ADVERTISEMENT

ടാറ്റ പഞ്ചിന്റെ പെട്രോള്‍ മോഡലിന്റെ ഫേസ്‌ലിഫ്റ്റിനായി അടുത്തവര്‍ഷം പകുതി വരെ കാത്തിരിക്കേണ്ടി വരും. പഞ്ച് ഇവി പുറത്തിറക്കുന്നതിനിടെ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് യൂണിറ്റ് എംഡി ശൈലേഷ് ചന്ദ്രയാണ് പതുമോടിയിലെത്തുന്ന പഞ്ചിന്റെ വിവരം സ്ഥിരീകരിച്ചത്. '2021 ഒക്ടോബറിലാണ് ടാറ്റ പഞ്ച് പെട്രോള്‍ മോഡല്‍ ഇറങ്ങുന്നത്. സാധാരണ മൂന്നു വര്‍ഷമാണ് ഫേസ്‌ലിഫ്റ്റ് മോഡലിനു മുന്നോടിയായുള്ള ഇടവേള. 2025 പകുതിയിലോ അതിനു ശേഷമോ മുഖം മിനുക്കി ടാറ്റ പഞ്ച് ഐസിഇ മോഡല്‍ എത്തുമെന്ന് പ്രതീക്ഷിക്കാം' എന്നായിരുന്നു ശൈലേഷ് ചന്ദ്രയുടെ പ്രതികരണം. 

അടുത്തകാലത്ത് നെക്‌സോണിന്റേയും ഹാരിയറിന്റേയും ഫേസ്‌ലിഫ്റ്റ് മോഡലുകളുടെ രീതി പിന്തുടര്‍ന്നാല്‍ പഞ്ചിന്റെ ഫേസ്‌ലിഫ്റ്റ് മോഡലില്‍ സ്‌റ്റൈലിങിലും ഡിസൈനിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. മുന്നിലേയും പിന്നിലേയും ബംപര്‍, ഗ്രില്‍, ഹെഡ്‌ലാംപുകള്‍, ബോണറ്റ് എന്നിവയിലുണ്ടാവുന്ന മാറ്റങ്ങള്‍ തന്നെ വാഹനത്തിന് പുതുമ നല്‍കും. നെക്‌സോണിലേതു പോലെ പഞ്ചിന്റെ ഐസിഇ മോഡലിലും ഇവി മോഡലിലും ഡിസൈനിലും ഫീച്ചറുകളിലും വ്യത്യസ്തത കൊണ്ടുവരാനും ടാറ്റ ശ്രമിക്കും. 

നെക്‌സോണ്‍ ഇവിയില്‍ വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണുള്ളത്. ഐസിഇ നെക്‌സോണില്‍ ഇത് 10.25 ഇഞ്ചിന്റെയാണ്. ടാറ്റയുടെ പുതിയ ആര്‍കേഡ്.ഇവി ആപ്പും നെക്‌സോണ്‍ ഇവിയില്‍ ലഭിക്കും. ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍കിങ് ബ്രേക്കാണ് നെക്‌സോണ്‍ ഇവിയിലെങ്കില്‍ നെക്‌സോണ്‍ ഐസിഇയില്‍ മാനുവല്‍ ഹാന്‍ഡ് ബ്രേക്കാണ്. ഇവിയില്‍ എല്ലാ ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകളാണെങ്കില്‍ നെക്‌സോണ്‍ ഐസിഇയില്‍ മുന്നില്‍ മാത്രമാണ് ഡിസ്‌ക് ബ്രേക്കുകള്‍. രണ്ടു മോഡലുകളുടേയും പവര്‍ട്രെയിനുകള്‍ക്കു നല്‍കുന്ന വാറണ്ടിയില്‍ പോലും വ്യത്യാസമുണ്ട്. ഐസിഇ നെക്‌സോണിന് മൂന്നു വര്‍ഷം/1,00,000 കിലോമീറ്ററാണ് വാറണ്ടി കാലാവധിയെങ്കില്‍ ഇവിക്ക് ഇത് മൂന്നു വര്‍ഷം/1,25,000 കിലോമീറ്ററാണ് വാറണ്ടി. 

പഞ്ചിന്റെ ഫേസ്‌ലിഫ്റ്റ് മോഡലില്‍ ഫീച്ചറുകളിലും രൂപത്തിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെങ്കിലും പവര്‍ട്രെയിനില്‍ കാര്യമായ മാറ്റമുണ്ടാവില്ല. 86 എച്ച്പി, 113 എന്‍എം, 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പഞ്ചിന് ടാറ്റ നല്‍കിയിട്ടുള്ളത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സും എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നു. മുഖം മിനുക്കിയെത്തുമ്പോഴും പഞ്ചിന്റെ എന്‍ജിനിലും കരുത്തിലും മാറ്റങ്ങളുണ്ടാവില്ല. പഞ്ചിന്റെ സിഎന്‍ജി മോഡലും പെട്രോള്‍ വകഭേദത്തിനൊപ്പം പുറത്തിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. ആറു ലക്ഷം മുതല്‍ 10.10 ലക്ഷം രൂപ വരെയാണ് പഞ്ചിന്റെ വില. സിട്രോണ്‍ സി 3, ഹ്യുണ്ടേയ് എക്സ്റ്റര്‍, റെനോ കൈഗര്‍, നിസാന്‍ മാഗ്നെറ്റ് എന്നിവരാണ് പഞ്ചിന്റെ പ്രധാന എതിരാളികള്‍.

English Summary:

Auto News,. Tata Punch Facelift Launch Confirmed for 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com