പുതിയ ക്രേറ്റയിൽ എന്തൊക്കെ മാറ്റങ്ങൾ, ഗ്ലോബൽ മോഡൽ തന്നെയാണോ ഇന്ത്യയിൽ?

Mail This Article
ഇന്ത്യന്‍ കാര്‍ വിപണിയിലെ ഏറ്റവും കൂടുതല്‍ മത്സരമുള്ള സെഗ്മെന്റ് ഏതെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ അത് എസ്യുവികളുടേതാണ്. ഹ്യുണ്ടേയ് ആദ്യം ക്രേറ്റയെ അവതരിപ്പിക്കുമ്പോള്‍ ഇതൊന്നുമായിരുന്നില്ല അവസ്ഥ. രാജാവായി എത്തിയ ക്രേറ്റക്ക് വൈകാതെ നിരവധി എതിരാളികളുമെത്തി. ഒട്ടു മിക്ക കാര്‍ നിര്‍മാതാക്കളും ഈ വിഭാഗത്തില്‍ ഒരു കൈ പരീക്ഷിച്ചതോടെ ഇന്ത്യയിലെ എസ്യുവി വിഭാഗം സമ്പന്നമായി.

കടുത്ത മത്സരം നടക്കുന്നതിന്റെ തുടര്‍ച്ചയായാണ് ജനുവരി 16ന് മൂന്നാംതലമുറ ക്രേറ്റയെ ഹ്യുണ്ടേയ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഇതിനകം തന്നെ രാജ്യാന്തര വിപണിയില്‍ ക്രേറ്റ മുഖം മിനുക്കിയെത്തിയിട്ടുണ്ട്. ഈ ക്രേറ്റ മലേഷ്യ, ഇന്തൊനീഷ്യ തുടങ്ങിയ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ തിളങ്ങുന്നുണ്ട്. രാജ്യാന്തര വിപണിയിലിറങ്ങിയ ക്രേറ്റയും ഇന്ത്യയിലെത്തുന്ന മൂന്നാം തലമുറ ക്രേറ്റയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളെന്താണ്?

ഇന്ത്യയിലെത്തുന്ന 2024 മോഡല്‍ ക്രേറ്റയുടെ പ്രധാന മാറ്റം മുന്നില്‍ തന്നെയുണ്ട്. കൂടുതല്‍ വലിപ്പത്തിലുള്ള ബോക്സി ഡിസൈന്‍ ഗ്രില്ലാണ് ഇന്ത്യന്‍ ക്രേറ്റയില്‍. അതേസമയം രാജ്യാന്തര വിപണിയിലെത്തിയ മോഡലിന്റെ ഗ്രില്‍ കൂടുതല്‍ മെലിഞ്ഞ പാരമെട്രിക് ഡിസൈനിലുള്ളതാണ്. ട്യുക്സണില് നിന്നും പ്രചോദനം ഉള്‍ക്കൊണ്ട മുന്‍ ഭാഗമാണ് ഈ മോഡല്‍ ക്രേറ്റയുടെ മറ്റൊരു സവിശേഷത.
ഗ്രില്ലുമായി ചേര്‍ന്നു പോവുന്ന എല്‍ഇഡി ഡിആര്‍എല്ലുകളാണ് രാജ്യാന്തര മോഡലിലുള്ളത്. ഇന്ത്യയിലെത്തുന്ന മോഡലില്‍ മുന്നിലേയും പിന്നിലേയും എല്‍ഇഡി ബാറുകള്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. രണ്ടു മോഡലുകളിലും കുത്തനെയുള്ള എല്‍ഇഡി ഹെഡ്ലാംപുകളാണ് നല്‍കിയിട്ടുള്ളത്. എങ്കിലും ഡിസൈനില്‍ മാറ്റങ്ങളുണ്ട്.

മുന്നിലേതു പോലെ പിന്നിലും ഇന്ത്യയിലെത്തുന്ന 2024 മോഡല്‍ ക്രേറ്റയില്‍ മാറ്റങ്ങളുണ്ട്. എല്‍ഇഡി ടെയില്‍ ലാംപിലും പുതിയ ഡിആര്എല്ലിലും ഇത് കാണാം. മെലിഞ്ഞ രൂപമാണ് ബംപറിന് നല്‍കിയിട്ടുള്ളത്. എന്നാല്‍ ക്രേറ്റയുടെ മറ്റു വിപണികളിലെ മോഡലുകളില്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ കാണാനാവില്ല.

ഇന്ത്യന്‍ ക്രേറ്റയില്‍ ഉള്ളിലാണ് വലിയ മാറ്റം. ഏഴ് ഇഞ്ച് ടിഎഫ്ടി മാറ്റി 10.25 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സ്ക്രീന്‍ എത്തും. രാജ്യാന്തര വിപണിയിലെത്തിയ ക്രേറ്റയിലും ഇന്ത്യയിലെത്തുന്ന ക്രേറ്റയിലും 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് നല്‍കിയിട്ടുള്ളത്. ഇന്ത്യന്‍ ക്രേറ്റയിലെ സെന്‍ട്രല്‍ HVAC കണ്ട്രോളില് ബട്ടണുകളാണ് നല്‍കിയിട്ടുള്ളത്. മീഡിയക്കും നാവിഗേഷനുമായി ഷോര്‍ട്ട്കട്ട് ബട്ടണുകളും ഇക്കൂട്ടത്തിലുണ്ട്. എസി വെന്റ് ഡിസൈനിലും മാറ്റമുമുണ്ട്.

പവര്‍ട്രെയിന്റെ കാര്യത്തില്‍ ഇന്ത്യന്‍-ഗ്ലോബല്‍ ക്രേറ്റകള്‍ ഇരട്ടകളാണ്. 1.5 ലീറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് പുതിയ ക്രേറ്റ മോഡലുകളിലുള്ളത്. അതേസമയം ഇന്ത്യയിലെത്തുന്ന 2024 മോഡല്‍ ക്രേറ്റക്ക് അധികമായി ഒരു പവര്‍ട്രെയിന്‍ കൂടി ലഭിക്കും. പുതു തലമുറ വെര്‍നയിലെ 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് ഓപ്ഷനാണ് 2024 ക്രേറ്റയില്‍ ലഭ്യമാക്കുക.