ഏറ്റവും നീളം കൂടിയ വിമാനം; 10 ബോയിങ് 777 എക്സ് സ്വന്തമാക്കാൻ എയർ ഇന്ത്യ
Mail This Article
ആകാശയാത്രകളുടെ തലവര മാറ്റാന്‍ ശേഷിയുള്ള പടുകൂറ്റന്‍ വിമാനമാണ് ബോയിങിന്റെ 777എക്‌സ്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന വിങ്സ് 2024 ൽ പ്രദർശിപ്പിച്ച വിമാനം ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. കുറഞ്ഞ ചിലവില്‍ കൂടുതല്‍ യാത്രികരെ പരമാവധി ദൂരത്തേക്ക് എത്തിക്കാനാവുമെന്നതാണ് ഈ വിമാനത്തിന്റെ വലിയ സവിശേഷത. ഇതുവരെ നിര്‍മിക്കപ്പെട്ടിട്ടുള്ള കൊമേഴ്‌സ്യല്‍ വിമാനങ്ങളില്‍ വെച്ച് ഏറ്റവും കരുത്തേറിയ എന്‍ജിനും ഇരട്ട എന്‍ജിന്‍ വിമാനങ്ങളില്‍ കൂടുതല്‍ പേരെ വഹിക്കാനുള്ള ശേഷിയും 777എക്‌സിന് സ്വന്തം. കോവിഡും മറ്റു പ്രതിസന്ധികളും മൂലം 777എക്‌സിന്റെ നിര്‍മാണവും വിതരണവും അഞ്ചു വര്‍ഷത്തോളം വൈകിയിട്ടുണ്ട്. എങ്കിലും ഇപ്പോള്‍ ബോയിങ് പ്രഖ്യാപിച്ചതു പോലെ 2025ല്‍ 777എക്‌സ് വിമാനങ്ങള്‍ എയര്‍ലൈനുകളുടെ കൈവശമെത്തിയാല്‍ അത് വലിയ മാറ്റങ്ങള്‍ക്കാവും വ്യോമയാന മേഖലയില്‍ വഴിയൊരുക്കുക.
ആകാശം കിഴടക്കിയ ബി777 ന്റെ പിൻഗാമി
വലിയ വിമാനങ്ങളില്‍ ഏറ്റവും വില്‍പനയുള്ള മോഡലാണ് ബോയിങ് 777. 1995 മുതല്‍ ആകാശം കീഴടക്കി തുടങ്ങിയ 777ന്റെ പിന്‍ഗാമിയായാണ് 777എക്‌സിനെ 2013ല്‍ ബോയിങ് അവതരിപ്പിക്കുന്നത്. ബോയിങ് 777എക്‌സില്‍ 777-9, 777-8 എന്നിങ്ങനെ രണ്ടു മോഡലുകളും കമ്പനി അവതരിപ്പിച്ചിരുന്നു. ഇതില്‍ 777-8ല്‍ 384 യാത്രികരെ കൊണ്ടുപോകാനാവും. നിര്‍ത്താതെ 8,745 നോട്ടിക്കല്‍ മൈല്‍(16,196 കിലോമീറ്റര്‍ വരെ) പറക്കാനും ഈ ബോയിങ് വിമാനത്തിനാവും. 71 മീറ്ററാണ് നീളം. കൂടുതല്‍ വലിയ മോഡലാണ് 777-9. ഇതില്‍ 426 യാത്രികരെയാണ് കൊണ്ടുപോകാനാവുക. 76 മീറ്റര്‍ നീളമുള്ള ഈ വിമാനത്തിന് 7,285 നോട്ടിക്കല്‍ മൈല്‍(13,492 കിലോമീറ്റര്‍) വരെയാണ് റേഞ്ച്.
ഏറ്റവും കരുത്തുള്ള വിമാന എൻജിൻ
ജനറല്‍ ഇലക്ട്രിക് ജിഇ9എക്‌സ് എന്‍ജിനാണ് 777എക്‌സില്‍ ഉപയോഗിക്കുന്നത്. കാര്യക്ഷമതയും കരുത്തും ഒരുപോലെ കൂടുതലാണെന്നതാണ് ഈ എന്‍ജിന്റെ സവിശേഷത. യാത്രാവിമാനങ്ങളില്‍ ഇതുവരെ നിര്‍മിച്ചതില്‍ വെച്ച് ഏറ്റവും കരുത്തുള്ള എന്‍ജിനാണിത്. ബോയിങ് 777ല്‍ ഉപയോഗിക്കുന്ന ജിഇ90 എന്‍ജിനേക്കാള്‍ വലിപ്പം കൂടുതലെങ്കിലും ഭാരം കുറവാണെന്നതും ഈ എന്‍ജിന്റെ സവിശേഷതയാണ്. കാര്‍ബര്‍ ഫൈബര്‍ ഉപയോഗിച്ചുള്ള നിര്‍മാണവും ഫാന്‍ ബ്ലേഡുകളുടെ എണ്ണം കുറച്ചതുമാണ് ജിഇ9എക്‌സിന്റെ ഭാരം കുറച്ചത്. 777-300ഇആര്‍ എന്‍ജിനെ അപേക്ഷിച്ച് 777എക്‌സ് എന്‍ജിന് 20 ശതമാനം കാര്യക്ഷമത കൂടുതലുണ്ട്. എയര്‍ബസ് എ350-1000 നെ അപേക്ഷിച്ച് പത്തു ശതമാനം ഓപറേഷന്‍ കോസ്റ്റിലും ഇന്ധന ചിലവിലും ഈ എന്‍ജിന്‍ കാര്യക്ഷമമാണ്.
