുസ പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ക്കെതിരെ അറസ്റ്റു ചെയ്തു കേസെടുക്കുകയും വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അപകടകരമായ രീതിയില്‍ വാഹനം ഓടിക്കല്‍, മനുഷ്യജീവന് ഭീഷണിയായ രീതിയിലുള്ള വാഹനം ഓടിക്കല്‍, പെര്‍മിറ്റ് നിയമങ്ങള്‍ ലംഘിക്കല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

നേരത്തെയും ഗോവയില്‍ സമാനമായ രീതിയിലുള്ള അപകടകരമായ ഡ്രൈവിങും പ്രകടനങ്ങളും നടന്നിട്ടുണ്ട്. മാരുതി വാഗണ്‍ ആറിനു മുകളില്‍ ഇരുന്നു യാത്ര ചെയ്തത് വിദേശ സഞ്ചാരിയായിരുന്നു. ഇതേ വാഗണ്‍ ആറിന്റെ പിന്നിലെ ജനലില്‍ ഇരുന്ന് ഒരു പെണ്‍കുട്ടിയും യാത്ര ചെയ്തു. പൊതു വഴികളില്‍ ഇത്തരം പ്രകടനങ്ങള്‍ നടത്തുന്നത് നിയമവിരുദ്ധമാണെന്നു മാത്രമല്ല ആ സാഹസികരുടേയും റോഡിലെ മറ്റു യാത്രികരുടേയും ജീവന് ആപത്തുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com