മടക്കാനാവുന്ന ചിറകുകൾ
ചിറകിന്റെ അറ്റം മടക്കാനാവുമെന്നതാണ് ബോയിങ് 777എക്‌സിന്റെ മറ്റൊരു സവിശേഷത. ഇതുവഴി നിലത്തിറങ്ങുമ്പോള്‍ 777എക്‌സിന്റെ ചലനം എളുപ്പമാവുന്നു. 71.8 മീറ്റര്‍ വലിപ്പമുള്ള 777എക്‌സിന്റെ ചിറകുകള്‍ മടക്കുന്നതോടെ ചിറകിന്റെ നീളം 64.8 മീറ്ററായി കുറയുന്നു. ഇത് വിമാനത്താവളങ്ങളില്‍ കൂടുതല്‍ എളുപ്പത്തില്‍ 777എക്‌സിന്റെ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നുണ്ട്. ബോയിങ് 777ലും ഈ സാങ്കേതികവിദ്യ നേരത്തെ പ്ലാന്‍ ചെയ്തിരുന്നതാണ്. ബോയിങ് 777എക്‌സ് വിമാനം നിലത്തിറങ്ങിയ ശേഷം വേഗത 50 നോട്സിനേക്കാളും കുറയുന്നതോടെ ചിറകുകള്‍ താനേ മടങ്ങും. കൂടുതല്‍ വിമാനത്താവളങ്ങളില്‍ ബോയിങ് 777 ഇറങ്ങാന്‍ സഹായിക്കുന്നതാണ് ഈ സാങ്കേതികവിദ്യ.
ബോയിങിന്റെ എവറെറ്റ് ഫാക്ടറിയിലാണ് 777എക്‌സ് വിമാനങ്ങള്‍ നിര്‍മിക്കുന്നത്. ഈ ഫാക്ടറിയോടു ചെര്‍ന്നുള്ള പുതിയ നിര്‍മാണ കേന്ദ്രത്തില്‍ ചിറകുകള്‍ നിര്‍മിക്കും. 2023 നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 453 വിമാനങ്ങള്‍ക്കുള്ള കരാര്‍ ബോയിങിന് ലഭിച്ചിട്ടുണ്ട്. 2020 ജനുവരി 25ന് ആദ്യ പരീക്ഷണ പറക്കല്‍ നടത്തിയ 777-9 വിമാനം ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. 2025 തുടക്കത്തില്‍ ഈ വിമാനങ്ങളുടെ വിതരണം ആരംഭിക്കുമെന്നാണ് ബോയിങ് അറിയിച്ചിട്ടുള്ളത്.
ഇതുവരെ 351 ഓർഡറുകൾ
2023 ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരം ഒമ്പത് എയര്‍ലൈനുകള്‍ ബോയിങ് 777എക്‌സ് വിമാനങ്ങള്‍ വാങ്ങാന്‍ കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. ഇതുവരെ ചരക്കു വിമാനങ്ങള്‍ അടക്കം 363 വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറാണ് ബോയിങ് സ്വന്തമാക്കിയത്. ഇതില്‍ 115 വിമാനങ്ങള്‍ എമിറേറ്റ്‌സാണ് വാങ്ങിയത്. നിലവിലെ വിമാനങ്ങള്‍ക്കു പകരമായാണ് എമിറേറ്റ്‌സ് ബോയിങ് 777എക്‌സ് വിമാനങ്ങള്‍ വാങ്ങുന്നത്. എന്നാല്‍ ബോയിങ് 777എക്‌സ് വിമാനങ്ങള്‍ വൈകിയതോടെ എമിറേറ്റ്‌സിന്റെ അടക്കം പദ്ധതികള്‍ വൈകുന്നുണ്ട്. 2024ല്‍ തന്നെ ആദ്യ 777എക്‌സ് വിമാനം എമിറേറ്റ്‌സിന് കൈമാറാനുള്ള ശ്രമങ്ങളും ബോയിങ് നടത്തുന്നുണ്ട്. എമിറേറ്റ്‌സിനു പുറമേ ഖത്തര്‍ എര്‍വേസ്, എത്തിഹാദ് എയര്‍വേസ്, ലുഫ്ത്താന്‍സ, ബ്രിട്ടീഷ് എയര്‍വേസ് എന്നിവരാണ് 777എക്‌സ് വിമാനങ്ങള്‍ക്കായി ബോയിങുമായി കരാറിലെത്തിയിരിക്കുന്നത്. എയർ ഇന്ത്യ 10 777 എക്സ് വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്.